മീഡിയവണ്‍ സംപ്രേഷണ വിലക്ക്: എസ്.ഡി.പി.ഐ രാജ്ഭവനിലേക്ക് വായമൂടിക്കെട്ടി മാര്‍ച്ച് നടത്തി
"ഭരണഘടനാവിരുദ്ധ നീക്കത്തെ എല്ലാ മതേതര ജനാധിപത്യ ശക്തികളും ചെറുത്തു പരാജയപ്പെടുത്തണം"
മീഡിയവണ്‍ സംപ്രേഷണ വിലക്കില്‍ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി. വായ മൂടിക്കെട്ടിയായിരുന്നു പ്രതിഷേധം. അഭിപ്രായ സ്വാതന്ത്യത്തിന് കൂച്ചുവിലങ്ങിടുന്ന ബി.ജെ.പി സര്‍ക്കാര്‍ ഭരണഘടയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി ഷബീര്‍ ആസാദ് പറഞ്ഞു.
"അഭിപ്രായ സ്വാതന്ത്ര്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും വിലക്കേര്‍പ്പെടുത്തുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹമാണ്. തങ്ങള്‍ക്ക് നേരെ നിലപാട് സ്വീകരിക്കുന്നവരെ ഭയപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണിത്. ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ള മാധ്യമ മനേജ്‌മെന്‍റുകളെ ഭയപ്പെടുത്താനും സമ്മര്‍ദത്തിലാക്കി അടച്ചുപൂട്ടിക്കാനുമുള്ള തന്ത്രത്തിന്റെ ഭാഗമായെ ഇതിനെ കാണാനാവൂ. കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് ഈ നീക്കത്തില്‍ എന്ത് പങ്കാണുള്ളതെന്ന് വെളിപ്പെടേണ്ടിയിരിക്കുന്നു. സംഘപരിവാറിന് അഭിപ്രായസ്വാതന്ത്ര്യം എന്ന ഒന്നില്ല. ജനാധിപത്യത്തെ നിലനിര്‍ത്താനല്ല, കശാപ്പു ചെയ്യാനാണ് അവരുടെ താല്‍പര്യം. സംഘപരിവാറിനെ ഒറ്റപ്പെടുത്തുന്നതിനൊപ്പം ഈ ഭരണഘടനാവിരുദ്ധ നീക്കത്തെ എല്ലാ മതേതര ജനാധിപത്യ ശക്തികളും ചെറുത്തു പരാജയപ്പെടുത്തണം"- ഷബീര്‍ ആസാദ് ആവശ്യപ്പെട്ടു.
പാര്‍ട്ടി ജില്ലാ ഖജാന്‍ജി മണക്കാട് ഷംസുദ്ദീന്‍, പാര്‍ട്ടി ജില്ലാ സെക്രട്ടറി സിയാദ് തൊളിക്കോട്, ജില്ലാ ഓര്‍ഗനൈസിങ് സെക്രട്ടറി സലിം കരമന, മഹ്ഷൂക്ക് വള്ളക്കടവ് എന്നിവര്‍ സംബന്ധിച്ചു. മീഡിയവൺ സംപ്രേഷണം തടഞ്ഞതിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയും പ്രതിഷേധ പ്രകടനം നടത്തി.
Adjust Story Font
16