ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങിയ സംഭവം; പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു
2017 നവംബർ 30ന് മെഡിക്കൽ കോളജിൽ നടന്ന പ്രസവ ശസ്ത്രക്രിയക്കിടെയാണ് അടിവാരം സ്വദേശി ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത്.
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയെന്ന പരാതിയിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവ്. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് സ്‌പെഷ്യൽ ഓഫീസർ ഡോ. അബ്ദുൽ റഷീദ് ആണ് അന്വേഷണസംഘത്തിന് നേതൃത്വം കൊടുക്കുന്നത്. നഴ്‌സിങ് ജോയിന്റ് ഡയറക്ടർ സലീന ഷാ, കൊല്ലം മെഡിക്കൽ കോളജ് ഫോറൻസിക് മെഡിസിൻ വിഭാഗം മേധാവി ഡോ. രഞ്ജു രവീന്ദ്രൻ എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങൾ.
2017 നവംബർ 30ന് മെഡിക്കൽ കോളജിൽ നടന്ന പ്രസവ ശസ്ത്രക്രിയക്കിടെയാണ് അടിവാരം സ്വദേശി ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത്. ശസ്ത്രക്രിയക്കിടെ മറന്നുവെച്ച കത്രിക മൂത്രസഞ്ചിയിൽ തറച്ചു നിൽക്കുകയായിരുന്നു. കടുത്ത വേദന മൂലം പല ആശുപത്രികളിലും ചികിത്സ തേടിയെങ്കിലും ഫലമുണ്ടായില്ല. സ്വകാര്യ ആശുപത്രിയിലെ സി.ടി സ്‌കാനിലാണ് മൂത്ര സഞ്ചിയിൽ ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന കത്രിക തറച്ചുനിൽക്കുന്നത് കണ്ടെത്തിയത്. തുടർന്ന് മെഡിക്കൽ കോളജിൽവെച്ച് വീണ്ടും ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുക്കുകയായിരുന്നു.
Adjust Story Font
16