സർക്കാരിന്‍റെ രണ്ടാംഘട്ട ലഹരി വിരുദ്ധ ക്യാമ്പയിന് ഇന്ന് തുടക്കം
ഇന്നു മുതൽ റിപബ്ലിക് ദിനം വരെ നീണ്ടുനിൽക്കുന്നതാണ് രണ്ടാം ഘട്ട ക്യാമ്പയിൻ
സംസ്ഥാന സർക്കാരിന്‍റെ രണ്ടാംഘട്ട ലഹരി വിരുദ്ധ ക്യാമ്പയിന് ഇന്ന് തുടക്കമാകും. മുഖ്യമന്ത്രിയുടെ ശിശുദിന സന്ദേശത്തോടെയാണ് ക്യാമ്പയിന് തുടക്കമാകുക. ഇന്നു മുതൽ റിപബ്ലിക് ദിനം വരെ നീണ്ടുനിൽക്കുന്നതാണ് രണ്ടാം ഘട്ട ക്യാമ്പയിൻ.
ഒന്നാംഘട്ട ക്യാമ്പയിന്‍റെ സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി രണ്ടാംഘട്ട ക്യാമ്പയിനും പ്രഖ്യാപിച്ചിരുന്നു. ജനുവരി 26 വരെ നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളാണ് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. രാവിലെ 11 മണിക്ക് കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി മുഖ്യമന്ത്രിയുടെ സന്ദേശം സ്കൂളുകളിലും കോളജുകളിലും പ്രദർശിപ്പിക്കും.
എക്സൈസ് - വിദ്യാഭ്യാസ വകുപ്പുകൾ ചേർന്ന് സ്കൂൾ കുട്ടികൾക്കായി തയ്യാറാക്കിയ 'തെളിവാനം വരയ്ക്കുന്നവർ' എന്ന പുസ്തകത്തിന്റെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിക്കും. പുസ്തക വിതരണത്തിലൂടെ 65 ലക്ഷം കുടുംബങ്ങളിലേക്ക് ലഹരി വിരുദ്ധ സന്ദേശം എത്തിക്കും. ക്ലാസ് അടിസ്ഥാനത്തിൽ സ്കൂളുകളിലും കോളജുകളിലും ലഹരിവിരുദ്ധ സഭകൾ ചേരും.
ആദ്യഘട്ട ക്യാമ്പയിന്‍ പ്രവർത്തനങ്ങൾ, രണ്ടാം ഘട്ട ക്യാമ്പയിന്‍റെ രൂപരേഖ, വിദ്യാർഥികളുടെ അനുഭവങ്ങൾ തുടങ്ങിയവ ചർച്ച ചെയ്യും. നവംബർ 8ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന ഉന്നതതല സമിതി യോഗമാണ് പരിപാടികൾ രൂപകൽപന ചെയ്തത്.
പ്രചാരണത്തിനൊപ്പം എക്സൈസും പൊലീസും (പവർത്തനം ഊർജിതമാക്കും. ലോകകപ്പ് ഫുട്ബോൾ ആവേശത്തെയും പ്രചാരണത്തിന്റെ ഭാഗമാക്കാനാണ് സർക്കാർ തീരുമാനം. ഇതിന്റെ ഭാഗമായ ഗോൾ ചലഞ്ചിന് ബുധനാഴ്ച തുടക്കമാകും. സംസ്ഥാനത്ത് ആകമാനം രണ്ട് കോടി ഗോൾ അടിക്കാനാണ് ലക്ഷ്യമിടുന്നത്. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ബുധനാഴ്ച വൈകിട്ട് തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഗോളടിച്ച് നിർവഹിക്കും. എല്ലാ വിദ്യാലയങ്ങളിലും പൊതു-സ്വകാര്യ സ്ഥാപനങ്ങളിലും മറ്റു പ്രധാന ഇടങ്ങളിലും ഗോൾ ചലഞ്ച് നടക്കും.
Adjust Story Font
16