'സിനിമയിലൂടെ വയലൻസിനെ വിൽക്കുന്നു'; മീഡിയവൺ ലൈവത്തോണിൽ എ.എ റഹീം എംപി
'കുട്ടികളുടെ സ്ക്രീൻ ടൈമിനെക്കുറിച്ച് പരാതി പറയുന്ന മാതാപിതാക്കൾ എത്ര സമയം മക്കളോട് സംസാരിക്കാനായി ചിലവഴിക്കാറുണ്ട്'

കോഴിക്കോട്: സിനിമയിലൂടെ വയലൻസിനെ വിൽക്കുകയാണെന്ന് എ.എ റഹീം എംപി. വയലൻസ് ഉപയോഗിച്ച് സിനിമക്ക് വിപണി ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. പല നടന്മാരും വയലൻസ് വേണമെന്ന് ആവശ്യപ്പെടുന്നുണ്ടെന്നാണ് ഒരു സംവിധായകൻ കഴിഞ്ഞ ദിവസം തന്നോട് പറഞ്ഞത്. ഇത് പുതിയ തലമുറയിലും വലിയ തോതിൽ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് എ.എ റഹീം എംപി പറഞ്ഞു. ലഹരിക്കെതിരായ മീഡിയവൺ ലൈവത്തോണിൽ ആയിരുന്നു എ.എ റഹീമിന്റെ പ്രതികരണം.
കുട്ടികളുടെ സ്ക്രീൻ ടൈമിനെക്കുറിച്ച് പരാതി പറയുന്ന മാതാപിതാക്കൾ എത്ര സമയം മക്കളോട് സംസാരിക്കാനായി ചിലവഴിക്കാറുണ്ടെന്നും എ.എ റഹീം എംപി ചോദിച്ചു. മക്കളോട് ചോദ്യം ഉയർത്തുമ്പോൾ ആ ചോദ്യം നമുക്ക് നേരെയും ഉയരുന്നു. മുതിർന്നവരുടെ സ്ക്രീൻ സമയം കൂടുമ്പോൾ കുട്ടികൾക്ക് അവകാശപ്പെട്ട സമയം ലഭിക്കാതെ പോകുന്നു.
കുട്ടികളുടെ മാനസികാരോഗ്യം ഗൗരവതരമായ ഒരു പ്രശ്നം ആണെന്നും റഹീം മീഡിയവൺ ലൈവത്തോണിൽ ചൂണ്ടിക്കാട്ടി. ഒരു മുഖക്കുരുവിന് പോലും മികച്ച ചികിത്സ ലഭ്യമാക്കുന്ന രക്ഷിതാക്കൾ കുട്ടികളുടെ മനസികപ്രശ്നങ്ങൾ മറച്ച് വെക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16