പറയാൻ മടിക്കുന്ന അണികളും കേൾക്കാൻ മടിക്കുന്ന നേതാക്കളുമല്ല മുസ്ലിം ലീഗിലുള്ളത്- സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ
പാർട്ടിയുടെ എല്ലാ തീരുമാനങ്ങളും ശരിയോ എല്ലാ തീരുമാനങ്ങളും തെറ്റോ അല്ല. ശരിയും തെറ്റുമുണ്ടാകും ശരി തുടരുകയും തെറ്റ് തിരുത്തുകയുമാണ് മനുഷ്യ ഗുണം
പറയാൻ മടിക്കുന്ന അണികളും കേൾക്കാൻ മടിക്കുന്ന നേതാക്കളുമല്ല മുസ്ലിം ലീഗിലുള്ളതെന്ന് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്‍റും ഉന്നതാധികാര സമിതിയംഗവുമായ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. നിയമസഭ തെരഞ്ഞെടുപ്പിലെ മോശം പ്രകടനം മുസ്ലിം ലീഗ് നേതൃത്വത്തിനെതിരേ അണികളിൽ നിന്ന് പ്രതിഷേധം ഉയരുന്നതിനിടെയാണ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത് വന്നത്.
തെരഞ്ഞെടുപ്പ് ഫലം ഏറെ പഠിക്കാനും അതിലേറെ തിരുത്താനും പലതും പകർത്താനുമുള്ളതാണ്. വിജയിച്ചവർ പൂർണമായും ന്യായമാണെന്നും പരാജയപ്പെട്ടവർ പൂർണമായും അന്യായവുമാണെന്നുമുളള രീതിയിലുളള ചിലരുടെ ഉപദേശങ്ങളിലെ അന്തരങ്ങളെ തിരിച്ചറിയാനുള്ള ഗ്രാഹ്യശേഷി പാർട്ടിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടിയുടെ എല്ലാ തീരുമാനങ്ങളും ശരിയോ എല്ലാ തീരുമാനങ്ങളും തെറ്റോ അല്ല. ശരിയും തെറ്റുമുണ്ടാകും ശരി തുടരുകയും തെറ്റ് തിരുത്തുകയുമാണ് മനുഷ്യ ഗുണമെന്നും അദ്ദേഹം പറഞ്ഞു.
പോസ്റ്റ് യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് പങ്കുവച്ചിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം വായിക്കാം;
പറയാൻ മടിക്കുന്ന അണികളും കേൾക്കാൻ മടിക്കുന്ന നേതാക്കളുമല്ല മുസ്ലിം ലീഗിലുള്ളത് തീരുമാനങ്ങൾ മാത്രമല്ല, പുന:പരിശോധനയും സംഘടനയുടെ ഭാഗമാണ് " തെരഞ്ഞെടുപ്പ് ഫലം ഏറെ പഠിക്കാനും അതിലേറെ തിരുത്താനും പലതും പകർത്താനുമുള്ളതാണ്.
വിജയിച്ചവർ പൂർണമായും ന്യായമാണെന്നും പരാജയപ്പെട്ടവർ പൂർണമായും അന്യായവുമാണെന്നുമുളള രീതിയിലുളള ചിലരുടെ ഉപദേശങ്ങളിലെ അന്തരങ്ങളെ തിരിച്ചറിയാനുള്ള ഗ്രാഹ്യശേഷി പാർട്ടിക്കുണ്ട്.
പാർട്ടിയുടെ എല്ലാ തീരുമാനങ്ങളും ശരിയോ എല്ലാ തീരുമാനങ്ങളും തെറ്റോ അല്ല. ശരിയും തെറ്റുമുണ്ടാകും ശരി തുടരുകയും തെറ്റ് തിരുത്തുകയുമാണ് മനുഷ്യ ഗുണം. ആദ്യം വേണ്ടതും അതു തന്നെ.
കഴിഞ്ഞ കാല തീരുമാനങ്ങളും നിലപാടുകളും കർമ്മ രംഗവും വിലയിരുത്തി ശരി തെറ്റുകൾ കൃത്യമായി പഠന വിധേയമാക്കണം. അതിന് ആലോചനകളും ചർച്ചകളും അനിവാര്യമാണ്. അത്തരം ഒരു ആലോചനയാണ് തെരഞ്ഞെടുപ്പ് അവലോകനത്തിൽ പാർട്ടി ആദ്യം ചെയ്യാൻ ഉദ്ദേശിക്കുന്നത്.
