Quantcast

അസമിൽ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം: ഇ.ടി മുഹമ്മദ് ബഷീർ എം.പി

സംഭവത്തിൽ അടിയന്തര ഇടപെടലുണ്ടാകാനും ഇരകൾക്ക് നീതി ലഭിക്കാനും മുസ്‌ലിംലീഗ് സാധ്യമായതെല്ലാം ചെയ്യുമെന്ന്

MediaOne Logo

Web Desk

  • Published:

    24 Sep 2021 4:37 PM GMT

അസമിൽ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം: ഇ.ടി മുഹമ്മദ് ബഷീർ എം.പി
X

അസമിൽ ദരംഗ് ജില്ലയിലെ ധോൽപൂരിൽ നിരാലംബരായ മനുഷ്യർക്ക് നേരെ ഭൂമി ഒഴിപ്പിക്കലിന്റെ പേരിൽ ഭരണകൂടം നടപ്പാക്കുന്ന നരനായാട്ടും കൂട്ടക്കൊലയും ഞെട്ടിക്കുന്നതും അപമാനകരവുമാണെന്ന് മുസ്‌ലിംലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി. ജന്മനാട്ടിൽ പൗരത്വം ചോദ്യം ചെയ്യപ്പെടുന്നവരെ വെടിവെച്ച് കൊന്നു ഇല്ലായ്മ ചെയ്യുന്നത് പരിഷ്‌കൃത സമൂഹത്തിന് ഭൂഷണമല്ലെന്നും വാർത്തക്കുറിപ്പിൽ എം.പി പറഞ്ഞു.

മൂന്നു പേരെ വെടിവെച്ച് കൊന്നെന്നു മാത്രമല്ല, മൃതദേഹങ്ങളോട് പോലും അനാദരവ് കാണിച്ചത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. മൃതശരീരങ്ങൾക്കു മേൽ നൃത്തം ചവിട്ടുന്ന ജില്ലാ ഭരണകൂടത്തിന്റെ ഫോട്ടോഗ്രാഫർ ബിജോയ് ശങ്കർ ബനിയയും കൂട്ടു നിൽക്കുന്ന പൊലീസും സംഭവത്തിന്റെ ഭയാനകത വിളിച്ചോതുന്നു. ഒരു ജീവിയോടും ചെയ്യാൻ പാടില്ലാത്ത ക്രൂരതയാണിത്. പതിറ്റാണ്ടുകളായി അധിവസിക്കുന്ന ഭൂമിയിൽ നിന്ന് പാവങ്ങളെ തോക്കുകൾ കൊണ്ട് തുടച്ചു നീക്കുന്ന ഭരണകൂടവും മൃതദേഹത്തിൽ നൃത്തം ചവിട്ടുന്ന മാനസികാവസ്ഥയും ലോകത്തിനു മുമ്പിൽ രാജ്യത്തിന്റെ മുഖം വികൃതമാക്കുന്നതാണെന്ന് ഇ.ടി പറഞ്ഞു.

ബംഗാളി വംശജരായ എണ്ണൂറോളം മുസ്‌ലിംകൾ പതിറ്റാണ്ടുകളായി അധിവസിക്കുന്ന മേഖലയിൽ ഒരു നഷ്ടപരിഹാരവും നൽകാതെ ഒഴിഞ്ഞു പോകാൻ ആജ്ഞാപിച്ച് തോക്കുകൾ കൊണ്ട് സംസാരിക്കുന്നവർ പരത്തുന്ന വംശീയത നാനാത്വത്തിൽ ഏകത്വം മുറുകെപിടിക്കുന്ന ഇന്ത്യാ മഹാരാജ്യത്തിന് ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി ഹിമന്ത ബിശ്വാ ശർമയുടെ ആജ്ഞപ്രകാരം നടക്കുന്ന കൊടിയ പാതകം അവസാനിപ്പിക്കാൻ, രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇടപെടണമെന്നും കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾക്ക് നേതൃത്വം നൽകിയ പൊലീസുകാരെ നിയമത്തിനു മുമ്പിലെത്തിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.

ഇക്കാര്യത്തിൽ അടിയന്തര ഇടപെടലുണ്ടാകാനും ഇരകൾക്ക് നീതി ലഭിക്കാനും മുസ്‌ലിംലീഗ് സാധ്യമായതെല്ലാം ചെയ്യുമെന്ന് ഇ.ടി മുഹമ്മദ് ബഷീർ പ്രസ്താവനയിൽ പറഞ്ഞു.

TAGS :

Next Story