ലക്ഷദ്വീപിലേക്ക് എം.പിമാരുടെ സംഘത്തെ അയക്കണമെന്ന് മുസ്‌ലിം ലീഗ്
ലക്ഷദ്വീപ് ജനതയുടെ സമാധാനജീവിതം തകര്‍ക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നും എം.പിമാര്‍ ആവശ്യപ്പെട്ടു.
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങളെയും കരിനിയമങ്ങള്‍ ഉപയോഗിച്ചു നടക്കുന്ന ജനവിരുദ്ധ നീക്കങ്ങളെയും നേരിട്ട് മനസ്സിലാക്കാനായി കേരളത്തിലെ പാര്‍ലമെന്റ് അംഗങ്ങള്‍ ഉള്‍കൊള്ളുന്ന ഒരു പ്രതിനിധിസംഘത്തെ അയക്കണമെന്ന് മുസ്‌ലിം ലീഗ എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, അബ്ദുസ്സമദ് സമദാനി, പി.വി അബ്ദുല്‍ വഹാബ് എന്നിവര്‍ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു.
ലക്ഷദ്വീപിലെ ജനങ്ങളുടെ ജീവിതത്തെ താളം തെറ്റിക്കുന്ന വിധത്തില്‍ സങ്കീര്‍ണവും നീചവുമായ സാഹചര്യങ്ങള്‍ ഉണ്ടാക്കുകയാണ് അഡ്മിനിസ്‌ട്രേറ്റര്‍ ചെയ്യുന്നത്. ശാന്തപ്രിയരും സമാധാന സ്‌നേഹികളുമായ ദ്വീപ് ജനതയെ പ്രകോപിതരാക്കുന്ന വിധത്തില്‍ തെറ്റായ പ്രവര്‍ത്തനങ്ങളാണ് ഈ അഡ്മിനിസ്‌ട്രേറ്റര്‍ അനുദിനം ചെയ്തുകൊണ്ടിരിക്കുകയാണ്. പൂര്‍ണമായും ഒരു ബി.ജെ.പിക്കാരനെപ്പോലെ പ്രവര്‍ത്തിക്കുകയാണ് അഡ്മിനിസ്‌ട്രേറ്റര്‍ ചെയ്യുന്നത്. ഭരണഘടനക്ക് വിരുദ്ധമായി ജനങ്ങളുടെ താല്‍പര്യത്തെ എതിര്‍ത്തുകൊണ്ട് പുതിയ നിയമങ്ങള്‍ സൃഷ്ടിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള നിയമ നടപടികളില്‍ അദ്ദേഹം ഭരണഘടന തത്വങ്ങള്‍ തന്നെ ലംഘിക്കുകയാണ്. ഭരണഘടന പ്രകാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിരുന്ന അധികാര അവകാശങ്ങള്‍ തന്നിലേക്ക് തിരിച്ചെടുക്കുകയാണ് അദ്ദേഹം ചെയ്യുന്നതെന്നും എം.പിമാര്‍ പറഞ്ഞു.
അഡ്മിനിസ്‌ട്രേറ്റര്‍ കൊണ്ടുവന്ന പഞ്ചായത്ത് നിയമത്തിലെ ഭേദഗതിയില്‍ രണ്ട് കുട്ടികള്‍ക്ക് മേലെയുള്ളവര്‍ തിരഞ്ഞെടുപ്പിന് നില്‍ക്കാന്‍ പോലും പറ്റില്ലെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ലക്ഷദ്വീപ് മൃഗ സംരക്ഷണ നിയമത്തിന്റെ പേരില്‍ ആദ്ദേഹം കൊണ്ട് വന്നത് ബീഫ് നിരോധനം പോലുള്ള നടപടികളാണ്. അവിടെ താമസിക്കുന്നവരുടെ ഭക്ഷണ രീതി തന്നെ മാംസാഹാരമാണ്. തന്റെ സൈദ്ധാന്തിക ഇഷ്ടങ്ങള്‍ നടപ്പിലാക്കാന്‍ വേണ്ടിയാണ് അഡ്മിനിസ്‌ട്രേറ്റര്‍ ഔദ്യോഗിക പദവികള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. എക്കാലത്തും ശാന്തിയും സമാധാനവും കളിയാടുകയും കുറ്റകൃത്യങ്ങള്‍ തീരെ ഇല്ലാതിരിക്കുകയും ചെയ്ത ദ്വീപില്‍ ഗുണ്ടാ ആക്ട് നടപ്പിലാക്കിയത് ദുരുദ്ദേശ്യത്തോടെയാണ്. പ്രാദേശികമായിട്ട് പല ഗവണ്മെന്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്ന താല്‍ക്കാലിക ജീവനക്കാരെയെല്ലാം അതോടപ്പം തന്നെ മത്സ്യതൊഴിലാളികളെയും അദ്ദേഹം പല കള്ളക്കേസുകളിലും കുടുക്കുകയാണ്.
ലക്ഷദ്വീപിലെ ജനസംഖ്യാനുപാതം തകര്‍ക്കുക, അവിടെ ലഭ്യമായിക്കൊണ്ടിരിക്കുന്ന ആദിവാസി സംവരണം ഇല്ലാതാക്കുക തുടങ്ങിയ അജണ്ടയും അഡ്മിനിസ്‌ട്രേറ്ററുടെ നേതൃത്വത്തില്‍ നടത്തിയെടുക്കാന്‍ ശ്രമങ്ങള്‍ നടക്കുകയാണ്. ലക്ഷദ്വീപ് ജനതയുടെ സമാധാനജീവിതം തകര്‍ക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നും എം.പിമാര്‍ ആവശ്യപ്പെട്ടു.
Adjust Story Font
16