അതിനർത്ഥം പാർട്ടി വലിയ പരാജയത്തിലാണെന്നോ വലിയ പ്രതിസന്ധിയിലാണെന്നോ അല്ല. ആഞടിച്ചൊരു തരംഗത്തിനൊപ്പം മുന്നണിക്കുണ്ടായ പരാജയത്തിന്റെ ഭാഗമായി ചെറിയൊരു പരാജയം. ചെറുതോ വലുതോ എന്ന് അളന്നെടുത്ത് വിധി നിശ്ചയിക്കുകയല്ല.
എത്ര ചെറുതാണെങ്കിലും വലിയ വിചാരപ്പെടലും വിവേകത്തോടെയുള്ള പരിഹാരവുമാണ് കാണേണ്ടത്. പാർട്ടിക്കകത്തും മുന്നണിക്കകത്തും വിശദമായ ചർച്ചകൾ അനിവാര്യമാണ്. സർക്കാറിന്റെ അഴിമതിയും സ്വജന പക്ഷപാതവും ഭരണ പരാചയങ്ങൾ കണ്ടെത്തുന്നതിലും തിരുത്തിക്കുന്നതിലും യു.ഡി.എഫ് വിജയിച്ചു എന്ന യാഥാർത്ഥ്യം വിസ്മരിക്കരുത്. അത് വിസ്മരിച്ചാൽ പ്രതിപക്ഷ നിരയിൽ ആയുസ്സും ആരോഗ്യവും സമർപ്പിച്ചവരോട് കാണിക്കുന്ന നന്ദികേടും കടുത്ത അനീതിയുമാവും.
എങ്കിലും ഭരണ പരാജയങ്ങൾ ജനങ്ങളിലെത്തിക്കാൻ സംവിധാനങ്ങളുണ്ടായില്ല എന്ന യാഥാർത്ഥ്യം തിരിച്ചറിയണം. എന്നാൽ ഭരണ പരാജയം മറച്ചുവെക്കാനും നേട്ടങ്ങൾ പ്രചരിപ്പിക്കാനും വിപുലമായ സംവിധാനമൊരുക്കാൻ സർക്കാറിനു സാധിച്ചു. മാധ്യമങ്ങളുടെ പിന്തുണയും വിധേയത്വവും നേടിയെടുക്കുന്നതിലും ഭരണ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നതിലും സർക്കാർ വിജയിച്ചു.
ദീർഘ കാലം തുടർച്ചയായി ഭരണത്തിലില്ലാതിരിക്കുകയും അതുപോലെ തുടർച്ചയായി ഭരണത്തിലിരിക്കുകയും ചെയ്ത പാരമ്പര്യം മുസ്ലിംലീഗിനുണ്ട്. സ്വതന്ത്ര്യാനന്തരം ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് രൂപീകരണ കാലം തൊട്ട് നീണ്ട പതിറ്റാണ്ടിലധികം കാലം ഭരണപക്ഷത്തിന്റെ അധികാര കസേരകൾ മുസ്‌ലിം ലീഗിന്റെ ഏറെ അകലെയായിരുന്നു.
ഒരു മുന്നണിക്കകത്തും പ്രവേശനവുമില്ലായിരുന്ന കാലം. ദാരിദ്ര്യവും വിദ്യാഭ്യാസത്തിന്റെ അഭാവവും കൊണ്ട് ഇരുൾ പടർന്ന ഒരു ജനസമൂഹത്തെ ആ പ്രതിസന്ധികൾക്കിടയിലും സാമൂഹികമായി ഉന്നതിയിലെത്തിക്കാനും രാഷ്ട്രീയമായി ഉയർത്തി കൊണ്ടുവരാനും സ്വത്വബോധത്തിലേക്ക് നയിക്കാനും ധീരമായി നേതൃത്വ നൽകി.
എതിർപ്പുകളും ഭീഷണിയും കൊണ്ട് അസ്വസ്ഥമായ കാലമായിരുന്നു അത്. ഇന്നു കാണുന്ന അഭിവൃദ്ധിയൊന്നും അന്നുണ്ടായിരുന്നില്ല. ഇന്ന് കാണുന്ന പോഷക സംഘടനകളൊന്നും മുസ്‌ലിം ലീഗിന് ശക്തി പകരാൻ ജനിക്കുക പോലും ചെയ്തിട്ടില്ലാത്ത കാലം. പ്രതിസന്ധിയിലും പതറാതെ തളരാതെ തകരാതെ മുന്നോട്ടുള്ള പ്രയാണം തുടർന്നു.
