'പരാതിക്കാരിയുടെ സ്വാതന്ത്ര്യത്തിന് മേൽ കൈകടത്തില്ല': എൽദോസിനെതിരെ പാർട്ടി നടപടി ഇന്ന്
ഒളിവിലായിരുന്ന എൽദോസ് കുന്നപ്പിള്ളിൽ ഇന്ന് രാവിലെയാണ് തിരിച്ചെത്തിയത്
കൊച്ചി: ലൈംഗികാരോപണക്കേസിൽ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയ്‌ക്കെതിരെ പാർട്ടി നടപടി ഇന്നുണ്ടാകുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. പരാതിക്കാരിയുടെ സ്വാതന്ത്ര്യത്തിന് മേൽ കൈകടത്തില്ലെന്നും മറ്റൊരു ഇടപെടലും നടത്തില്ലെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.
"പരാതിക്കാരിയുടെ സ്വാതന്ത്ര്യത്തിന് മേൽ കൈകടത്തില്ല. എത്ര പരാതി വേണമെങ്കിലും അവർക്ക് കൊടുക്കാം. പാർട്ടിയിൽ നിന്നാരും ഇതുവരെ അവരെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. കൊലക്കുറ്റം വരെ ആരോപിച്ചിട്ടും മുൻകൂർ ജാമ്യം വരെ കൊടുത്തതും മറ്റുമൊക്കെ പരിശോധിച്ച ശേഷം പാർട്ടി ഇന്ന് തന്നെ ഒരു തീരുമാനമെടുക്കും. എന്നാൽ ആ തീരുമാനമെന്തെന്ന് ഇപ്പോൾ പറയാനാവില്ല. അത് കെപിസിസി പ്രസിഡന്റ് ഔദ്യോഗികമായി അറിയിച്ച് കൊള്ളും". വി.ഡി സതീശൻ പറഞ്ഞു.
ബലാത്സംഗക്കേസിൽ പ്രതി ചേർത്തതിനെ തുടർന്ന് ഒളിവിലായിരുന്ന എൽദോസ് കുന്നപ്പിള്ളിൽ ഇന്ന് രാവിലെയാണ് വീട്ടിൽ തിരിച്ചെത്തിയത്. ഒളിവിൽ പോയതല്ലെന്നും പൊതുയിടങ്ങളിൽ നിന്നൊഴിഞ്ഞ് നിൽക്കുകയായിരുന്നുവെന്നുമാണ് എംഎൽഎയുടെ പ്രതികരണം.
Adjust Story Font
16