ആർ.എസ്.എസ് നേതാവിന്റെ കൊലപാതകത്തിന് പിന്നിൽ എസ്ഡിപിഐ: ബിജെപി
പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചയാണിതെന്നും കാര്യങ്ങൾ ആലപ്പുഴയിൽ സംഭവിച്ചതിന് സമാനമാണെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി
പാലക്കാട്: ജില്ലയിൽ ഇന്ന് നടന്ന ആർ.എസ്.എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ. മൂന്നു ബൈക്കുകളിലായെത്തിയ അഞ്ചംഗ സംഘമാണ് കടക്കകത്ത് കയറി ആക്രമണം നടത്തിയിരിക്കുന്നതെന്നാണ് ദൃക്‌സാക്ഷികളിൽ നിന്ന് മനസ്സിലായതെന്നും വളരെ ആസൂത്രിതമായാണ് കൃത്യം നിർവഹിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ സുബൈർ കൊല്ലപ്പെട്ട ശേഷം എസ്ഡിപിഐ നേതാക്കൾ സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും കൊലവിളി നടത്തിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇന്നലത്തെ സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ബിജെപി, ആർഎസ്എസ് നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചയാണിതെന്നും കാര്യങ്ങൾ ആലപ്പുഴയിൽ സംഭവിച്ചതിന് സമാനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നഗരമധ്യത്തിൽ പൊലീസ് സ്‌റ്റേഷന് സമീപമാണ് കൃത്യം നടന്നതെന്നും അദ്ദേഹം പറഞ്ഞു. സുബൈർ വധത്തിൽ ബിജെപിക്കോ ആർഎസ്എസിനോ പങ്കില്ലെന്നും സഞ്ജിത്തിന്റെ കൊലപാതകത്തിന്റെ തിരിച്ചടി എന്ന നിലയിലുള്ള പ്രചാരണം ശരിയല്ലെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ നേരത്തെ പറഞ്ഞിരുന്നു. സഞ്ജിത്തിന്റെ മരണ ശേഷം സമാധാന അന്തരീക്ഷം നിലനിർത്താനാണ് ബിജെപി ശ്രമിച്ചതെന്നും സഞ്ജിത്തിന്റെ കാർ എങ്ങനെ പ്രതികൾക്ക് കിട്ടി എന്ന കാര്യം പൊലീസാണ് അന്വേഷിക്കേണ്ടതെന്നും സി കൃഷ്ണകുമാർ പറഞ്ഞിരുന്നു.
എസ്ഡിപിഐ നേതാവും ആർഎസ്എസ് നേതാവും രണ്ടു ദിവസത്തിനിടെ കൊല്ലപ്പെട്ട പാലക്കാട്ടേക്ക് കൂടുതൽ പൊലീസ് എത്തുന്നുണ്ട്. എറണാകുളം റൂറലിൽ നിന്ന് ഒരു ബറ്റാലിയൻ പാലക്കാട്ടേക്ക് തിരിച്ചു. കെഎപി - 1 ബറ്റാലിയനാണ് പാലക്കാട്ടേക്ക് പോകുന്നത്. മൂന്ന് കമ്പനി സേന ഉടൻ പാലക്കാട് എത്തും. 300 പൊലീസുകാരാണ് സംഘത്തിലുണ്ടാകുക. ക്രമസമാധാന പാലന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയുടെ നേതൃത്വത്തിൽ സുരക്ഷ വിപുലീകരിക്കാനാണ് തീരുമാനം. ഇന്ന് വൈകീട്ടോടെ ഇദ്ദേഹം പാലക്കാടെത്തും. ഡിജിപി അനിൽ കാന്ത് ഇദ്ദേഹത്തിന് നിർദേശങ്ങൾ നൽകിയിരുന്നു. എല്ലാ ജില്ലകളിലും ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്. എസ്ഡിപിഐ, ആർഎസ്എസ് നേതാക്കൾക്ക് സംരക്ഷണം നൽകും. ജില്ലകളിൽ സുരക്ഷാ പരിശോധന കർശനമാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
മേലാമുറിയിൽ ആർഎസ്എസ് നേതാവിനെ കുറച്ച് മുമ്പ് വെട്ടിക്കൊന്നിരുന്നു. മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് എസ്.കെ ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. പാലക്കാട് നഗരത്തിലെ പച്ചക്കറി മാർക്കറ്റിന് സമീപമുള്ള കടയില്‍ കയറി വെട്ടുകയായിരുന്നു. കൊലപാതകത്തിന് പിന്നില്‍ എസ്.ഡി.പി.ഐ ആണെന്ന് ബി.ജെ.പി ആരോപിച്ചു. ബൈക്കിലെത്തിയ സംഘമാണ് ശ്രീനിവാസനെ വെട്ടിയത്. തലയ്ക്കും നെറ്റിയിലുമാണ് വെട്ടേറ്റതെന്ന് ദൃക്സാക്ഷി പറഞ്ഞു. കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ട് നേതാവിന്‍റെ കൊലപാതകത്തെ തുടർന്ന് ജില്ലയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. ഇതിനിടയിലാണ് ആർഎസ്എസ് പ്രവർത്തകന്‍ കൊല്ലപ്പെട്ടത്.
