Quantcast

കുതിരാൻ തുരങ്കം; രണ്ടാം ടണൽ ജനുവരിക്ക് മുമ്പ് തുറക്കും

അടുത്ത വർഷം ഏപ്രിലിൽ ദേശീയ പാത പൂർണമായി ഗതാഗത യോഗ്യമാക്കാൻ കഴിയുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്.

MediaOne Logo

Web Desk

  • Published:

    1 Oct 2021 1:48 AM GMT

കുതിരാൻ തുരങ്കം; രണ്ടാം ടണൽ ജനുവരിക്ക് മുമ്പ് തുറക്കും
X

കുതിരാൻ രണ്ടാം തുരങ്കം ഈ വർഷം അവസാനം തുറക്കാൻ കഴിയുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്. അടുത്ത വർഷം ഏപ്രിലിൽ ദേശീയ പാത പൂർണമായി ഗതാഗത യോഗ്യമാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

കുതിരാൻ രണ്ടാം തുരങ്കത്തിന്‍റെ നിർമാണ പ്രവർത്തിയിലും ദേശീയ പാത അതോരിറ്റിക്ക് എല്ലാ സഹകരണവും നൽകുമെന്ന് മന്ത്രി മുഹമ്മദ്‌ റിയാസ് പറഞ്ഞു. തുരങ്കത്തിലെ കോൺക്രീറ്റ് ലൈനിങ് പ്രവർത്തികൾ നവംബർ 15നകം പൂർത്തിയാകും. തൊഴിലാളികളുടെ എണ്ണം നാലിരട്ടിയായി വർധിപ്പിക്കാൻ തൃശൂർ കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. രണ്ടാഴ്ചക്ക് ശേഷം ജില്ലയിലെ മന്ത്രിമാർ അടക്കം പങ്കെടുക്കുന്ന യോഗത്തിൽ വനം വകുപ്പിന് നൽകാനുള്ള ഭൂമി, ടോൾ തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച് ചർച്ചയുണ്ടാകും.

ദേശീയപാത 544-ൽ പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിക്കും തൃശ്ശൂർ ജില്ലയിലെ മണ്ണുത്തിക്കും ഇടയിലാണ് കുതിരാൻ മലയെ തുരന്നുകൊണ്ടുള്ള തുരങ്കം. മാസ്റ്റർ പ്ലാൻ പ്രകാരം 920 മീറ്ററാണ് നീളം. തുരങ്കമുഖം ഉൾപ്പെടെ കൃത്യമായ ദൂരം ഒരു കിലോമീറ്ററാണ്. 14 മീറ്റർ വീതിയിലാണ് ഇരട്ട തുരങ്കത്തിൻെറ നിർമ്മാണം. ഉയരം പത്തു മീറ്റർ. തുരങ്കങ്ങൾ തമ്മിൽ 20 മീറ്റർ അകലവുമുണ്ട്. വൻ കരിമ്പാറക്കെട്ടുകൾ നിറഞ്ഞ കുതിരാൻമലയിലെ നാലുകിലോമീറ്ററോളം വരുന്ന ഗതാഗതക്കുരുക്കിനാണ് പുതിയ തുരങ്കത്തോടെ അവസാനമാകുന്നത്. .

2004-05 കാലത്താണ് ഡൽഹിയിൽ ദേശീയപാത അതോരിറ്റിയുടെ ഉന്നത ഉദ്യോഗസ്ഥർ ഇരട്ടക്കുഴൽ തുരങ്കം എന്ന ആശയം രൂപപ്പെടുത്തിയത്. 2006ൽ വിശദമായ പദ്ധതിരേഖ തയ്യാറാക്കി. ഇരുമ്പു പാലം ഭാഗത്തുനിന്ന് ആരംഭിച്ച് കുതിരാന്‍ ക്ഷേത്രത്തിന് താഴെ വഴുക്കുംപാറയിലാണ് തുരങ്കം അവസാനിക്കുന്നത്.

ഇരുമ്പു പാലത്തിന് താഴെ പീച്ചി ഡാമിന്റെ വൃഷ്ടിപ്രദേശമാണ്. സംരക്ഷിത വനവും വന്യജീവി സങ്കേതവും കാരണം സ്ഥലമെടുക്കാനുളള അനുമതിയ്ക്കും തുല്യമായ സ്ഥലം സർക്കാരിന് വിട്ടു നൽകാനും വനത്തിന് പകരമായി നഷ്ടപരിഹാരം കെട്ടിവെയ്ക്കാനുമായി കടമ്പകൾ ഏറെയായിരുന്നു. 2010ൽ കരാർ ഉറപ്പിച്ചു. ആറുവരിപ്പാതയുടെ കരാറുകാരായ കെ.എം.സി കമ്പനി തുരങ്കംപണി പ്രഗതി ഗ്രൂപ്പിന് ഉപകരാർ നൽകി.

TAGS :

Next Story