എയ്ഡഡ് സ്കൂൾ തസ്തിക നിർണയം; സര്‍ക്കാര്‍ ഉത്തരവിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങി സ്കൂൾ മാനേജർമാർ
സർക്കാർ ഉത്തരവ് പിൻവലിക്കണം എന്നാവശ്യപ്പെട്ട് സ്കൂൾ മാനേജർമാരുടെ സംഘടന ഉടൻ ഹൈക്കോടതിയിൽ ഹർജി നൽകും
തിരുവനന്തപുരം: എയ്ഡഡ് സ്കൂൾ തസ്തിക നിർണയം സംബന്ധിച്ച സർക്കാർ ഉത്തരവിനെതിരെ നിയമപോരാട്ടത്തിന് ഒരുങ്ങി സ്കൂൾ മാനേജർമാർ. തസ്തിക നിർണയത്തിനുളള അവകാശം പ്രധാനധ്യാപകർക്ക് നൽകിയത് മാനേജർമാരുടെ അധികാരം കവരാനെന്നാണ് ആരോപണം. സർക്കാർ ഉത്തരവ് പിൻവലിക്കണം എന്നാവശ്യപ്പെട്ട് സ്കൂൾ മാനേജർമാരുടെ സംഘടന ഉടൻ ഹൈക്കോടതിയിൽ ഹർജി നൽകും.
എയ്ഡഡ് സ്കൂളുകളിൽ തസ്തിക നിർണയവുമായി ബന്ധപ്പെട്ട നടപടികൾ കൈകാര്യം ചെയ്തിരുന്നത് മാനേജർമാർ ആയിരുന്നു. എന്നാല് ഇനി മുതൽ തസ്തിക നിർണയ വിവരങ്ങൾ പ്രധാനധ്യാപകർ നൽകിയാൽ മതി എന്ന് കാണിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഒരു ഉത്തരവ് ഇറക്കി. മാനേജർമാർക്ക് എന്തെങ്കിലും നിർദ്ദേശങ്ങൾ ഉണ്ടെങ്കിൽ അത് പ്രധാനാധ്യാപകര്‍ മുഖേന ഓൺലൈനായി അപ്‌ലോഡ് ചെയ്യാം എന്നും ഇക്കഴിഞ്ഞ ആഗസ്തില്‍ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. എന്നാല് എയ്ഡഡ് സ്കൂൾ മേഖലയെ തകർക്കാനുള്ള ഉദ്യോഗസ്ഥ ലോബിയുടെ നീക്കത്തിന്‍റെ ഭാഗമാണ് ഈ ഉത്തരവ് എന്ന് മാനേജർമാർ ആരോപിക്കുന്നു. തസ്തിക നിർണയവുമായി ബന്ധപ്പെട്ട് മാനേജർമാരുടെ അധികാരത്തെപ്പറ്റി കേരള വിദ്യാഭ്യാസ ചട്ടത്തിൽ വ്യക്തമാക്കുന്നുണ്ട്. ഈ ചട്ടത്തിന്‍റെ ലംഘനമാണ് ഉത്തരവ് എന്നാണ് കേരള പ്രൈവറ്റ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ പറയുന്നത്.
വിഷയം ചൂണ്ടിക്കാട്ടി ഇത് രണ്ടാമത്തെ ഹരജിയാണ് കെ.പി. എസ്.എം.എ ഹൈക്കോടതിയിൽ നൽകുന്നത്. ആദ്യ പരാതിയിൽ ഉചിതമായ തീരുമാനമെടുക്കാൻ കോടതി സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. നിയമപോരാട്ടത്തിനൊപ്പം സംസ്ഥാന വ്യാപകമായി പ്രതിഷേധം കൂടി സംഘടിപ്പിക്കാനാണ് മാനേജർമാരുടെ ആലോചന.
Adjust Story Font
16