ബഫർ സോൺ പ്രഖ്യാപിച്ചതിൽ ഗുരുതര പിഴവ്; മുതലമട വില്ലേജ് പട്ടികയിൽ നിന്ന് പുറത്ത്
വനമേഖലയെ പരിസ്ഥിതിലോല മേഖലയിൽ നിന്നും ഒഴിവാക്കി
പാലക്കാട്: വന്യജീവി സങ്കേതങ്ങളുടെ സംരക്ഷണത്തിനായി ബഫർ സോൺ പ്രഖ്യാപിച്ചതിൽ ഗുരുതര പിഴവുകൾ സംഭവിച്ചതായി ആക്ഷേപം. പാലക്കാട് പറമ്പിക്കുളം കടുവ സങ്കേതം ഉൾകൊള്ളുന്ന മുതലമട വില്ലേജ് - ഒന്ന് പട്ടികയിൽ നിന്നും പുറത്താണ്. എന്നാൽ കിലോമീറ്ററുകൾ അപ്പുറത്തുള്ള ജനവാസമേഖകൾ ബഫർ സോൺ ഭൂപടത്തിൽ ഉൾപെടുത്തുകയും ചെയ്തു.
മുതലമട വില്ലേജ് ഒന്നിന്റെ ഭൂരിഭാഗം പ്രദേശങ്ങളും വനമാണ്. വെള്ളാരംകടവ്, മുണ്ടി പതി, ചെമ്മണാംപതി തുടങ്ങിയ വനമേഖലയെല്ലാം പരിസ്ഥിതി ലോല മേഖലയിൽ നിന്നും ഒഴിവായി. വനം വകുപ്പും സ്വകാര്യ തോട്ടം ഉടമകളും തമ്മിൽ കേസ് നടക്കുന്ന പൊരിയച്ചോല, മിന്നാം പാറ എസ്റ്റേറ്റുകൾ ഉൾപെടെ പരിസ്ഥിതി ലോല മേഖലയിൽ നിന്നും പുറത്താണ്. മുതലമട രണ്ട് വില്ലേജും പരിസ്ഥിതിലോല മേഖലക്ക് പുറത്താണ്. ക്വാറി മാഫിയയുടെ സമ്മർദ്ദമാണ് അതീവ പരിസ്ഥിതി ലോല പ്രദേശങ്ങളെ ബഫർ സോണിൽ നിന്നും ഒഴിവാക്കാൻ കാരണമെന്ന് പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നു.
പറമ്പിക്കുളത്ത് നിന്നും 70 കിലോമീറ്റർ റോഡു മാർഗം സഞ്ചരിച്ചാൽ എത്തുന്ന മംഗലംഡാം വില്ലേജും കിഴക്കഞ്ചേരി 2 വില്ലേജും പരിസ്ഥിതി ലോല മേഖലയിൽ ഉൾപെടുത്തിയിട്ടുണ്ട്. കയറാടി വില്ലേജ് , തിരുവഴിയാട് വില്ലേജ്, നെല്ലിയാമ്പതി വില്ലേജ് എന്നിവ പൂർണ്ണമായും പറമ്പിക്കുളം വന്യജീവി സങ്കേതത്തിന്റെ ബഫർ സോണിൽ ഉൾപെടും. കൊല്ലംങ്കോട് ഒരു വില്ലേജും ഭാഗികമായി ബഫർ സോണിൽ വരും. നിരവധി ജനവാസ മേഖലകളെ ഉൾപെടുത്തിയിട്ടും പറമ്പികുളത്തോട് ചേർന്ന് കിടക്കുന്ന വനമേഖലയെ ഒഴിവാക്കിയത് എന്താണെന്ന ചോദ്യമാണ് ബാക്കിയാകുന്നത്.
Adjust Story Font
16