Quantcast

ഉമ്മൻചാണ്ടിയും ഷാഫി പറമ്പിലും കെ ബാബുവും സദസ്സിൽ; കോൺഗ്രസിൽ അച്ചടക്കമാണ് സാറേ മെയിൻ!

നേതൃത്വം പറഞ്ഞത് അച്ചട്ടായി അനുസരിക്കുകയാണ് ഇപ്പോൾ കോൺഗ്രസുകാർ

MediaOne Logo

Web Desk

  • Published:

    31 Oct 2021 6:52 AM GMT

ഉമ്മൻചാണ്ടിയും ഷാഫി പറമ്പിലും കെ ബാബുവും സദസ്സിൽ; കോൺഗ്രസിൽ അച്ചടക്കമാണ് സാറേ മെയിൻ!
X

തിരുവനന്തപുരം: പാർട്ടി സെമി കേഡർ സംവിധാനത്തിലേക്ക് മാറുമെന്ന കോൺഗ്രസ് അധ്യക്ഷൻ കെ സുധാകരന്റെ പ്രഖ്യാപനത്തെ കേരള രാഷ്ട്രീയം ഏറെ കൗതുകത്തോടെയാണ് കേട്ടത്. സ്റ്റേജിലേക്ക് ഇടിച്ചു കയറുന്ന നേതാക്കളുള്ള പാർട്ടിയിൽ ഇതൊക്കെ നടക്കുമോ എന്ന് കോൺഗ്രസുകാർ തന്നെ അടക്കം പറയുകയും ചെയ്തു. എന്നാൽ നേതൃത്വം പറഞ്ഞത്, അച്ചട്ടായി അനുസരിക്കുകയാണ് ഇപ്പോൾ കോൺഗ്രസുകാർ എന്നതാണ് ഏറെ കൗതുകകരം.

അത് ഒടുവിൽ കണ്ടത് എറണാകുളത്താണ്. വർഗീയതയ്‌ക്കെതിരെ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച പദയാത്രയുടെ സമാപനച്ചടങ്ങിൽ. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, എംഎൽഎമാരായ പിടി തോമസ്, കെ ബാബു, ഷാഫി പറമ്പിൽ തുടങ്ങിയ സംസ്ഥാന നേതാക്കളൊക്കെ സ്റ്റേജിന് താഴെയാണിരുന്നത്. സ്റ്റേജിൽ സ്ഥാനം പ്രാസംഗികനു മാത്രം. ഉമ്മൻചാണ്ടിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.

തുടക്കം കോഴിക്കോട്ടു നിന്ന്

കോഴിക്കോട്ട് കെ സുധാകരൻ ഉദ്ഘാടനം ചെയ്ത ഡിസിസി നേതൃയോഗത്തോടെയാണ് പാർട്ടിയിലെ പുതിയ മാറ്റങ്ങൾക്ക് തുടക്കമായത്. വേദിയിൽ സുധാകരൻ ഉൾപ്പെടെ 12 പേർക്ക് മാത്രമേ ഇടമുണ്ടായിരുന്നുള്ളൂ. കെപിസിസി സെക്രട്ടറിമാർക്കു വരെ സദസ്സിലായിരുന്നു സ്ഥാനം.

സദസ്സിലെ കസേരകളിൽ സംസ്ഥാന ഭാരവാഹികളുടെ പേരും മറ്റുള്ളവരുടെ ക്രമനമ്പരും രേഖപ്പെടുത്തിയിരുന്നു. കെപിസിസി, ഡിസിസി ഭാരവാഹികൾ, ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാർ, പോഷകസംഘടനാ ജില്ലാ പ്രസിഡന്റുമാർ എന്നിവരാണു യോഗത്തിൽ പങ്കെടുത്തത്. ഇവരുടെ പേരും ക്രമനമ്പറും രേഖപ്പെടുത്തിയ പട്ടിക റജിസ്‌ട്രേഷൻ കൗണ്ടറിലുണ്ടായിരുന്നു.

സ്വന്തം ഫ്‌ളക്‌സ് വച്ച് നേതാവാകേണ്ടെന്നും നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടി ഫണ്ടിനായി എംപിമാർ, എംഎൽഎമാർ, തദ്ദേശ സ്ഥാപനങ്ങളിലെയും സഹകരണ സ്ഥാപനങ്ങളിലെയും ഭരണസമിതി അംഗങ്ങൾ എന്നിവർ ലെവി നൽകണമെന്നും നിർദേശമുണ്ട്. പുതിയ കെപിസിസി നേതൃത്വം നടത്തിയ മൂന്നു സർവേകളുടെ ഫലവും മാനവശേഷി വികസന വിദഗ്ധർ നൽകിയ റിപ്പോർട്ടുകളും പരിശോധിച്ചാണ് കോൺഗ്രസിൽ മാറ്റങ്ങൾക്കുള്ള മാർഗരേഖ തയാറാക്കിയത്.

TAGS :

Next Story