പി.വി അൻവർ ഉന്നയിച്ചത് ഗുരുതര ആരോപണങ്ങൾ; പി.ശശിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നെന്ന് വി.ഡി സതീശൻ
'ഭരണപക്ഷ എംഎൽഎക്കെതിരെ തന്നെ ആരോപണം ഉന്നയിക്കുന്ന മുഖ്യമന്ത്രി അദ്ദേഹത്തിനെതിരെ നടപടിയെടുക്കുമോ?'- സതീശൻ ചോദിച്ചു.
കൊച്ചി: പി.വി അൻവർ എംഎൽഎയുടെ ആരോപണങ്ങളിൽ മുഖ്യമന്ത്രിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണം അൻവർ ഉന്നയിച്ചിട്ടും പി.ശശിയെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് സതീശൻ പറഞ്ഞു. പല ആവശ്യങ്ങൾക്കും മുഖ്യമന്ത്രി പി.വി അൻവറിനെ ഉപയോഗിച്ചിട്ടുണ്ടെന്നും വി.ഡി സതീശൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
'ഭരണപക്ഷ എംഎൽഎക്കെതിരെ തന്നെ ആരോപണം ഉന്നയിക്കുന്ന മുഖ്യമന്ത്രി അദ്ദേഹത്തിനെതിരെ നടപടിയെടുക്കുമോ. അദ്ദേഹത്തെ വിശ്വസിക്കാൻ കൊള്ളില്ല എന്നാണ് പറയുന്നത്. മുഖ്യമന്ത്രി ഭരണപക്ഷ എംഎൽഎക്കെതിരെ തന്നെ ആരോപണം ഉന്നയിക്കുകയാണ്. എങ്കിൽ ഭരണകക്ഷി എംഎൽഎക്കെതിരെ നടപടിയെടുക്കാൻ തയാറുണ്ടോ?. പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരെ അൻവർ ഗുരുതര ആരോപണം ഉന്നയിച്ചു. എന്നാൽ പൊളിറ്റിക്കൽ സെക്രട്ടറിയെ ഇപ്പോഴും മുഖ്യമന്ത്രി സംരക്ഷിക്കുന്നു. എഡിജിപിക്കെതിരെ പകുതി ആരോപണങ്ങൾ മാത്രമാണ് അന്വേഷിക്കുന്നത്- സതീശൻ പറഞ്ഞു.
മുഖ്യമന്ത്രി പറയുന്നതിലൊന്നും ഒരു യുക്തിയില്ലെന്നും സതീശൻ അഭിപ്രായപ്പെട്ടു. തനിക്കെതിരെ 150 കോടി ആരോപണം ഉന്നയിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. ആരെയൊക്കെ ഉപയോഗിക്കണം എന്ന് മുഖ്യമന്ത്രിക്ക് അറിയാം. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉപചാപക സംഘം ഉണ്ടെന്ന് താൻ പണ്ട് പറഞ്ഞിരുന്നു. ഇപ്പോ ചില പേരുകൾ പുറത്തു വന്നില്ലേ എന്നും സതീശൻ ചോദിച്ചു.
മാധ്യമങ്ങൾക്കെതിരെ മുഖ്യമന്ത്രി സംസാരിച്ചു. കേസെടുക്കും എന്ന് ഭീഷണിപ്പെടുത്തി. വ്യാജ വാർത്തകൾക്ക് കേസെടുക്കണം എങ്കിൽ ദേശാഭിമാനിക്ക് എതിരെയാണ് കേസെടുക്കേണ്ടത്. ആർഎസ്എസ് പിന്തുണയോടെയാണ് കൂത്തുപറമ്പിൽ പിണറായി വിജയിച്ചത്. മസ്കറ്റ് ഹോട്ടലിൽ കൂടിക്കാഴ്ച നടത്തിയത് അല്ലേയെന്നും സതീശൻ കൂട്ടിച്ചേർത്തു.
Adjust Story Font
16