അഭിഭാഷകയായി ആൾമാറാട്ടം: സെസി സേവ്യര്‍ മുൻകൂർ ജാമ്യാപേക്ഷ നൽകി
ആലപ്പുഴ സി.ജെ.എം കോടതിയിൽ കീഴടങ്ങാൻ ഇവരെത്തിയെങ്കിലും ജാമ്യമില്ല വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്ന് കണ്ടെത്തി മുങ്ങുകയായിരുന്നു
ആലപ്പുഴ കോടതിയിൽ അഭിഭാഷകയായി ആൾമാറാട്ടം നടത്തിയ സെസി സേവ്യര്‍ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. മനപ്പൂർവ്വം ആൾമാറാട്ടം നടത്തിയിട്ടില്ലെന്നും സുഹൃത്തുക്കൾ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും സെസിയുടെ മുൻകൂർ ജാമ്യാപേക്ഷയില്‍ പറഞ്ഞു. തനിക്കെതിരായ വഞ്ചനാകുറ്റം നിലനിൽക്കില്ലെന്നും സെസി സേവ്യർ കോടതിയെ അറിയിച്ചു.
ഐ.പി.സി. 417(വഞ്ചന), 419, 420(ആള്‍മാറാട്ടം) എന്നിവയാണ് സെസിക്കെതിരെ ചുമത്തിയിരുന്നത്. എല്‍.എല്‍.ബി പാസാകാത്ത സെസി സേവ്യര്‍ തിരുവനന്തപുരം സ്വദേശിനി സംഗീത എന്ന അഭിഭാഷകയുടെ റോള്‍ നമ്പര്‍ ഉപയോഗിച്ചാണ് പ്രാക്ടീസ് ചെയ്തിരുന്നത്. സംഗീതയില്‍നിന്ന് പൊലീസ് വിവരം ശേഖരിച്ചാണ് ആള്‍മാറാട്ടം ചുമത്തിയത്. 2019ലാണ് ആലപ്പുഴ ബാര്‍ അസോസിയേഷനില്‍ സെസി അംഗത്വമെടുക്കുന്നത്. പിന്നീട് അസോസിയേഷന്‍ ലൈബ്രേറിയനായും തെരഞ്ഞെടുക്കപ്പെട്ടു. സെസിയുടെ തട്ടിപ്പ് കണ്ടെത്തിയ ബാർ അസോസിയേഷൻ ഇവരെ പുറത്താക്കി പൊലീസിൽ പരാതി നൽകിയതോടെ ഒളിവിൽ പോവുകയായിരുന്നു.
പിന്നീട് ആലപ്പുഴ സി.ജെ.എം കോടതിയിൽ കീഴടങ്ങാൻ ഇവരെത്തിയെങ്കിലും ജാമ്യമില്ല വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്ന് കണ്ടെത്തി മുങ്ങി. തുടർന്നാണ് ഹൈകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
Adjust Story Font
16