'അജിത്തിന് വ്യക്തി വൈരാഗ്യം, വിനീതിനെ കൊണ്ട് ശുചിമുറി വൃത്തിയാക്കിച്ചു'; അസിസ്റ്റന്‍റ് കമാൻഡന്‍റിനെതിരെ ഗുരുതര വെളിപ്പെടുത്തല്‍
ക്യാമ്പിലുണ്ടായിരുന്ന സുനീഷിന്‍റെ മരണത്തിൽ അജിത്തിന്‍റെയടക്കം പങ്ക് ചോദ്യം ചെയ്തത് വിരോധത്തിന് വഴിവെച്ചെന്നാണ് മൊഴി
മലപ്പുറം: എസ്ഒജി ക്യാമ്പിലെ വിനീതിന്‍റെ മരണത്തിൽ അസിസ്റ്റന്‍റ് കമാൻഡന്‍റ് അജിത്തിനെതിരെ ഗുരുതര വെളിപ്പെടുത്തൽ. അജിത്തിന്‍റെ വ്യക്തി വൈരാഗ്യമാണ് വിനീതിന്‍റെ മരണത്തിന് കാരണമെന്ന് അന്വേഷണ സംഘത്തിന് സഹപ്രവർത്തകർ മൊഴി നൽകി. ക്യാമ്പിലുണ്ടായിരുന്ന സുനീഷിന്‍റെ മരണത്തിൽ അജിത്തിന്‍റെയടക്കം പങ്ക് ചോദ്യം ചെയ്തത് വിരോധത്തിന് വഴിവെച്ചെന്നാണ് മൊഴി.
2021 ൽ ആണ് മരിച്ച വിനീതിന്‍റെ സുഹൃത്തും നാട്ടുകാരനുമായ സുനീഷ് അരീക്കോട് എസ്ഒജി ക്യാംപിലെ ട്രെയിനിങ്ങിനിടെ കുഴഞ്ഞുവീഴുന്നത്. മേലുദ്യോഗസ്ഥരുടെ അലംഭാവം കാരണം ആശുപത്രിയിൽ എത്തിക്കാൻ വൈകിയതാണ് സുനീഷ് മറിക്കാൻ കാരണമെന്നും എസ്ഒജി കമാൻഡോകൾ ആരോപിക്കുന്നു. സുനീഷിന്‍റെ മരണത്തിൽ അസിസ്റ്റന്‍റ് കമാന്‍ഡന്‍റായ അജിത്തിനുൾപ്പെടെയുള്ള പങ്ക് വിനീത് ചോദ്യം ചെയ്തത് വ്യക്തി വൈരാഗ്യത്തിന് കാരണമായി എന്നാണ് എസ്ഒജി കമാൻഡോകളുടെ മൊഴി. വിനീതിനെ കൊണ്ട് ക്യാംപിലെ ശുചിമുറി വൃത്തിയാക്കിച്ചു, കാട് വെട്ടിത്തെളിക്കാൻ നിർദേശിച്ചു എന്നീ മൊഴികളും എസി അജിത്തിനെതിരെ സഹപ്രവർത്തകർ നൽകി.
ചെറിയ കാരണങ്ങൾ പറഞ്ഞ് വിനീതിനെ റിഫ്രഷ്മെന്‍റ് കോഴ്‌സിൽ പരാജയപ്പെടുത്തിയെന്നും അവധി നിഷേധിച്ചെന്നും എസ്ഒജി കമാൻഡോകൾ നൽകിയ മൊഴിയിലുണ്ട്. കൊണ്ടോട്ടി ഡിവൈഎസ്‍പി കെ.സി സേതുവിന്‍റെ നേതൃത്വത്തിലാണ് കേസന്വേഷണം. വരും ദിവസങ്ങളിൽ വിനീതിന്‍റെ കുടുംബത്തിന്‍റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും.. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് അരീക്കോട് എസ്ഒജി ക്യാംപിലെ ശുചിമുറിയിൽ തണ്ടർബോൾട്ട് കമാൻഡോ ആയിരുന്ന വിനീത് സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയത്.
Adjust Story Font
16