ആലപ്പുഴ സിപിഎമ്മിൽ കടുത്ത നടപടി; മൂന്ന് ഏരിയ കമ്മിറ്റികൾ പിരിച്ചുവിട്ടു
വിഭാഗീയ പ്രവർത്തനങ്ങളിൽ കുറ്റക്കാരെന്ന് കണ്ടെത്തിയതിനെ തുടർന്ന് ചിത്തരഞ്ജൻ എംഎൽഎയെ തരംതാഴ്ത്തി
ആലപ്പുഴ: ആലപ്പുഴയിലെ സി.പി.എം വിഭാഗീയതയിൽ ‘തിരുത്തൽ’ നടപടിയുമായി സംസ്ഥാന നേതൃത്വം. സമ്മേളനകാലത്തെ വിഭാഗീയത പ്രവർത്തനങ്ങളിൽ പങ്കാളികളായ നേതാക്കൾ അടക്കമുള്ളവർക്കെതിരെ കർശന അച്ചടക്കനടപടി സ്വീകരിച്ചു. ചിത്തരഞ്ജൻ എംഎൽഎയെ തരംതാഴ്ത്തി. പി.പി ചിത്തരഞ്ജൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്നു. വിഭാഗീയ പ്രവർത്തനങ്ങളിൽ കുറ്റക്കാരെന്ന് കണ്ടെത്തിയാണ് നടപടി. സംസ്ഥാന സെക്രട്ടറി പങ്കെടുത്ത യോഗത്തിലാണ് നടപടി റിപ്പോർട്ട് ചെയ്തത്.
മൂന്ന് ഏരിയ കമ്മിറ്റികൾ പിരിച്ചുവിട്ടു. ആലപ്പുഴ സൗത്ത്, നോർത്ത്, ഹരിപ്പാട് ഏരിയ കമ്മിറ്റികളാണ് പിരിച്ചുവിട്ടത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം സത്യപാലനെയും തരംതാഴ്ത്തിയിട്ടുണ്ട്. ലഹരിക്കടത്ത് കേസിൽ എ ഷാനവാസിനെ പാർട്ടി പുറത്താക്കി.
അതേസമയം,വിഭാഗീയത അന്വേഷിക്കാൻ പാർട്ടി നിയോഗിച്ച പി.കെ. ബിജുവും ടി.പി. രാമകൃഷ്ണനും അംഗങ്ങളായ കമീഷൻ സമർപ്പിച്ച റിപ്പോർട്ടിൽ ജില്ലയിലെ ഉന്നത നേതാക്കളടക്കമുള്ളവരുടെ പങ്ക് കണ്ടെത്തിയിരുന്നു. ജില്ല സെക്രട്ടേറിയറ്റ് നേതാക്കളടക്കം 30 പേരിൽനിന്ന് വിശദീകരണവും തേടിയിരുന്നു.
Adjust Story Font
16