പാണക്കാട് ദാറുന്നഈം വീടിന്‍റെ ഉമ്മറത്തെ ആശ്വാസച്ചിരി മാഞ്ഞിട്ട് ഒരാണ്ട്
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക രംഗത്തെ നികത്താനാവാത്ത നഷ്ടങ്ങളിലൊന്നാണ്
മലപ്പുറം: പാണക്കാട് ദാറുന്നഈം വീടിന്‍റെ ഉമ്മറത്തെ ആശ്വാസച്ചിരി മാഞ്ഞിട്ട് ഇന്നേക്ക് ഒരാണ്ട്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക രംഗത്തെ നികത്താനാവാത്ത നഷ്ടങ്ങളിലൊന്നാണ്. അഞ്ച് പതിറ്റാണ്ട് കാലം സാമൂഹ്യ രംഗത്ത് സജീവമായിരുന്ന ആ ജീവിതം ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്ന സൗമ്യതയാണ്.
പുഞ്ചിരിക്കുന്ന മുഖമായിരുന്നു എപ്പോഴും. വിഷമം പേറി പാണക്കാട്ടെ ദാറുന്നഈം വീട്ടിലെത്തിയിരുന്ന മനുഷ്യർക്ക് അത് ആശ്വാസത്തിന്റെ പുഞ്ചിരിയായിരുന്നു. മത സാമുദായിക രാഷ്ട്രീയ കാര്യങ്ങളിൽ കാർക്കശ്യം വേണ്ടപ്പോഴും പാണക്കാട്ടുകാരുടെ ആറ്റപ്പൂവിന്‍റെ മുഖത്തെ പുഞ്ചിരി മറയില്ല. നാല് പതിറ്റാണ്ടിലധികം ആ ചിരി കേരളത്തിന്റെ സാമൂഹിക, രാഷ്ട്രീയ, സാമുദായിക രംഗത്ത് ജ്വലിച്ച് നിന്നു.
മുസ്‍ലിം ലീഗ് രാഷ്ട്രീയത്തിന്‍റെ അമരക്കാരനായി പിൻഗാമിയായെത്തിയ സാദിക്കലി ശിഹാബ് തങ്ങളുൾപ്പെടെയുള്ളവർ ഇന്നും ആ മാതൃക പിന്തുടരുന്നു. രാഷ്ട്രീയമായി വിയോജിപ്പുള്ളവർക്കും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മാനവിക മൂല്യങ്ങളിൽ ഒരിക്കൽ പോലും വിയോജിപ്പുണ്ടായിട്ടില്ല.
കാരുണ്യത്തിലും സ്നേഹത്തിലും വിനയത്തിലുമെല്ലാം സമ്പൂർണമായിരുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ വിട പറഞ്ഞ് ഒരാണ്ട് പൂർത്തിയാവുമ്പോൾ ദാറുനഈം വീടിന്റെ ഉമ്മറത്ത് മാത്രമല്ല കേരളത്തിന്റെ സാമൂഹ്യ പശ്ചാത്തലത്തിലും ആ ചിരിയുടെ വിടവ് നികത്താനാകാതെ അവശേഷിക്കുകയാണ്.
Adjust Story Font
16