Quantcast

മുതിർന്ന മാധ്യമ പ്രവർത്തകൻ ഇ. സോമനാഥ് നിര്യാതനായി

മസ്തിഷ്കാഘാതത്തെ തുടർന്ന് തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലായിരുന്നു അന്ത്യം

MediaOne Logo

Web Desk

  • Updated:

    2022-01-28 07:19:24.0

Published:

28 Jan 2022 6:58 AM GMT

മുതിർന്ന മാധ്യമ പ്രവർത്തകൻ ഇ. സോമനാഥ് നിര്യാതനായി
X


മുതിർന്ന മാധ്യമപ്രവർത്തകനും മലയാള മനോരമ മുൻ സീനിയർ സ്പെഷൽ കറസ്പോണ്ടന്റുമായ ഇ.സോമനാഥ്(58) അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്നു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: രാധ. മകള്‍: ദേവകി. മരുമകന്‍: മിഥുന്‍.

രാഷ്ട്രീയം, പരിസ്ഥിതി തുടങ്ങിയ മേഖലകളിൽ കേരളം കണ്ട ഏറ്റവും മികച്ച മാധ്യമപ്രവർത്തകരിൽ ഒരാളായിരുന്നു സോമനാഥ്. അതുല്യമായ ശൈലിയിൽ അദ്ദേഹം എഴുതിയ രാഷ്ട്രീയലേഖനങ്ങളും പംക്തികളും ഏറെ ശ്രദ്ധിക്കപ്പെട്ടു. മുതിർന്ന മാധ്യമപ്രവർത്തകരിൽ ഒരാളായിരിക്കുമ്പോഴും മറ്റുള്ളവരോടു നടത്തിയ ലാളിത്യമാർന്ന ഇടപെടലുകൾ വഴി 'സോമേട്ടൻ' എന്നാണ് മാധ്യമപ്രവർത്തകർക്കിടയിലും പൊതുസമൂഹത്തിലും ഇ.സോമനാഥ് പൊതുവേ വിളിക്കപ്പെട്ടത്.

'ആഴ്ചക്കുറിപ്പുകൾ' എന്ന പേരിൽ മലയാള മനോരമ എഡിറ്റോറിയൽ പേജിൽ സോമനാഥ് ദീർഘകാലം എഴുതിയ പ്രതിവാര രാഷ്ട്രീയ പംക്തിയിലെ ലേഖനങ്ങൾ കേരളമാകെ ചർച്ച ചെയ്തവയാണ്. വിപുലമായ വായന ആ എഴുത്തിന് ഉൾക്കാമ്പു നൽകി. സോമനാഥിന്റെ 'നടുത്തളം' നിയമസഭാവലോകനങ്ങൾ സൂക്ഷ്മനിരീക്ഷണം കൊണ്ടും മൂർച്ചയേറിയ ആക്ഷേപഹാസ്യശരങ്ങൾ കൊണ്ടും വേറിട്ടുനിന്നു. വിമർശനാത്മകമായി ആണെങ്കിൽ പോലും അതിൽ പേരു പരാമർശിക്കപ്പെടാൻ ആഗ്രഹിക്കാത്ത നിയമസഭാംഗങ്ങൾ കുറവായിരുന്നു. മുപ്പതുവർഷത്തിനിടെ വെറും അഞ്ചു ദിവസം മാത്രമാണ് സോമനാഥ് നിയമസഭാ അവലോകനത്തിനായി സഭയിലെത്താതിരുന്നത്.

