Quantcast

പാർലമെന്റ് തെരഞ്ഞടുപ്പ്: മതേതര ഇന്ത്യയെ തിരിച്ചു പിടിക്കാനാവണം-എസ്.വൈ.എസ്

സമസ്ത നേതാക്കളും സമുദായ നേതാക്കളും കൂടിയിരുന്ന് പരിഹരിക്കേണ്ടവിഷയങ്ങൾ തെരഞ്ഞെടുപ്പിന്റെ മുഖത്ത് ചർച്ചയാക്കുന്നത് സമുദായത്തിന്റെ കെട്ടുറപ്പ് തകർക്കാൻ ശത്രുവിന് വടി നൽകലായിരിക്കുമെന്നും നേതാക്കൾ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    24 April 2024 10:14 AM GMT

Secular India should be reclaimed - S.Y.S
X

മലപ്പുറം: രാജ്യം നിർണായക തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോൾ മതേതര ഇന്ത്യയെ തിരിച്ചുപിടിക്കാനാണ് വോട്ട് ചെയ്യേണ്ടതെന്ന് എസ്.വൈ.എസ് നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയെന്ന ബഹുസ്വര ആശയത്തെയും അത് ഉറപ്പുതരുന്ന ഭരണഘടനയെയും അപ്രസക്തമാക്കുന്ന വിധത്തിലാണ് ബി.ജെ.പി സർക്കാർ മുന്നോട്ടു പോകുന്നത്. ഫാസിസം രാജ്യത്തെ വരിഞ്ഞുമുറുക്കിയിരിക്കുന്നു. ന്യൂനപക്ഷങ്ങൾ നാനാ ഭാഗത്തുനിന്നും നിരന്തരം ഭീഷണികൾ നേരിട്ടുകൊണ്ടിരിക്കുന്നു. രാജ്യത്തെ മുസ്‌ലിംകളെ മാത്രം അധിക്ഷേപിച്ചുകൊണ്ട് കഴിഞ്ഞ ദിവസം പോലും പ്രധാനമന്ത്രി സംസാരിക്കുകയുണ്ടായി. ഈ തെരഞ്ഞെടുപ്പ് അഖണ്ഠതയുടെയും ചേർന്നുനിൽപ്പിന്റെയും രാജ്യത്തെ തിരിച്ചുപിടിക്കാനും അതിന്റെ ബഹുസ്വരതയെ കാത്തുസൂക്ഷിക്കാനും ഉപകരിക്കുന്നതാവണമെന്ന് എസ്.വൈ എസ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, സീനിയർ വൈസ് പ്രസിഡന്റ് അബ്ദുസമദ് പൂക്കോട്ടൂർ, ജന:സെക്രട്ടറി സലീം എടക്കര, ട്രഷറർ ഖാദർ ഫൈസി കുന്നുംപുറം എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ രാജ്യത്തെ മതേതര ജനാധിപത്യ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

സമസ്തക്ക് പ്രത്യേകമായി രാഷ്ട്രീയ ബന്ധമില്ല. ഇതിനർത്ഥം രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് പ്രവർത്തിക്കാൻ അത് ഉദ്ദേശിക്കുന്നില്ല എന്നതാണ്. വ്യക്തികൾക്ക് മതവിരുദ്ധമല്ലാത്ത രാഷ്ട്രീയപാർട്ടിയിൽപ്രവർത്തിക്കാം. എന്നാൽ സംഘടനക്ക് രാഷ്ട്രീയമില്ല.

