നിയമസഭയുടെ ഏഴാം സമ്മേളനത്തിന് തുടക്കമായി; വിലക്കയറ്റത്തിന് കാരണം കേന്ദ്രസർക്കാറെന്ന് ഭക്ഷ്യമന്ത്രി
റേഷൻ വ്യാപാരികളുടെ കമീഷൻ വെട്ടിക്കുറച്ചിട്ടില്ലെന്നും ജി.ആർ അനിൽ
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനത്തിന് തുടക്കമായി. വിലക്കയറ്റത്തിന് കാരണം കേന്ദ്ര സർക്കാരാണെന്നും വിലക്കയറ്റം കുറക്കാൻ സർക്കാർ ഇടപെടുന്നുണ്ടന്നും ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ അനിൽ ഉന്നയിച്ചു. 'വിലക്കയറ്റം പിടിച്ചു നിർത്താൻ കേരളത്തിന് കഴിഞ്ഞു. റേഷൻ കടകൾ പലതും സ്ഥല പരിമിതിയിലാണ് പ്രവർത്തിക്കുന്നത്. ഇത്തരത്തിലുള്ള 3330 കടകൾ കേരളത്തിലുണ്ട്. അവർക്ക് പുതിയ കട തുടങ്ങാൻ ലോൺ അനുവദിക്കും'. റേഷൻ വ്യാപാരികളുടെ കമീഷൻ വെട്ടിക്കുറച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
നിയമനിർമാണത്തിന് മാത്രമായി ചേരുന്ന സഭ 9 ദിവസത്തേയ്ക്കാണ് സമ്മേളിക്കുന്നത്. ഗവർണറെ ചാൻസലർ പദവിയിൽ നിന്നും നീക്കാനുള്ള ബിൽ ഈ സമ്മേളനത്തിൽ സഭയിൽ അവതരിപ്പിക്കും. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി 8 ബില്ലുകൾ സഭ പരിഗണിക്കും.
സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാൻ വേണ്ടിയുള്ള ബിൽ പാസ്സാക്കുകയാണ് സമ്മേളനത്തിൻറെ പ്രധാന അജണ്ട തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദം അടിയന്തരപ്രമേയമായി ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം. വിഴിഞ്ഞം സമരവും രാഷ്ട്രീയ കൊലപാതകങ്ങളിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കങ്ങളും സഭയിൽ വരും.
ഈ മാസം 15 വരെ തീരുമാനിച്ചിരുക്കുന്ന സഭ സമ്മേളനം സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്ത ചർച്ചകൾക്ക് വഴി വെച്ചേക്കും. സംസ്ഥാനത്തിൻറെ ചരിത്രത്തിൽ ആദ്യമായാണ് ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ബിൽ സർക്കാർ കൊണ്ടു വരുന്നത്.അതിന് സർക്കാരിന് വ്യക്തമായ കാരണങ്ങൾ നിരത്താനുമുണ്ട്. സർകലാശാല ഭരണത്തിൽ ഗവർണർ അനാവശ്യമായി തുടർച്ചയായി ഇടപെടുന്നു, വിസി മാരെ പുറത്താക്കി ഉന്നത വിദ്യാഭ്യാസ മേഖലയിൽ കാവിവത്കരണം നടത്താൻ ശ്രമിക്കുന്നു തുടങ്ങി നിരവധി ആരോപണങ്ങളും ഇതിലുണ്ട്. എന്നാൽ കോൺഗ്രസ് ഇതിനോട് യോജിക്കുന്നില്ല. ബില്ലിനെ എതിർക്കുമെന്ന പ്രതിപക്ഷനേതാവ് പറഞ്ഞെങ്കിലും മുസ്ലീം ലീഗിന് അതിനോട് പൂർണ്ണയോജിപ്പില്ല. സർവകലാശാലകളിലെ ഗവർണറുടെ ഇടപെടലുകളിൽ ലീഗിന് അതൃപ്തിയുണ്ട്. എന്നിരുന്നാലും ബില്ലിനെ പിന്തുണയാക്കാനുള്ള സാധ്യത കുറവാണ്. പ്രതിപക്ഷത്ത് അഭിപ്രായവ്യത്യാസമുണ്ടായാൽ അതിനെ ആയുധമാക്കാനാണ് സർക്കാർ നീക്കം.
തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാരാജേന്ദ്രൻറെ പേരിൽ പുറത്ത് വന്ന കത്തിന്റെ പേരിൽ ഉണ്ടായ വിവാദമാണ് പ്രതിപക്ഷം ഇന്ന് നിയമസഭയിൽ അടിയന്തരപ്രമേയമായി ഉന്നയിക്കുക. സംസ്ഥാനത്തെ സർവകലാശാലകളിലും തദ്ദേശ സ്ഥാപനങ്ങളിലും കമ്യൂണിസ്റ്റ് വത്കരണം നടത്തുന്നുവെന്നാണ് പ്രതിപക്ഷ ആരോപണം. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട ശ്രദ്ധക്ഷണിക്കൽ കടകംപള്ളി സുരേന്ദ്രൻ സഭയിൽ ഉയർത്തും. രാഷ്ട്രീയ കൊലപാതകങ്ങളിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള സർക്കാർ നീക്കം പ്രതിപക്ഷം ഉന്നയിക്കും.
Adjust Story Font
16