കളമശ്ശേരി സ്‌ഫോടനത്തിന് പിന്നാലെ കണ്ടത് വിദ്വേഷ പ്രചാരണത്തിനുള്ള മത്സരം; മുന്നിലെത്തിയത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ: സത്താർ പന്തല്ലൂർ
ലോക വിവരം കുറഞ്ഞ വംശീയവാദി മുതലാളിയെ കണ്ട് ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവർത്തകർ വിദ്വേഷം പ്രചരിപ്പിക്കാനിറങ്ങരുതെന്നും സത്താർ പന്തല്ലൂർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
കോഴിക്കോട്: അനിഷ്ടകരമായ ഒരു സംഭവം നടന്നാൽ അതിനെ എത്രത്തോളം വർഗീയ-വിദ്വേഷ പ്രചാരണത്തിനായി ഉപയോഗിച്ച് എങ്ങനെയൊക്കെ മത്സരിക്കാമെന്നാണ് മലയാളത്തിലെ ചില മുഖ്യധാരാ മാധ്യമങ്ങൾ തെളിയിച്ചതെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താർ പന്തല്ലൂർ. അതിൽ മുന്നിലെത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ഉടമയും ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മുസ്‌ലിംകളോടും മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്നവരോടും രാജീവ് ചന്ദ്രശേഖറിന് കടുത്ത വെറുപ്പാണന്ന് പലപ്പോഴും തെളിയിച്ചതാണ്. കളമശ്ശേരി സ്ഫോടനം നടത്തിയത് ഫലസ്തീനെ പിന്തുണക്കുന്ന കേരളത്തിലെ മുസ്‌ലിംകളാണെന്ന കാര്യത്തിൽ അദ്ദേഹത്തിന് സംശയമില്ല. ആ തീവ്രവാദികളെ കേരള സർക്കാർ സംരക്ഷിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖർ എ.എൻ.ഐക്ക് അഭിമുഖം നൽകി. മുതലാളിയുടെ നിലപാട് പ്രചരിപ്പിക്കാൻ ഏഷ്യാനെറ്റ് ന്യൂസ് മുന്നിട്ടിറങ്ങിയെന്നും സത്താർ പന്തല്ലൂർ കുറ്റപ്പെടുത്തി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
കളമശ്ശേരി സംഭവം ഇന്ന് പകൽ മുഴുവൻ ഒട്ടേറെ പാഠങ്ങൾ നൽകുന്നതായിരുന്നു. അനിഷ്ടകരമായ ഒരു സംഭവം നടന്നാൽ അതിനെ എത്രത്തോളം വർഗീയ- വിദ്വേഷ പ്രചാരണത്തിനായി ഉപയോഗിച്ച്, എങ്ങനെയൊക്കെ മത്സരിക്കാമെന്നാണ് മലയാളത്തിലെ ചില മുഖ്യാധാര മാധ്യമങ്ങൾ തെളിയിച്ചത്. അതിൽ മുന്നിലെത്തിയത് ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഉടമയും ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ ആയിരുന്നു.
മുസ്ലിംകളോടും മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്നവരോടും രാജീവ് ചന്ദ്രശേഖറിന് കടുത്ത വെറുപ്പാണന്ന് പലപ്പോഴും തെളിയിച്ചതാണ്. കളമശ്ശേരി സ്ഫോടനം നടത്തിയത് ഫലസ്തീനെ പിന്തുണക്കുന്ന കേരളത്തിലെ മുസ്ലിംകളാണെന്ന കാര്യത്തില്‍ അദ്ദേഹത്തിന് സംശയമില്ല. ആ തീവ്രവാദികളെ കേരള സർക്കാർ സംരക്ഷിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖർ എ എന്‍ ഐക്ക് അഭിമുഖം നല്‍കി. മുതലാളിയുടെ നിലപാട് പ്രചരിപ്പിക്കാന്‍ ഏഷ്യാനെറ്റ് ന്യൂസും മുന്നിട്ടിറങ്ങി.
സ്ഫോടനം നടത്തിയത് ഏതെങ്കിലുമൊരു മുസ്ലിം ആയിരിക്കുമെന്ന മുന്‍വിധി ഏഷ്യാനെറ്റ് ന്യൂസിന്‍റെ റിപ്പോർട്ടിംഗില്‍ ഉടനീളമുണ്ടായിരുന്നു. ഫലസ്തീന്‍ ഐക്യദാർഢ്യം നടത്തുന്ന മുസ്ലിംകളും കളമശ്ശേരി സ്ഫോടനവും തമ്മില്‍ ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ ഉള്ളതും ഇല്ലാത്തതുമായ ഏജന്‍സികളെ ഉദ്ധരിച്ച് ഒരു പകല്‍ മുഴുവന്‍ ഏഷ്യാനെറ്റ് ന്യൂസ് പണിയെടുത്തു. എല്ലാം ചീറ്റിപ്പോയപ്പോള്‍ പ്രതി മാർട്ടിന് പിറകില്‍ ഏതെങ്കിലും മുസ്ലിംകളുണ്ടോ എന്ന് അന്വേഷിക്കാനാണ് ന്യൂസ് അവറിലെ ശ്രമം. ഹിന്ദുത്വ തീവ്രവാദം പോലെ തന്നെ ഇവാഞ്ചലിക്കല്‍ ക്രിസ്റ്റ്യാനിറ്റിയും അതിന്‍റെ അനേകം കാസക്കുഞ്ഞുങ്ങളും ഈ ലോകത്തുണ്ട്. ലോക വിവരം കുറഞ്ഞ വംശീയവാദി മുതലാളിയെ കണ്ട് ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവർത്തകർ വിദ്വേഷം പ്രചരിപ്പിക്കാനിറങ്ങരുത്. വെറുപ്പ് വിറ്റ് തിന്നാതെ മര്യാദക്ക് പണിയെടുത്ത് ജീവിച്ചു കൂടെ. മാധ്യമപ്രവർത്തനമെന്ന പേരില്‍ മനുഷ്യരില്‍ വിഷം കുത്തിവെച്ച് മനുഷ്യരെ കൊലയാളികളാക്കി മാറ്റുന്ന മുതലാളിക്കും മുതലാളിയുടെ ചാനലിനും നല്ല ബുദ്ധിക്ക് പ്രാർഥിക്കുന്നു.
Adjust Story Font
16