ചെല്ലാനത്ത് 50ലേറെ വീടുകളിൽ വെള്ളം കയറി: ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയായി കോവിഡ് വ്യാപനം
കോവിഡ് പോസിറ്റിവിറ്റി നിരക്ക് 56 ശതമാനത്തിലധികമുള്ള ചെല്ലാനത്ത് ജനങ്ങളെ ഒഴിപ്പിക്കുക വെല്ലുവിളിയാണ്
എറണാകുളം ചെല്ലാനത്ത് കടൽക്ഷോഭം രൂക്ഷം. അൻപതിലേറെ വീടുകളിൽ വെള്ളം കയറി. പ്രദേശത്തെ കോവിഡ് വ്യാപനം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വെല്ലുവിളി ഉയർത്തുന്നു.
ന്യൂനമർദ്ദത്തെ തുടർന്നുള്ള മഴ ശക്തമായതോടെയാണ് കൊച്ചി ചെല്ലാനം പ്രദേശത്ത് കടൽ ക്ഷോഭം വർധിച്ചത്. ചെല്ലാനത്തെ പല റോഡുകളിലേക്കും വെള്ളം കയറി തുടങ്ങി. പുലർച്ചെ വേലിയേറ്റത്തിൽ കയറിയ വെള്ളം പലയിടത്തും ഇറങ്ങിയിട്ടില്ല . കടൽഭിത്തി നിർമ്മാണം പൂർത്തിയാകാത്തതിൽ നാട്ടുകാർ രോഷാകുലരായി. പ്രദേശത്തു പ്രഖ്യാപിച്ച ജിയോ ട്യൂബ് പദ്ധതി 5 ശതമാനം പോലും പൂർത്തിയായിട്ടില്ലെന്നു നാട്ടുകാർ പറയുന്നു .
രാത്രി ജില്ലാ കലക്ടറും ഹൈബി ഈഡന്‍ എംപിയും പ്രദേശം സന്ദർശിച്ചു . സന്ദർശനത്തിനിടെ പ്രദേശവാസികൾ പരാതികളുമായി രംഗത്തെത്തി. കോവിഡ് പോസിറ്റിവിറ്റി നിരക്ക് 56 ശതമാനത്തിലധികമുള്ള ചെല്ലാനത്ത് ഇത്തവണ ജനങ്ങളെ ഒഴിപ്പിക്കുക വലിയ വെല്ലുവിളിയാണ്. മിക്ക വീടുകളിലും കോവിഡ് പോസിറ്റീവ് ആയവരും നിരീക്ഷണത്തിൽ കഴിയുന്നവരുമുണ്ട്.
ന്യൂനമർദം ഇന്ന് തീവ്ര ന്യൂനമർദമാകും
തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ഇന്ന് തീവ്ര ന്യൂനമർദമാകും. ഞായറാഴ്ചയോടെ ചുഴലിക്കാറ്റാകും. മണിക്കൂറിൽ 90 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശും. ടൗട്ടേ ചുഴലിക്കാറ്റ് കേരള, കർണാടക, ഗോവ തീരങ്ങളിൽ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമാകും. സംസ്ഥാനത്ത് അതിതീവ്ര മഴക്കുള്ള മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും കനത്ത മഴയുണ്ടാകും. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട്. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും മലയോര മേഖലകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.
തിരുവനന്തപുരത്ത് ഇന്നലെ വൈകുന്നേരം മുതൽ ശക്തമായ മഴയുണ്ട്. അരുവിക്കര ഡാമിന്‍റെ ഷട്ടറുകൾ ഉയർത്തി. അടിയന്തര സാഹചര്യം നേരിടാൻ രണ്ട് എൻഡിആർഎഫ് ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്. ഏഴ് ടീം ഇന്ന് എത്തും. ഈ മാസം 6 മുതൽ 12 വരെ 39 മില്ലീമീറ്റർ മഴ ലഭിക്കേണ്ടിടത്ത് 67 മില്ലീമീറ്റർ മഴയാണ് കേരളത്തിൽ ലഭിച്ചത്.
Adjust Story Font
16