മലബാർ സമരം: വാരിയംകുന്നത്തിന്റെ ഗവർണർ സീതിക്കോയ തങ്ങളുടെ ഫോട്ടോയും കണ്ടെത്തി
1922 ൽ വാരിയംകുന്നത്തിനും ചെമ്പ്രശ്ശേരി തങ്ങൾക്കുമൊപ്പം സീതിക്കോയ തങ്ങളെയും ബ്രിട്ടീഷ് പട്ടാളം വെടിവെച്ച് കൊന്നെന്നും കാളപ്പാടൻ അലി അധികാരിയുടെ നേതൃത്വത്തിൽ മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ചെന്നുമാണ് ചരിത്രത്തിലുള്ളത്
മലബാർ സമരനായകൻ വാരിയംകുന്നത്തിന്റെ ഫോട്ടോ പുറത്തുവന്നതിന് പിറകേ മറ്റൊരു നായകനായിരുന്ന കുമരംപുത്തൂർ സീതിക്കോയ തങ്ങളുടെയും ഫോട്ടോ പുറത്തുവന്നു. നൂറുവർഷത്തിന് ശേഷമാണ് ഫോട്ടോ കണ്ടെത്തിയത്. വാരിയംകുന്നത്തിന്റെ ഫോട്ടോ കണ്ടെത്തിയ ഫ്രഞ്ച് ആർക്കൈവിൽനിന്ന് തന്നെയാണ് അദ്ദേഹത്തിന്റെ മലയാള രാജ്യത്തിലെ ഗവർണറായിരുന്ന തങ്ങളുടേയും ഫോട്ടോ കണ്ടെത്തിയത്. 82 വയസ്സുള്ള പേരക്കുട്ടി കോയക്കുട്ടി തങ്ങൾ ഉൾപ്പെടെയുള്ളവർ അവർ നേരിൽക്കണ്ട, സീതിക്കോയ തങ്ങളുടെ സഹോദരൻ ഇമ്പിച്ചിക്കോയ തങ്ങളുടെയും മറ്റും രൂപസാദൃശ്യം വെച്ച് ഫോട്ടോ സ്ഥിരീകരിച്ചതായി മാധ്യമം ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.
സീതിക്കോയ തങ്ങളെ അന്വേഷിച്ചെത്തിയ ബ്രിട്ടീഷ് പട്ടാളം പള്ളിക്കുന്നിൽ റൂട്ട് മാർച്ച് നടത്തിയതും വെടിവെപ്പ് നടത്തിയതുമെല്ലാം ചരിത്രത്തിൽ കാണാം. 1922 ൽ വാരിയംകുന്നത്തിനും ചെമ്പ്രശ്ശേരി തങ്ങൾക്കുമൊപ്പം സീതിക്കോയ തങ്ങളെയും ബ്രിട്ടീഷ് പട്ടാളം വെടിവെച്ച് കൊന്നെന്നും കാളപ്പാടൻ അലി അധികാരിയുടെ നേതൃത്വത്തിൽ മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ചെന്നുമാണ് ചരിത്രത്തിലുള്ളത്.
ഒക്ടോബർ 29 ന് മലപ്പുറത്ത് നടന്ന സുൽത്താൻ വാരിയംകുന്നൻ പുസ്തക പ്രകാശന ചടങ്ങിലാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രം പുറത്തിറക്കിയത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാർത്ഥ ചിത്രത്തോടെയാണ് ''സുൽത്താൻ വാരിയൻ കുന്നൻ'' പുസ്തകം പ്രകാശനം ചെയ്തത്. റമീസ് മുഹമ്മദ് എഴുതിയ സുൽത്താൻ വാരിയൻ കുന്നൻ എന്ന പുസ്തക പ്രകാശനം ചെയ്തത് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കുടുംബാംഗങ്ങളാണ്. ഒരുപാട് അന്വേഷണം നടത്തിയതിന് ശേഷമാണ് വാരിയംകുന്നന്റെ യഥാർത്ഥ ചിത്രം ലഭിച്ചതെന്ന് റമീസ് മുഹമ്മദ് പറഞ്ഞിരുന്നു. ബ്രിട്ടണിൽ നിന്ന് ചിത്രം വിട്ടുകിട്ടില്ലെന്ന് ഉറപ്പായതോടെയാണ് ഫ്രഞ്ച് മാഗസിനിൽ നിന്ന് ചിത്രം ലഭിച്ചത്. പിന്നീട് വിദഗ്ധരുമായി ചർച്ച ചെയ്താണ് അത് വാരിയംകുന്നന്റെ ചിത്രമാണ് എന്ന നിഗമനത്തിലെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോയമ്പത്തൂരിൽ നിന്നാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ബന്ധുക്കളെ കണ്ടെത്തിയത്. പുസ്തകം പ്രകാശനം ചെയ്യാനായി വാരിയംകുന്നന്റെ പേരമകൾ ഹാജറയാണ് മലപ്പുറത്തെത്തിയത്.
'സുൽത്താൻ വാരിയം കുന്നൻ' എന്ന പുസ്തകത്തിലൂടെ പുറത്തു വിട്ട മലബാർ സമരനായകൻ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രത്തിന്റെ ആധികാരികത വിവാദമായ സാഹചര്യത്തിൽ പുസ്തകത്തിന്റെ അടുത്ത പതിപ്പിൽ ഫോട്ടോ പ്രസിദ്ധീകരിച്ച ഫ്രഞ്ച് മാഗസിന്റെ മൂന്ന് പേജുകൾ കൂടി ഉൾപ്പെടുത്തുമെന്ന് രചയിതാവ് റമീസ് മുഹമ്മദ് ഒ. 'മീഡിയവണി'നോട് പറഞ്ഞിരുന്നു. ചിത്രം ലഭിച്ചത് സയൻസ് അറ്റ് വോയേജസ് എന്ന ഫ്രഞ്ച് മാഗസിനിൽ നിന്നാണെന്നും അത്തരം വിവരങ്ങളെല്ലാം പുസ്തകത്തിൽ പറയുന്നുണ്ടെന്നും ചിത്രത്തിന്റെ ആധികാരികത ചോദ്യം ചെയ്യുന്നവർ പുസ്തകം വായിക്കാത്തവരാണെന്നും അദ്ദേഹം വ്യക്തമാക്കി. വാരിയംകുന്നൻ സിനിമയുടെ തിരക്കഥാകൃത്തുകളിൽ ഒരാളായ റമീസ്.
Adjust Story Font
16