സംഘർഷത്തിന് ശേഷം ഷഹബാസ് കൂട്ടുകാരനൊപ്പം സ്കൂട്ടറിൽ പോകുന്ന ദൃശ്യങ്ങൾ പുറത്ത്
വീട്ടിലേക്ക് കയറുമ്പോൾ കുട്ടി അവശനായിരുന്നു

കോഴിക്കോട്: താമരശ്ശേരിയിലെ വിദ്യാര്‍ഥി സംഘർഷത്തിന് ശേഷം ഷഹബാസ് കൂട്ടുകാരനൊപ്പം സ്കൂട്ടറിൽ പോകുന്ന ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു. വീട്ടിലേക്ക് കയറുമ്പോൾ കുട്ടി അവശനായിരുന്നു.
ആശുപത്രിയിൽ എത്തിക്കുമ്പോൾ ഷഹബാസിന് ബോധം ഉണ്ടായിരുന്നില്ലെന്ന് ആശുപത്രിയിലെത്തിച്ച മുഹമ്മദ് സ്വാലിഹ് പറഞ്ഞു. സംഘർഷത്തിനുശേഷം കൂടെയുണ്ടായിരുന്ന കുട്ടിയാണ് വീട്ടിലേക്ക് എത്തിച്ചത്. കുട്ടികൾക്കിടയിൽ മുമ്പും പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും സ്വാലിഹ് കൂട്ടിച്ചേര്‍ത്തു. ഷഹബാസിന്‍റെ പോസ്റ്റുമോർട്ടം നടപടികൾ തുടങ്ങിയിട്ടുണ്ട്.
അതേസമയം വിദ്യാർഥി സംഘർഷം അധ്യാപകർ ഇടപെട്ട് അവസാനിപ്പിച്ചിരുന്നുവെന്ന് ട്രിസ് ട്യൂഷൻ സെന്‍റര്‍ പ്രിൻസിപ്പൽ പറഞ്ഞു. പ്രശ്നം ഒഴിവാക്കാൻ ഇതിൽ ഒരു വിഭാഗം വിദ്യാർഥികളെ അധ്യാപകർ തന്നെ കാറിൽ അവരുടെ വീട്ടിൽ എത്തിച്ചിരുന്നു. ഈ വിദ്യാർഥികളോട് ഇനി ക്ലാസിൽ പങ്കെടുക്കാൻ പാടില്ല എന്ന കർശന നിർദേശവും നൽകി. സംഘർഷത്തിൽ ഏർപ്പെട്ടവരിൽ വിരലിലെണ്ണാവുന്നവർ മാത്രമാണ് ട്യൂഷൻ സെന്‍ററിലെ വിദ്യാർഥികളെന്നും പ്രിൻസിപ്പൽ അരുൺ സത്യൻ പ്രതികരിച്ചു. ഷഹബാസ് പ്രശ്നക്കാരനായ ഒരു വിദ്യാർഥി അല്ലായിരുന്നുവെന്ന് ഏളേറ്റി വട്ടോളി എംജെ എച്ച് എസ് എസ് പ്രധാനാധ്യാപിക മിനി ജെ. മീഡിയവണിനോട് പറഞ്ഞു.
ഇന്നലെ രാത്രി 12.30ഓടെയാണ് മുഹമ്മദ് ഷഹബാസ് ആണ് മരിക്കുന്നത്. സ്വകാര്യ ട്യൂഷൻ സെന്‍ററിലെ ഫെയർവെല്ലിനോടനുബന്ധിച്ച് നടന്ന പരിപാടിയെ തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. അഞ്ച് വിദ്യാർഥികൾക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. വിദ്യാർഥികളെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപിൽ ഹാജരാക്കും. ഷഹബാസിനെ നഞ്ചക്ക് ഉപയോഗിച്ച് വിദ്യാർഥികൾ മർദിച്ചിട്ടുണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ.
അതിനിടെ അക്രമി സംഘത്തിൽ പെട്ടവരുടെ ഇൻസ്റ്റഗ്രാം ചാറ്റും പുറത്തായി. ഷഹബാസിനെ 'കൊല്ലും എന്ന് പറഞ്ഞാൽ കൊല്ലും കേസ് ഒന്നും ഉണ്ടാകില്ലെന്നും' വിദ്യാർഥികൾ പറയുന്ന ഞെട്ടിക്കുന്ന വോയിസ് ചാറ്റ് ആണ് പുറത്തുവന്നത്. അക്രമത്തിന് ശേഷം ഷഹബാസിന്‍റെ ഫോണിലേക്ക് വിദ്യാർഥികളിലൊരാൾ അയച്ച ഫോൺ ശബ്ദ സന്ദേശവും പുറത്തുവന്നിട്ടുണ്ട്.
Adjust Story Font
16