കാലത്തിന്റെ പ്രയാണത്തെ തിരിഞ്ഞു നോക്കുമ്പോൾ ഏറെ കുറേ വിജയിക്കാനും മറ്റു സംസ്ഥാനങ്ങളിലെ ന്യൂനപക്ഷ പിന്നോക്ക സമൂഹങ്ങൾക്ക് മാതൃകയാകാനും കഴിഞ്ഞു.
ഇന്ന് എല്ലാ മേഖലയിലും മുസ്ലിം ലീഗിന് പോഷക ഘടകങ്ങളുണ്ട്. ദളിത്,വിദ്യാർത്ഥി, യുവജന, വനിത, തൊഴിലാളി മേഖലകളിൽ സംഘടിത ശക്തികൊണ്ട് സമ്പന്നമാണ് ലീഗ്.
അധികാര കസേരയുടെ തണലില്ല മുസ്ലിം ലീഗിന്റെ ഈ വളർച്ചയുണ്ടായത്. ജനകീയ പിന്തുണയുടെ അടിത്തറയാണ് എന്നും ലീഗിന്റെ ശക്തി. പിന്നോക്ക ന്യൂനപക്ഷങ്ങളുടെ അഭിമാനാർഹമായ നിലനിൽപ്പാണ് ലക്ഷ്യം. അവകാശങ്ങൾക്കു വേണ്ടിയുള്ള പോരാട്ടവും, സാമൂഹിക മുന്നേറ്റത്തിനു വേണ്ടിയുള്ള സേവനങ്ങളും, പ്രയാസപ്പെടുന്ന മനുഷ്യനു വേണ്ടിയുള്ള ക്ഷേമ പ്രവർത്തനങ്ങളും, കഷ്ടപ്പെടുന്നവർക്കു വേണ്ടിയുളള കാരുണ്യ പ്രവർത്തനങ്ങളും ഇന്നലെ നിർവ്വഹിച്ചപോലെ നാളെയും നിർവ്വഹിച്ച് തന്നെ മുന്നോട്ട് പോകേണ്ടതുണ്ട്.
നമ്മെ പ്രതീക്ഷിക്കുന്ന ഒരു സമൂഹം നമ്മുടെ കൺവെട്ടത്തുണ്ട്.അതിനപ്പുറത്ത് അരുക്കാക്കപ്പെട്ടവർ എന്നു വിളിക്കപ്പെടുന്നവരുടെ കണ്ണീരും കിനാവുകളും നിറഞ്ഞ ജീവിതത്തിലേക്കു നമ്മളാൽ കഴിയുന്നത് നമ്മൾ ചെയ്തു കൊടുത്തിട്ടുമുണ്ട്.
മാന്യമായ ഇടപെടലിലൂടെ ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ ക്രിയാത്മക പ്രതിപക്ഷമായി തുടരുകയും വേണം.
1967 മുതൽ 1987 വരെയുളള ഇരുപത് വർഷക്കാലത്ത് 1980 മുതൽ 1981 വരെയുള്ള ഒന്നര വർഷത്തെ ഇടവേള ഒഴിച്ചാൽ ബാക്കി കാലയളവിൽ ഭരിച്ച 6 മുഖ്യമന്ത്രിമാരുടെ കാലത്തും മുസ്ലിം ലീഗ് ഭരണ കസേരയിലുണ്ടായിട്ടുണ്ട്.
ഇ.എം.എസ്, സി അച്ച്യുതമേനോൻ, കെ കരുണാകരൻ, എ.ക്കെ ആന്റണി, പി.ക്കെ വാസുദേവൻ നായർ, സി.എച്ച് മുഹമ്മദ് കോയ എന്നിവരായിരുന്നു ഈ കാലയളവിലെ മുഖ്യമന്ത്രിമാർ.
ഭരണ തുടർച്ചയും ഭരണത്തിലെ ഇടവേളയും സ്ഥിരമായി നിൽക്കുന്ന ഒരു പ്രതിഭാസമല്ല എന്ന് ഐക്യ കേരളത്തിന്റെ ചരിത്രം വ്യക്തമാക്കുന്നുണ്ട്. ചരിത്രങ്ങൾ ഓർമ്മിക്കുമ്പോഴും പരാജയം സംഭവിച്ച മേഖലകൾ പുന:പരിശോധിക്കുകയും വേണം.
