മൃതദേഹങ്ങൾക്കായി മാവൂർ മുതൽ ചാലിയാർ പുഴയിൽ തിരച്ചിൽ തുടരുന്നു
17 മൃതദേഹങ്ങൾ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി
മലപ്പുറം: മുണ്ടക്കൈ ദുരന്തത്തിൽ അകപ്പെട്ടവരുടെ മൃതദേഹങ്ങൾക്കായി മാവൂർ മുതൽ ചാലിയാർ പുഴയിൽ തിരച്ചിൽ തുടരുകയാണെന്ന് പി.വി. അൻവർ എം.എൽ.എ പറഞ്ഞു. കൂടുതൽ മൃതദേഹങ്ങൾ ചാലിയാർ പുഴയിലുണ്ടാകാൻ സാധ്യയുണ്ട്. എൻ.ഡി.ആർ.എഫും പൊലീസും ഫയർഫോഴ്സും തിരച്ചിൽ നടത്തുന്നതിനോടൊപ്പം ജനകീയമായും തിരച്ചിൽ നടത്തുന്നുണ്ടെന്നും എം.എൽ.എ പറഞ്ഞു.
എടവണ്ണപ്പാറ, കീഴുപറമ്പ്, അരീക്കോട്, മൈത്രക്കടവ്, എടവണ്ണ, ഒടായിക്കടവ്, മമ്പാട് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം തിരച്ചിൽ തുടരുകയാണ്.
ചുങ്കത്തറ പൂക്കോട്ടുമണ്ണ റെഗുലേറ്റർ കം ബ്രിഡ്ജ് ന് സമീപത്തുനിന്ന് രണ്ടു മൃതദേഹങ്ങൾ ലഭിച്ചു. റെഗുലേറ്ററിന് താഴെ അടിഞ്ഞുകൂടിയ മരങ്ങൾക്കിടയിൽ കൂടുതൽ മൃതദേഹങ്ങൾ ഉണ്ടാകാമെന്ന് സന്നദ്ധ പ്രവർത്തകർ പറയുന്നു. മരങ്ങൾ മുറിച്ചുമാറ്റി തിരച്ചിൽ നടത്താൻ ഒരുങ്ങുകയാണ്.
ചാലിയാറിൽനിന്ന് നേരത്തേ 17 മൃതദേഹങ്ങൾ ലഭിച്ചിരുന്നു. നാല് മൃതദേഹങ്ങൾ ചുങ്കത്തറ പഞ്ചായത്ത് പരിധിയിൽനിന്നും ബാക്കിയുള്ളവ പോത്തുകൽ പഞ്ചായത്ത് പരിധിയിൽനിന്നുമാണ് ലഭിച്ചത്. മൃതദേഹങ്ങൾ നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൂടാതെ രണ്ട് മൃതദേഹഭാഗങ്ങളും ലഭിച്ചിട്ടുണ്ട്.
25 മൃതദേഹങ്ങൾ സൂക്ഷിക്കാനുള്ള സൗകര്യം നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്. കൂടുതൽ മൃതദേഹങ്ങൾ ലഭിച്ചാൽ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും.
Adjust Story Font
16