'കേസുമായി ബന്ധപ്പെട്ട നടപടികൾ വൈകിപ്പിക്കുന്നു'; വനം വകുപ്പ് കള്ളക്കേസിൽ കുടുക്കിയ സരുൺ സജി പരാതിയുമായി രംഗത്ത്
കഴിഞ്ഞ സെപ്റ്റംബർ 20നാണ് ഓട്ടോറിക്ഷയിൽ കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് സരുൺ സജിയെ പ്രതിയാക്കി വനപാലകർ കേസെടുത്തത്.
ഇടുക്കി: കിഴുകാനത്ത് വനം വകുപ്പ് കള്ളക്കേസിൽ കുടുക്കിയ സരുൺ സജി പരാതിയുമായി രംഗത്ത്. പൊലീസും വനം വകുപ്പും കേസുമായി ബന്ധപ്പെട്ട നടപടികൾ വൈകിപ്പിക്കുന്നുവെന്നാണ് സരുണിന്റെ പരാതി. പ്രതിസ്ഥാനത്തുള്ള രണ്ടുപേരെ പൊലീസിന് ഇതുവരെ പിടികൂടാനായില്ല. കേസിന്റെ നിജസ്ഥിതിയറിയാവുന്ന ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തതിന് പിന്നിൽ വനം വകുപ്പിന്റെ പ്രതികാര നടപടിയാണെന്നും സരുൺ മീഡിയ വണിനോട് പറഞ്ഞു.
സരുണിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് 13 പ്രതികളിൽ രണ്ട് പേരൊഴികെ മറ്റെല്ലാവരെയും അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കെതിരെ വകുപ്പുതല നടപടികളുമുണ്ടായി. എന്നാൽ ഇടുക്കി വൈൽഡ് ലൈഫ് വാർഡനായിരുന്ന ബി.രാഹുൽ, സീനിയർ ഗ്രേഡ് ഡ്രൈവർ ജിമ്മി ജോസഫ് എന്നിവർക്കെതിരെയുള്ള നടപടികൾ ബോധപൂർവം വൈകിപ്പിക്കുകയാണെന്നാണ് പ്രധാന ആരോപണം.
ഇടുക്കി അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡനായിരുന്ന പി.കെ.മുജീബ് റഹ്മാനെ കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തിരുന്നു. കിഴുകാനം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അനിൽ കുമാറിന്റെ നേതൃത്വത്തിൽ തയാറാക്കിയ മഹസറിൽ ശരിയായ നടപടികൾ സ്വീകരിക്കാതെ വിട്ടുനിന്നതിനും റിമാൻഡ് നോട്ട് തയ്യാറാക്കിയതിനുമായിരുന്നു വകുപ്പുതല നടപടി. കള്ളക്കേസായതുകൊണ്ടാണ് മുജീബ് റഹ്മാൻ മഹസറിൽ ഒപ്പിടാത്തതെന്നും വൈൽഡ് ലൈഫ് വാർഡന്റെ സമ്മർദത്തെ തുടർന്നാണ് റിമാൻഡ് റിപ്പോർട്ടിൽ ഒപ്പിട്ടതെന്നുമാണ് വിവരം. മുജീബ് റഹ്മാന് എതിരെ പരാതിയില്ലെന്ന് സരുൺ സജിയും പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബർ 20നാണ് ഓട്ടോറിക്ഷയിൽ കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് സരുൺ സജിയെ പ്രതിയാക്കി വനപാലകർ കേസെടുത്തത്. ജനകീയ പ്രതിഷേധമുയർന്നതോടെയാണ് വനം വകുപ്പ് അന്വേഷണം നടത്തി കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയത്.
Adjust Story Font
16