Quantcast

വാഗ്ദാനങ്ങളിൽ വീഴില്ല, മതേതരത്വവും ജനാധിപത്യവും ഫെഡറലിസവും സംരക്ഷിക്കപ്പെടണം: സിറോ മലബാർ സഭ

‘വന്യമൃഗ ശല്യത്തിൽനിന്ന് ശാശ്വത പരിഹാരം വേണം’

MediaOne Logo

Web Desk

  • Published:

    26 March 2024 12:38 PM GMT

Syro Malabar Church
X

കൊച്ചി: മതേതരത്വവും ജനാധിപത്യവും ഫെഡറലിസവും സംരക്ഷിക്കപ്പെടണമെന്ന് സിറോ മലബാർ സഭ. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭരണഘടനാ സംരക്ഷണത്തിന് പ്രധാന്യം നൽകണമെന്നും സഭാ വക്താവ് ഫാദർ ആന്റണി വടക്കേക്കര മീഡിയവൺ 'ദേശീയപാത'യിൽ പ്രതികരിച്ചു.

ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പ് വളരെ പ്രാധാന്യമർഹിക്കുന്ന കാര്യമാണ്. സഭ ഒരു കാലത്തും രാഷ്ട്രീയപരമായ തീരുമാനങ്ങളോ നിലപാടുകളോ പറയാറില്ല. വന്യമൃഗ ശല്യത്തിൽനിന്ന് ശാശ്വതമായ പരിഹാരം വനംവകുപ്പും സർക്കാറും സ്വീകരിക്കണം. കർഷകരുടെ വിളകൾക്ക് അർഹമായ താങ്ങുവില ലഭ്യമാക്കുകയും അത് ഉറപ്പുവരുത്തുകയും ചെയ്യേണ്ടതുണ്ട്.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ രാഷ്ട്രീയ അതിപ്രസരം പ്രശ്നങ്ങൾ സൃഷ്ടിക്കുകയും കാമ്പസുകളെ കലാപ കലുഷിതമാക്കുന്നുണ്ടോ എന്നത് പൊതുസമൂഹം ചർച്ച ചെയ്യുന്നുണ്ട്. കാമ്പസ് രാഷ്ട്രീയത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരണം. പി.എസ്.സി പരീക്ഷ എഴുതി വിജയിക്കുന്നവർക്ക് സർക്കാർ തൊഴിൽ ഉറപ്പുവരുത്തണം.

രാഷ്ട്രീയ വാഗ്ദാനങ്ങളിൽ വീഴുന്നവരല്ല മലയാളികൾ. അതിനാൽ തന്നെ രാഷ്ട്രീയ പാർട്ടികളുടെയും സ്ഥാനാർഥികളുടെയും നിലപാടുകൾ വോട്ടർമാർ പ്രാധാന്യത്തോടെയാണ് കാണുന്നത്.

ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന ജനാധിപത്യവും മതനിരപേക്ഷതയും മറ്റു മൂല്യങ്ങളും സംരക്ഷിക്കപ്പെടുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതിനെതിരായ ഭീഷണികളും ഏകാധിപത്യ പ്രവണതകളും ജനാധിപത്യ ഭരണകൂടത്തിന് പ്രോത്സാഹിപ്പിക്കപ്പെടാൻ കഴിയില്ല.

ക്രൈസ്തവർക്ക് നേരെയും ദേവാലയങ്ങൾക്ക് നേരെയുമുള്ള ആക്രമണങ്ങൾ ആശങ്കയുളവാക്കുന്നുണ്ട്. ഇത്തരം ആക്രമണങ്ങൾ അവസാനിപ്പിക്കേണ്ടത് ബന്ധപ്പെട്ട സർക്കാറുകളുടെയും നിയമപാലകരുടെയും ഉത്തരവാദിത്തമാണ്. ഇക്കാര്യത്തിൽ അധികൃതർക്ക് നിഷ്ക്രിയത്വവും മൗനം പാലിക്കലും അലംഭാവവും ഉണ്ടായിട്ടുണ്ടോ എന്നതിൽ വിശ്വാസികൾക്ക് സംശയമുണ്ടായിട്ടുണ്ടെങ്കിൽ അവരെ തെറ്റുപറയാൻ പറ്റില്ല.

ആക്രമണങ്ങളിൽ സംരക്ഷണം ലഭിക്കുന്നതോടൊപ്പം എല്ലാവിധ മതങ്ങളും പ്രചരിപ്പിക്കാനുള്ള സംരക്ഷണവും ലഭിക്കണമെന്നും ഫാദർ ആന്റണി വടക്കേക്കര വ്യക്തമാക്കി.



TAGS :

Next Story