ലൈംഗികാതിക്രമ കേസുകളിൽ പരാതിയുടെ കാലതാമസം പരിഗണന വിഷയമല്ല: ഹൈക്കോടതി
പരാതി നൽകാൻ കാലതാമസമുണ്ടായി എന്നതിന്റെ പേരിൽ ലൈംഗിക അതിക്രമ കേസുകളെ നിസ്സാരമായി കാണാനാവില്ലെന്ന് ഹൈക്കോടതി
എറണാകുളം: ലൈംഗീകാതിക്രമ കേസുകളിൽ പരാതിയുടെ കാലതാമസം പരിഗണനാ വിഷയമല്ലെന്ന് ഹൈക്കോടതി. മറ്റു കേസുകളുമായി താരതമ്യം ചെയ്യരുത്. ഇരയുമായി ബന്ധപ്പെട്ട് നിരവധി ഘടകങ്ങൾ പരിഗണിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് കൗസർ എടപ്പകത്ത് നിരീക്ഷിച്ചു. അച്ഛൻ മകളെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിന്റെ അപ്പീൽ പരിഗണിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം
ലൈംഗിക അതിക്രമ കേസുകളും അതുപോലെ മറ്റു കേസുകളും ഒരേ രീതിയിൽ പരിഗണിക്കരുത് എന്നാണ് ജസ്റ്റിസ് കൗസർ അടപ്പകത്ത് കോടതി ഉത്തരവിൽ പരാമർശിച്ചിരിക്കുന്നത്. പത്തനാപുരം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അച്ഛന് അഞ്ച് വർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും ചുമത്തിയിരുന്നു. പരാതി നൽകാൻ കാലതാമസമുണ്ടായി എന്നതിന്റെ പേരിൽ ലൈംഗിക അതിക്രമ കേസുകളെ നിസ്സാരമായി കാണാനാവില്ല. നമ്മുടെ സാമൂഹിക സാഹചര്യങ്ങൾ കണക്കിലെടുക്കണമെന്നും കോടതി വ്യക്തമാക്കി. കാലതാമസം വന്നു എന്നതിന്റെ പേരിൽ കേസ് പരിഗണിക്കാതിരിക്കാനാവില്ല എന്നും കോടതി വ്യക്തമാക്കുന്നുണ്ട്.
എന്നാൽ അച്ഛന് മകളെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ കുട്ടിയുടെ മൊഴിയല്ലാതെ മറ്റൊന്നും തന്നെ ഇതിൽ തെളിവുകളായിട്ട് ഉണ്ടായിരുന്നില്ല. കുട്ടിയുടെ മൊഴി മാത്രമായിരുന്നു ഉണ്ടായിരുന്നത് എന്ന വാദം കോടതി പരിഗണിച്ചിട്ടുണ്ട്. ഇയാളുടെ അഞ്ച് വർഷ തടവ് മൂന്ന് വർഷമായി കുറച്ചിട്ടുണ്ട്. എന്നാൽ പ്രതി കുറ്റം ചെയ്തുവെന്ന് തന്നെയാണ് കോടതിയുടെ വിലയിരുത്തൽ.
Adjust Story Font
16