Quantcast

രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികാഘോഷം ഇന്ന്

ആദ്യസർക്കാരിനെ താരതമ്യം ചെയ്യുമ്പോള്‍ രണ്ടാം സർക്കാരിൻറെ പ്രവർത്തനം തൃപ്തികരമല്ലെന്ന വിമർശനമാണ് രണ്ടാം വാർഷക വേളയിലും കാണാൻ കഴിയുന്നത്

MediaOne Logo

Web Desk

  • Updated:

    2023-05-20 01:29:15.0

Published:

20 May 2023 12:54 AM GMT

pinarayi Vijayan, pinarayo govt, kerala
X

തിരുവനന്തപുരം: വിവാദപരമ്പരകൾക്കിടെ രണ്ടാം പിണറായി സർക്കാറിന്‍റെ രണ്ടാം വാർഷികം ഇന്ന്. ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധനസെസ് മുതൽ എഐ ക്യാമറ വരെ എത്തി നിൽക്കുന്ന വിവാദങ്ങൾ സർക്കാരിനെ വരിഞ്ഞ് മുറിക്കിയിട്ടുണ്ട്. ദേശീയ പാത വികസനത്തിൻറെ വേഗതയും റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട ഡിജിറ്റൽ സർവേയും സർക്കാരിൻറെ നേട്ടങ്ങളാണ്. എംവി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായതോടെ തദ്ദേശമന്ത്രിസ്ഥാനത്തേക്ക് എംബി രാജേഷിനെ കൊണ്ട് വന്നതും മന്ത്രിസഭയിലെ ഏക മാറ്റമായി.

ചരിത്രത്തില്‍ ആദ്യമായി തുടര്‍ ഭരണം

ആദ്യ പിണറായി സർക്കാരിനെ പിടിച്ച് കുലുക്കിയ സ്വർണക്കടത്ത് കേസിനെ മറികടുന്നുള്ള വമ്പൻ വിജയം. എന്നാൽ രണ്ടാം സർക്കാറിനെതിരെ മന്ത്രിസഭ രൂപീകരണം മുതൽ ഇതുവരെ വിവാദങ്ങൾ വിട്ടൊഴിഞ്ഞിട്ടില്ല. സിൽവർ ലൈൻ വിവാദങ്ങൾക്കിടെ കോൺഗ്രസിൻറെ കുത്തകമണ്ഡലമായ തൃക്കാക്കരയിൽ തോൽവി രുചിച്ചതോടെ കെ റെയിലിൽ നിന്ന് സർക്കാർ കുറച്ച് പിന്നാക്കം പോയി. ഇതിനിടയിൽ സ്വർണക്കടത്ത് കേസും ലൈഫ് മിഷൻ കേസും വീണ്ടും കേന്ദ്ര ഏജൻസികൾ കുത്തിപ്പൊക്കി.

മുഖ്യമന്ത്രിയുടെ വിശ്വസ്താനായിരുന്ന എം ശിവശങ്കർ വീണ്ടും ജയിലായി. ഇതു പ്രതിപക്ഷത്തിൻറെ ആയുധമായിതിനിടയിലാണ് രണ്ടാം സർക്കാരിൻറെ രണ്ടാം ബജറ്റ് വരുന്നത്. ഇന്ധന സെസും ഭൂമിയുടെ ന്യായവിലയും വർധിച്ചതോടെ പ്രതിഷേധം ആളിക്കത്തി. മുഖ്യമന്ത്രിയും മന്ത്രിമാരും വഴിനീളെ കരിങ്കൊടി പ്രതിഷേധങ്ങൾ നേരിടേണ്ടി വന്നു. നിയമസഭയിലും പ്രതിപക്ഷത്തിൻറെ കടുത്ത പ്രതിഷേധം സർക്കാരിന് നേരെ ഉയർന്നു. സഭാസമ്മേളനം വെട്ടിച്ചുരുക്കി പ്രതിഷേധത്തിൽ നിന്ന് തലയൂരാൻ ശ്രമിച്ച സർക്കാരിന് മുന്നിലേക്കാണ് എഐ ക്യാമറ വിവാദം ഇടത്തീപോലെ വന്നുപെട്ടത്. സർക്കാരിനെതിരെ ആയിരിന്നു ആദ്യത്തെ അഴിമതി ആരോപണമെങ്കിൽ പിന്നീടത് മുഖ്യമന്ത്രിയുടെ വീട്ടിൽ വരെ എത്തി.

മുഖ്യമന്ത്രിയുടെ മകൻറെ ഭാര്യപിതാവിന് ബന്ധമുള്ള കന്പനിക്കാണ് കരാർ നൽകിയതെന്ന വിവരം പുറത്ത് വന്നെങ്കിലും പ്രതിരോധിക്കാൻ പിണറായിവിജയൻ തയ്യാറായില്ല. പതിവ് പോലെ സര്ക്കാരിനേയും പാർട്ടിയേയും പ്രതിരോധിക്കാൻ അരയും തലയും മുറുക്കി പാർട്ടി നേതൃത്വം രംഗത്തിറങ്ങി. എന്നിട്ടും ക്യാമറ വിവാദം ഇതുവരെ കെട്ടടങ്ങിയിട്ടില്ല.

വിവാദങ്ങൾ മറി കടക്കാൻ പതിവ് തന്ത്രം തന്നെയാണ് സർക്കാർ സ്വീകരിച്ചത്. രണ്ടാം വാർഷികത്തിൻറെ ഭാഗമായി സർക്കാർ നടത്തിയ വികസന നേട്ടങ്ങൾ മുഖ്യമന്ത്രി എല്ലാ ജില്ലകളിലും യാത്ര നടത്തി വിശദീകരിച്ചു. വിവാദങ്ങളോട് മൌനം പാലിച്ചു. ഇതിനിടിയിലും സർക്കാരിന് ഉയർത്തിക്കാട്ടാൻ വികസന നേട്ടങ്ങളുമുണ്ട്. കേരളത്തിൽ അതിവേഗം പുരോഗമിക്കുന്ന ദേശീയ പാത വികസനം. അതിദരിദ്രരെ കണ്ടെത്തി അവർക്ക് പുതിയ ജീവിത മാർഗ്ഗം നൽകാനുള്ള നീക്കങ്ങൾ. ലൈഫ് മിഷൻ വഴി കൂടുതൽ വീടുകൾ ഇങ്ങനെ പോകുന്നു സർക്കാരിൻറെ വികസന നേട്ടങ്ങൾ.

ആദ്യസർക്കാരിനെ താരതമ്യം ചെയ്യുന്‌പോൾ രണ്ടാം സർക്കാരിൻറെ പ്രവർത്തനം തൃപ്തികരമല്ലെന്ന വിമർശനമാണ് രണ്ടാം വാർഷിക വേളയിലും കാണാൻ കഴിയുന്നത്. അടുത്ത വർഷം ലോക്‌സഭ തെരഞ്ഞെടുപ്പായത് കൊണ്ട് കൂടുതൽ ജനകീയ ഇടപെടലുകൾ സംസ്ഥാന സർക്കാർ നടത്തുമെന്നാണ് പാർട്ടി അണികളുടെ വിശ്വാസം.

TAGS :

Next Story