ന്യായീകരണമല്ല പുന:പരിശോധനയാണ് ന്യായം എന്ന ബോധ്യമുണ്ട്. തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് പല കേന്ദ്രങ്ങളിൽ നിന്നുമുള്ള വിമർശനങ്ങളൊക്കെ ഉയർന്നിട്ടുണ്ട്.
അത് ശ്രദ്ധയിൽ പെട്ടിട്ടുമുണ്ട്. പാർട്ടിയുടെ പുറത്തുള്ളവർ നടത്തുന്ന വിമർശനങ്ങൾ രാഷ്ട്രീയമാണെന്ന തിരിച്ചറിവുണ്ട്.
എന്നാൽ പാർട്ടിക്കകത്തുള്ളവരുടെ വാക്കുകൾ സംഘടനാ താൽപര്യമാണെന്നും അറിയാം.
അതൊക്കെ ഗൗരവമായി തന്നെ കാണുന്നുമുണ്ട്. കാരണം അതൊക്കെ മുസ്‌ലിം ലീഗിനെ സ്നേഹിക്കുന്നവരുടേയും മുസ്‌ലിം ലീഗ് രാഷ്ട്രീയത്തിൽ പ്രതീക്ഷയുള്ളവരുടേയും സദുദ്ധേശത്തോടെയുള്ള പ്രതിഷേധങ്ങൾ മാത്രമാണ്.
നിരാശ ബാധിച്ചവരുടെ പ്രകോപനങ്ങളല്ല എന്ന് വരികളിലൂടെ വായിച്ചാൽ ബോധ്യമാവുന്നുണ്ട്. വിമർശനങ്ങളിലെ സത്യസന്ധതയേയും നന്മയേയും എല്ലാ കാലത്തും സ്വീകരിച്ച പാരമ്പര്യമാണ് മുസ്‌ലിം ലീഗിനുള്ളത്. മുസ്ലിം ലീഗിന്റെ നന്മ പ്രതീക്ഷിക്കുന്നവരുടെ ഉപദേശങ്ങൾ മാത്രമല്ല വിമർശനങ്ങളും സ്വീകാര്യമാണ്.
എങ്കിലും ഇടതുപക്ഷം സൃഷ്ടിച്ച രാഷ്ട്രീയ അന്തർധാര ഏതൊക്കെ മണ്ഡലങ്ങളിൽ എങ്ങനെയൊക്കെ ബാധിച്ചു എന്ന കാര്യങ്ങൾ പുറത്തു വന്നു കൊണ്ടിരിക്കുന്നുണ്ട്. അതും പഠന വിധേയമാക്കണം. മുസ്ലിം ലീഗ് രാഷ്ട്രീയത്തിന് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു ഇടമുണ്ട്.
അതിൽ കൃത്യമായ ഇടപെടലുകളോടെ ഇനിയും മുന്നോട്ട് പോവേണ്ടതുണ്ട്. മുസ്‌ലിം ലീഗ് മത്സരിച്ച ഓരോ മണ്ഡലങ്ങളിലേയും സ്ഥിതിഗതികൾ കൃത്യമായി വിലയിരുത്തേണ്ടതുണ്ട്. നോമ്പും പെരുന്നാളും കഴിയുന്നതോടെ പ്രവർത്തനരംഗത്ത് പുതുമകളും വലിയ പുരോഗതിയുമുണ്ടാകും പാർട്ടിയെ സ്നേഹിക്കുന്ന എല്ലാ വിഭാഗങ്ങളുമായും ചർച്ചകളുണ്ടാവും.
പറയാൻ മടിക്കുന്ന അണികളും കേൾക്കാൻ മടിക്കുന്ന നേതാക്കളുമല്ല മുസ്ലിം ലീഗിലുള്ളത് " തീരുമാനങ്ങൾ മാത്രമല്ല, പുന:പരിശോധനയും സംഘടനയുടെ ഭാഗമാണ്. എല്ലാവരേയും കേൾക്കാൻ സാഹചര്യമൊരുക്കും എന്ന ഉറപ്പ് നൽക്കുന്നു.
"സ്വയം മാറ്റത്തിന് സന്നദ്ധരാകാത്ത കാലത്തോളം അല്ലാഹു ഒരു ജനതയെയും അവരുടെ അവസ്ഥയില്‍ പരിവര്‍ത്തനം സൃഷ്ടിക്കുകയില്ല"
-വിശുദ്ധഖുർആൻ.
Adjust Story Font
16