Quantcast

പെരുമ്പാവൂരിലെ നിയമ വിദ്യാർഥിനിയുടെ കൊലപാതകം; പ്രതി അമീറുൽ ഇസ്‌ലാമിന്റെ വധശിക്ഷയ്ക്ക് സ്റ്റേ

പ്രതിയുടെ മനഃശാസ്ത്ര-ജയിൽ സ്വഭാവ റിപ്പോർട്ട് ഹാജരാക്കാൻ സുപ്രിംകോടതി നിർദേശം

MediaOne Logo

Web Desk

  • Updated:

    2024-07-18 16:29:51.0

Published:

18 July 2024 3:29 PM GMT

SC stays perumbavoor murder case accuseds death sentence
X

ന്യൂഡൽഹി: പെരുമ്പാവൂരിലെ നിയമ വിദ്യാർഥിനിയുടെ കൊലപാതകത്തിൽ പ്രതി അമീറുൽ ഇസ്‌ലാമിന്റെ വധശിക്ഷ സുപ്രിംകോടതി സ്‌റ്റേ ചെയ്തു. ജസ്റ്റിസ് ബിആർ ഗവായി അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. പ്രതിയുടെ മനഃശാസ്ത്ര-ജയിൽ സ്വഭാവ റിപ്പോർട്ട് ഹാജരാക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്. ശിക്ഷ ലഘൂകരിക്കാൻ കാരണങ്ങൾ ഉണ്ടെങ്കിൽ അതേക്കുറിച്ച് പഠിച്ച് റിപ്പോർട്ടും സമർപ്പിക്കണം.

അമീറുലിന്റെ വധശിക്ഷ ശരിവച്ച കേരള ഹൈക്കോടതി വിധിക്കെതിരെ പ്രതി സമർപ്പിച്ച അപ്പീലിലാണ് സുപ്രിംകോടതിയുടെ വിധി. വധശിക്ഷയുടെ ഭരണഘടനാ സാധ്യത കൂടി ചോദ്യം ചെയ്തായിരുന്നു അമീറുലിന്റെ ഹരജി. നിരപരാധിയെന്ന് തെളിയിക്കാൻ കഴിയുമെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ജസ്റ്റിസ് ബിആർ ഗവായിയെ കൂടാതെ ജസ്റ്റിസ് സഞ്ജീവ് കരോൾ, ജസ്റ്റിസ് കെ.വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. നിലവിലുള്ള അപ്പീലിൽ വാദം പൂർത്തിയായി അന്തിമ തീരുമാനമെടുക്കുന്നത് വരെ വധശിക്ഷ സ്റ്റേ ചെയ്യുന്നു എന്നാണ് കോടതി ഉത്തരവ്. 16ാം തീയതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നെങ്കിലും വിധിന്യായത്തിന്റെ പകർപ്പ് ഇന്നാണ് പുറത്തെത്തിയത്.

തടവിലായിരുന്ന കാലയളവിൽ അമീറുൽ ജയിലിൽ ചെയ്തിരുന്ന ജോലി, ജയിലിലെ പെരുമാറ്റം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വിയ്യൂർ ജയിൽ സൂപ്രണ്ടിനാണ് സുപ്രിംകോടതി നിർദേശം നൽകിയിരിക്കുന്നത്. എട്ട് ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം.

അമീറുൽ ഇസ്‌ലാമിന്റെ മനഃശാസ്ത്രവിശകലനം നടത്താൻ തൃശൂർ മെഡിക്കൽ കോളജ് പ്രത്യേക സംഘത്തെ രൂപീകരിക്കണമെന്നും എട്ടാഴ്ചയ്ക്കുള്ളിൽ സംസ്ഥാന സർക്കാരിന്റെ സ്റ്റാൻഡിംഗ് കൗൺസിൽ മുഖേന മനഃശാസ്ത്രവിശകലന റിപ്പോർട്ട് കോടതിക്ക് കൈമാറണം വധശിക്ഷാ വിരുദ്ധ പ്രവർത്തക നൂരിയ അൻസാരിക്ക് ജയിലിൽ അമീറുലിനെ കാണാൻ അവസരമൊരുക്കണമെന്നും ഇത്തരം അഭിമുഖം നടക്കുമ്പോൾ ജയിൽ അധികൃതർ അടുത്തുണ്ടാകരുതെന്നും നിർദേശമുണ്ട്.

2016 ഏപ്രിൽ 28നാണ് പെരുമ്പാവൂർ കുറപ്പുംപടിയ്ക്കടുത്ത് ഇരിങ്ങോളിൽ നിയമവിദ്യാർഥിനി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അമീറുൽ ഇസ്‌ലാമിനെ പൊലീസ് കസ്റ്റിഡിയിലെടുത്തു. നിർമാണത്തൊഴിലാളികൾ ധരിക്കുന്ന തരം ചെരുപ്പ് നിയമവിദ്യാർഥിനിയുടെ വീടിന്റെ പരിസരത്ത് നിന്ന് കണ്ടെത്തിയതാണ് കേസിൽ നിർണായകമായത്. 2017 മാർച്ചിൽ വിചാരണ തുടങ്ങിയ കേസിൽ ഡിസംബർ 14ന് സെഷൻസ് കോടതി ശിക്ഷ വിധിച്ചു. ഇക്കഴിഞ്ഞ മെയ് 20നാണ് ഹൈക്കോടതി വധശിക്ഷ ശരിവയ്ക്കുന്നത്.

TAGS :

Next Story