ശ്രീനിവാസനെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോവാനാണ് ആദ്യം ശ്രമിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട പോപ്പുലർ ഫ്രണ്ട് നേതാവിന്റെ പോസ്റ്റുമോർട്ടം പൂർത്തിയാക്കി മൃതദേഹം ഏറ്റുവാങ്ങാൻ നിരവധി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അവിടെയുള്ളതിനാൽ പാലക്കാട് നഗരത്തിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയില്‍ വെച്ചാണ് ശ്രീനിവാസന്‍റെ മരണം സ്ഥിരീകരിച്ചത്. മരണം പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥനായ ഷിജോ എബ്രഹാമാണ് ആശുപത്രിയിലെത്തിയ ശേഷം മരണം സ്ഥിരീകരിച്ചത്.
അവസാനിക്കാത്ത കൊലപാതകങ്ങൾ; സംസ്ഥാനത്ത് മൂന്ന് വർഷത്തിനിടെ കൊല്ലപ്പെട്ടത് 1065 പേർ
അവസാനമില്ലാതെ സംസ്ഥാനത്തെ കൊലപാതക പരമ്പരകൾ. സംസ്ഥാനത്ത് മൂന്ന് വർഷത്തിനിടെ കൊല്ലപ്പെട്ടത് 1065 പേരാണ്. ഇതിൽ 83 പേർ സംഘടിത ആക്രമണങ്ങളിലാണ് കൊല്ലപ്പെട്ടത്.ഇതിൽ 83 പേർ സംഘടിത ആക്രമണങ്ങളിലാണ് കൊല്ലപ്പെട്ടത്.തിരുവനന്തപുരം ജില്ലയിലാണ് കൂടുതൽ കൊലപാതകങ്ങൾ.2019 മുതൽ 2022 വരെ മാർച്ച് വരെയുള്ള കണക്കാണിത്. ഇക്കാലത്ത് സംസ്ഥാനത്ത് 1065 പേർ കൊല്ലപ്പെട്ടു. മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടി പ്രകാരം 2019 ൽ 319 പേരും 2020 ൽ 318 പേരും 2021 ൽ 353 പേരും കൊല്ലപ്പെട്ടു.
2022 മാർച്ച് വരെയുള്ള സംസ്ഥാനത്ത് കൊല്ലപ്പെട്ടത് 75 പേരാണ്. തിരുവനന്തപുരം റൂറൽ പൊലീസ് പരിധിയിലാണ് കൂടുതൽ പേർ കൊലകത്തിക്ക് ഇരയായത്. 107 പേർ. കൂടുതൽ കൊലപാതകകേസുകൾ രജിസ്റ്റർ ചെയ്തതും ഇവിടെ തന്നെ. സംഘടിത ആക്രമണത്തിൽ 83 പേർ കൊല്ലപ്പെട്ടപ്പോൾ ജയിലിൽ നിന്ന് പരോളിലിറങ്ങിയ രണ്ട് പേരുംകൊലകേസുകളിൽ പ്രതികളായി. ഒറ്റയ്ക്ക് താമസിക്കുന്നവരും വൃദ്ധരുമായി 38 പേരുടെ ജീവനും കൊലപാതകികൾ കവർന്നു.
SDPI behind murder of RSS leader: BJP
Adjust Story Font
16