സമസ്തയിലും മുസ്‌ലിം ലീഗിലും മതപരമായും രാഷ്ട്രീയമായും ഒരേ ചിന്താഗതിക്കാരാണ് കൂടുതൽ ഉള്ളത്. ഈയടിസ്ഥാനത്തിലാണ് സമസ്തയും മുസ്‌ലിം ലീഗും എല്ലാ കാലത്തും പരസ്പര ബന്ധം നിലനിർത്തിപ്പോരുന്നത്. സമസ്തയുടെ കഴിഞ്ഞ കാല പണ്ഡിതന്മാർ കാണിച്ചുതന്ന പാരമ്പര്യവും മാതൃകയുമാണത്. അത് എന്നും തുടർന്നുപോരുന്നതുമാണ്. പാണക്കാട് സാദാത്തുക്കളുമായുള്ള ബന്ധവും ഇവിടെ വളരെ പ്രധാനപ്പെട്ടതാണ്. സമസ്തയും പാണക്കാട് തങ്ങന്മാരും ചേർന്നുള്ള പ്രവർത്തനമാണ് കേരളത്തിൽ ഇന്നു കാണുന്ന സൗഹാർദാന്തരീക്ഷത്തിന് വഴിതുറന്നിട്ടുള്ളത്.

പാണക്കാട് തങ്ങന്മാരും സമസ്തയും തമ്മിലുള്ള ബന്ധത്തെ വഷളാക്കാനും അതുവഴി കേരളീയ മുസ്‌ലിം സമൂഹത്തിന്റെ സംഘടിത ഭദ്രത നശിപ്പിക്കാനും ഇന്ന് സോഷ്യൽ മീഡിയയിലും പുറത്തും ചിലർ ശക്തമായി ശ്രമിക്കുന്നുണ്ട്. കേരള മുസ്‌ലിംകളുടെ സംഘടിത കുതിപ്പിൽ അസൂയ പൂണ്ട് ചിലർ നടന്നത്തുന്ന ഈ പ്രചാരവേലകൾക്കു പിന്നിലെ അജണ്ടകളെ പ്രാസ്ഥാനിക പ്രവർത്തകർ തിരിച്ചറിയേണ്ടതുണ്ടെന്നും നേതാക്കൾ പറഞ്ഞു.

സമസ്തയുടെ പേര് ദുരുപയോഗം ചെയ്ത് ഫോൺ കാമ്പയിനുകളും സോഷ്യൽമീഡിയ പ്രചാരണങ്ങളും ചിലരുടെ പ്രസ്താവനകളും അരങ്ങേറുകയും സമസ്ത നേതാക്കളുടെ വ്യക്തമായ പ്രസ്താവനകൾക്ക് ശേഷവും അത് തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ വ്യക്തത വരുത്തൽ അനിവാര്യമായി വന്നതിനാലാണ് ഇക്കാര്യം ബോധ്യപ്പെടുത്തേണ്ടിവരുന്നത്. സമസ്ത നേതാക്കളും സമുദായ നേതാക്കളും കൂടിയിരുന്ന് പരിഹരിക്കേണ്ടവിഷയങ്ങൾ തെരഞ്ഞെടുപ്പിന്റെ മുഖത്ത് ചർച്ചയാക്കുന്നത് സമുദായത്തിന്റെ കെട്ടുറപ്പ് തകർക്കാൻ ശത്രുവിന് വടി നൽകലായിരിക്കും.

രാജ്യത്തെ വെട്ടി മുറിക്കുന്ന വർഗീയ കക്ഷികളെ അധികാരത്തിൽനിന്നു താഴെ ഇറക്കാനും രാജ്യത്തിന്റെ ബഹുസ്വരതയെ കാത്തുസൂക്ഷിക്കുന്ന മതേതര കക്ഷികളെ അധികാരത്തിൽ കൊണ്ടുവരാനും ഈ തെരഞ്ഞെടുപ്പിൽ ഓരോരുത്തരും തങ്ങളുടെ സമ്മതിദാനാവകാശം ഉപയോഗിക്കേണ്ടതുണ്ട്. രാജ്യത്തെ വളരെ നിർണായകമായ ഈ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം തിരിച്ചറിയാനും സാമുദായികവും സംഘടനാപരവുമായ ഛിദ്രതയുണ്ടാക്കി അതിനെതിരെ ഇറങ്ങിത്തിരിച്ചവരുടെ അജണ്ടകളെ മനസ്സിലാക്കാനും എല്ലാവരും തയ്യാറാവേണ്ടതുണ്ടന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

TAGS :

Next Story