ലൈഫ് മിഷൻ കോഴക്കേസിൽ സന്തോഷ് ഈപ്പന് ജാമ്യം
ജാമ്യാപേക്ഷയെ ഇ.ഡി എതിർത്തില്ല. ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് പത്ത് തവണ ഇ.ഡിക്ക് മുന്നിൽ സന്തോഷ് ഈപ്പൻ ഹാജരായിരുന്നു
കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ സന്തോഷ് ഈപ്പന് ജാമ്യം അനുവദിച്ചു. കലൂരിലെ പ്രത്യേക കോടതിയുടെതാണ് നടപടി. ഈപ്പന്റെ ജാമ്യാപേക്ഷയെ ഇ.ഡി എതിർത്തില്ല. ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് പത്ത് തവണ ഇ.ഡിക്ക് മുന്നിൽ സന്തോഷ് ഈപ്പൻ ഹാജരായിരുന്നു. ഏഴുദിവസം ഇ.ഡിയുടെ കസ്റ്റഡിയിലും ഉണ്ടായിരുന്നു. ഇക്കാലമത്രയും അന്വേഷണവുമായി സഹകരിച്ചു. അന്വേഷണവുമായി ഇനിയും സഹകരിക്കുമെന്നും പ്രതിഭാഗം പറഞ്ഞു. പ്രതിഭാഗത്തിന്റെ ഈ വാദങ്ങൾ അംഗീകരിച്ചു കൊണ്ടാണ് കോടതി ജാമ്യം അനുവദിച്ചത്.
ലൈഫ് മിഷൻ പദ്ധതിയിൽ യു.എ.ഇ കോൺസുൽ ജനറൽ അടക്കമുള്ളവർക്ക് കോഴ നൽകിയെന്നാണ് ഇ.ഡി ആരോപണം. കേസിൽ ഒന്നാം പ്രതിയാണ് സന്തോഷ് ഈപ്പൻ. തൃശ്ശൂർ വടക്കാഞ്ചേരിയിലെ ഭവനപദ്ധതിക്ക് ലൈഫ് മിഷൻ കരാർ ലഭിക്കാൻ നാലര കോടി കമ്മീഷൻ നൽകിയെന്ന് സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയിരുന്നു. ലൈഫ് മിഷൻ കോഴക്കേസിലെ രണ്ടാമത്തെ അറസ്റ്റാണ് സന്തോഷ് ഈപ്പൻറേത്. ആദ്യം അറസ്റ്റിലായത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ആണ്
Adjust Story Font
16