കൂട്ടിക്കൽ ദുരന്തഭൂമിയിലെ റിസോർട്ട് നിർമാണം പരിശോധിക്കുമെന്ന് എം.എൽ.എ; മീഡിയവൺ വാർത്തയിൽ ഇടപെടൽ
ഉരുൾപൊട്ടൽ 21 പേരുടെ ജീവനെടുത്ത അതീവ പരിസ്ഥിതിലോല മേഖലയയായ കൂട്ടിക്കൽ മലനിരകളിലാണ് റിസോർട്ട് നിർമാണം തകൃതിയായി നടക്കുന്നത്
കോട്ടയം: കൂട്ടിക്കൽ ദുരന്തഭൂമിയിലെ റിസോർട്ട് നിർമാണം പരിശോധിക്കുമെന്ന് പൂഞ്ഞാർ എം.എൽ.എ സെബാസ്റ്റ്യൻ കുളത്തുങ്കൽ. മനുഷ്യജീവനു ഭീഷണിയാകുന്നതൊന്നും അനുവദിക്കില്ല. അതേസമയം, പ്രദേശത്ത് നിർമാണ നിരോധനമില്ലെന്നും എം.എൽ.എ വ്യക്തമാക്കി. കൂട്ടിക്കൽ മലനിരകളിലെ അതീവ പരിസ്ഥിതിലോല മേഖലയിലെ വഴിവിട്ട റിസോർട്ട് നിർമാണപ്രവർത്തനങ്ങൾ മീഡിയവണാണു പുറത്തെത്തിച്ചത്.
ഉരുൾപൊട്ടൽ 21 പേരുടെ ജീവനെടുത്ത കൂട്ടിക്കൽ മലനിരകളിലാണ് റിസോർട്ട് നിർമാണം തകൃതിയായി നടക്കുന്നത്. ദുരന്തം ആവർത്തിക്കാതിരിക്കാൻ അതീവ പരിസ്ഥിതിലോല മേഖലയിലെ നിർമാണം നിരോധിക്കണമെന്നാണ് പരിസ്ഥിതി സംഘടനകളുടെ ആവശ്യം. അതേസമയം, ചട്ടപ്രകാരം മാത്രമാണ് നിർമാണ അനുമതി നൽകിയതെന്നായിരുന്നു പഞ്ചായത്ത് ഭരണസമിതിയുടെ വിശദീകരണം.
കൂട്ടിക്കൽ വില്ലേജിൽ വാഗമൺ മലനിരകളിൽ ഉൾപ്പെട്ട കോലാഹലമേട്, തങ്ങൾപാറ പ്രദേശങ്ങളിലാണ് റിസോർട്ട് നിർമാണം നടക്കുന്നത്. ചെങ്കുത്തായ മലനിരകളിൽ ബഹുനില റിസോർട്ടുകളുടെ നിർമാണം പുരോഗമിക്കുകയാണ്. ആഡംബര സൗകര്യങ്ങൾ ഉൾപ്പെടുന്നതാണ് റിസോർട്ടുകൾ. അതീവ പരിസ്ഥിതിലോല മേഖലയായ കൂട്ടിക്കലിലെ റിസോർട്ട് നിർമാണങ്ങൾക്ക് പിന്നിൽ ഉദ്യോഗസ്ഥ-ഭരണസമിതി അവിശുദ്ധ കൂട്ടുകെട്ടാണെന്ന് പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നു.
2021ലെ ഉരുൾപൊട്ടൽ ദുരന്തത്തിനുശേഷം പ്രദേശത്ത് പ്രവർത്തിച്ചിരുന്ന രണ്ട് ക്വാറികൾ ജനകീയ ഇടപെടലിനെ തുടർന്ന് പൂട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് റിസോർട്ട് മാഫിയ കൂട്ടിക്കലിൽ പിടിമുറുക്കുന്നത്. നിലവിൽ പഞ്ചായത്ത് പരിധിയിൽ നിർമാണ നിരോധനമില്ല. അതിനാൽ നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകുന്നതിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് കൂട്ടിക്കൽ പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. റവന്യൂ ഭൂമിയിലല്ല നിർമാണം എന്നതിനാൽ ഇടപെടാൻ കഴിയില്ലെന്നാണ് റവന്യൂ ഉദ്യോഗസ്ഥരുടെ നിലപാട്.
Summary: Poonjar MLA Sebastian Kulathunkal said that the construction of the resort in the Kottayam's Koottickal landslide disaster area will be inspected.
Adjust Story Font
16