മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു; നടിയുടെ പരാതിയിൽ ഏഴുപേർക്കെതിരെയും കേസെടുത്തു
ഒരു കേസ് തിരുവനന്തപുരത്തും ബാക്കിയെല്ലാം എറണാകുളത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലുമാണ് രജിസ്റ്റർ ചെയ്തത്.
കൊച്ചി/തിരുവനന്തപുരം: നടി നൽകിയ ലൈംഗികാതിക്രമ പരാതിയില്‍ ഏഴുപേർക്കെതിരെയും കേസെടുത്തു. നടന്മാരായ മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു, പ്രോഡക്ഷൻ കൺട്രോളർമാരായ നോബിൾ, വിച്ചു, കോൺഗ്രസ് നേതാവ് അഡ്വ. ചന്ദ്രശേഖരൻ എന്നിവർക്കെതിരെയാണ് നടപടിയെടുത്തത്. ഒരു കേസ് തിരുവനന്തപുരത്തും ബാക്കിയെല്ലാം എറണാകുളത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലുമാണ് രജിസ്റ്റർ ചെയ്തത്.
നേരത്തെ മരട് പൊലീസാണ് മുകേഷിനെതിരെ കേസെടുത്തത്. ജാമ്യമില്ലാ വകുപ്പാണു ചുമത്തിയിരിക്കുന്നത്. ആലുവയിലെ ഫ്‌ലാറ്റിൽ 12 മണിക്കൂർ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസിന്റെ തുടർനടപടികളിലേക്ക് പൊലീസ് കടന്നത്. പരാതിക്കാരിയുടെ മൊഴിപ്പകർപ്പ് ജില്ലാ പൊലീസ് മേധാവിമാർക്ക് കൈമാറിയിരുന്നു.
ഐപിസി 376(ബലാത്സംഗം), 509(സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം), 354(സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശ്യത്തോടെയുള്ള ബലപ്രയോഗം), 452(അതിക്രമിച്ചുകടക്കൽ) തുടങ്ങിയ വകുപ്പുകളാണ മുകേഷിനെതിരെ ചുമത്തിയിരിക്കുന്നത്.
സെക്രട്ടറിയേറ്റിൽ അപമര്യാദയായി പെരുമാറിയെന്ന നടിയുടെ പരാതിയിൽ ജയസൂര്യയ്‌ക്കെതിരെ തിരുവനന്തപുരത്തും കേസെടുത്തു. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്.
ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്. സിനിമ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന കൊച്ചിയിലെ നടിയുടെ പരാതിയിലാണു നടപടി. ഷൂട്ടിങ് സെറ്റായ സെക്രട്ടറിയേറ്റിലെ ശുചിമുറിയിൽ കടന്നുപിടിച്ചെന്ന് എഫ്.ഐ.ആറിൽ പറയുന്നു.
എറണാകുളം നോർത്ത് പൊലീസ് ആണ് ഇടവേള ബാബുവിനെതിരെ കേസെടുത്തത്. 'അമ്മ'യിൽ അംഗത്വം വാഗ്ദാനം ചെയ്തായിരുന്നു പീഡനം. അംഗത്വത്തിന് അപേക്ഷ നൽകാൻ ഫ്ളാറ്റിലേക്ക് വിളിച്ച് പീഡിപ്പിച്ചുവെന്നാണു പരാതിയിൽ പറയുന്നത്. 'ടാ തടിയാ' സിനിമയുടെ സെറ്റിൽ പീഡിപ്പിച്ചെന്നാണ് മണിയൻപിള്ള രാജുവിനെതിരായ പരാതി. പരാതിയിൽ ഐ.പി.സി 376(1) പ്രകാരമാണ് മണിയൻപിള്ള രാജുവിനെതിരെ ഫോർട്ട് കൊച്ചി പൊലീസ് കേസെടുത്തത്.
പ്രൊഡക്ഷൻ കൺട്രോളർ നോബിളിനെതിരെ പാലാരിവട്ടം പൊലീസും വിച്ചുവിനെതിരെ നെടുമ്പാശ്ശേരി പൊലീസും കേസ് രജിസ്റ്റർ ചെയ്തു.ചന്ദ്രശേഖരനെതിരെ രണ്ടാം പ്രതിയാക്കിയാണ് കേസെടുത്തത്. ലോയേഴ്‌സ് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷനാണ് ഇയാൾ. പീഡന പരാതിക്കു പിന്നാലെ ചന്ദ്രശേഖരൻ ഇന്നലെ രാജിവച്ചിരുന്നു.
Summary: Sexual abuse case filed against seven including actors Mukesh, Jayasurya, Maniyanpilla Raju and Edavela Babu
Adjust Story Font
16