നിയമസഭാ റിപ്പോർട്ടിങ്ങിൽ മൂന്നു പതിറ്റാണ്ടു പിന്നിട്ട അപൂർവത കണക്കിലെടുത്ത് സാമാജികർക്കു മാത്രമായി അനുവദിച്ച നിയമസഭയിലെ മീഡിയാ റൂമിൽ പ്രത്യേക ചടങ്ങിലൂടെ ഇക്കഴിഞ്ഞ ഓഗസ്റ്റിൽ സോമനാഥിനെ ആദരിച്ചിരുന്നു. സ്പീക്കറും മന്ത്രിമാരും എംഎൽഎമാരും നേരിട്ടെത്തിയാണ് സോമനാഥിനെ ഇതിൽ ആദരിച്ചത്. സഭാ റിപ്പോർട്ടിങ്ങിനായി എത്തുന്ന യുവ മാധ്യമപ്രവർത്തകർക്കുപോലും മാർഗനിർദ്ദേശങ്ങൾ തേടാൻ വലുപ്പചെറുപ്പമില്ലാതെ ഇടപെടാനാകുന്ന വ്യക്തിത്വം കൂടിയായിരുന്നു സോമനാഥ്. 34 വർഷം മലയാള മനോരമയിൽ സേവനമനുഷ്ഠിച്ച ഇ.സോമനാഥ് ഇക്കാലയളവിൽ കോട്ടയം, ഇടുക്കി, കണ്ണൂർ, കൊല്ലം, ഡൽഹി, തിരുവനന്തപുരം യൂണിറ്റുകളിൽ പ്രവർത്തിച്ചു.

തികഞ്ഞ പ്രകൃതിസ്നേഹി കൂടിയായ സോമനാഥ് കടന്നുചെല്ലാത്ത കാടുകൾ കേരളത്തിൽ കുറവാണ്. നിരവധി വനപാലകരും കാടുപരിപാലിക്കുന്നവരും സോമനാഥിന്റെ സുഹൃത്ത്‌വലയത്തിൽ ഉൾപ്പെട്ടു. പ്രകൃതിസ്നേഹത്തിന്റെ നിറവുൾക്കൊണ്ട് ദിവസങ്ങളോളം കാടിനുള്ളിൽ ചെലവഴിച്ച സോമനാഥിന് കേരളത്തിലെ ഒട്ടുമിക്ക വനമേഖലകളും നാട്ടുവഴികളെപ്പോലെ പരിചിതമായിരുന്നു. വനത്തിനുള്ളിൽ കഴിയുന്ന ആദിവാസികളെ പോലും പേരെടുത്തു പറയാനുള്ള അടുപ്പവും അദ്ദേഹം സൂക്ഷിച്ചു.

വള്ളിക്കുന്ന് അത്താണിക്കലാണു സ്വദേശം. വള്ളിക്കുന്ന് നേറ്റീവ് എയുപി സ്കൂൾ പ്രധാന അധ്യാപകനും മാനേജരുമായിരുന്ന പരേതനായ സി.എം.ഗോപാലൻ നായരുടെയും ഇതേ സ്കൂളിലെ അധ്യാപികയായിരുന്ന പരേതയായ ഇ.ദേവകിയമ്മയുടെയും മകൻ. സഹോദരങ്ങൾ: പ്രേമകുമാരി (റിട്ട. അധ്യാപിക, മോഡൽ ഹയർ സെക്കൻഡറി സ്കൂൾ, സർവകലാശാല ക്യാംപസ്), വേലായുധൻകുട്ടി (റിട്ട. അധ്യാപകൻ, സി.ബി ഹയർ സെക്കൻഡറി സ്കൂൾ, വള്ളിക്കുന്ന്), വിജയലക്ഷ്മി( റിട്ട.പ്രഫസർ, മട്ടന്നൂർ പഴശ്ശിരാജ കോളജ്), ജാനകി ദേവി (റിട്ട. അധ്യാപിക, നേറ്റീവ് എയുപി സ്കൂൾ), ബാലസുബ്രഹ്മണ്യം.

മുഖ്യമന്ത്രി അനുശോചിച്ചു

മലയാളമനോരമ സ്പെഷ്യൽ കറസ്പോണ്ടന്റായിരുന്ന ഇ. സോമനാഥിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. രണ്ടു പതിറ്റാണ്ടിലേറെയായി തലസ്ഥാനത്ത് മാധ്യമ പ്രവർത്തകനായിരുന്ന സോമനാഥ് നിയമസഭാ റിപ്പോർട്ടിംഗിലൂടെയും പ്രതിവാര കോളത്തിലൂടെയും മികവുതെളിയിച്ച പ്രഗത്ഭ പത്രപ്രവർത്തകനായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

News Summary : Senior journalist E. Somnath passed away

Next Story