Quantcast

ലൈംഗിക പീഡനക്കേസില്‍ മുകേഷിന്റെ രാജിക്കായി സമ്മർദം; സംരക്ഷണവുമായി സി.പി.എം

പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പാർട്ടി പ്രതിസന്ധിയിലാണെങ്കിലും രാജി വേണ്ടെന്ന നിലപാടിലാണ് സി.പി.എം നേതൃത്വം എന്നാണു വിവരം

MediaOne Logo

Web Desk

  • Updated:

    2024-08-29 06:45:13.0

Published:

29 Aug 2024 4:45 AM GMT

ലൈംഗിക പീഡനക്കേസില്‍ മുകേഷിന്റെ രാജിക്കായി സമ്മർദം; സംരക്ഷണവുമായി സി.പി.എം
X

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തതിനു പിന്നാലെ നടനും കൊല്ലം എം.എൽ.എയുമായ എം. മുകേഷിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രതിപക്ഷത്തിനു പുറമെ ഇടതുപക്ഷത്തിലെ കക്ഷികളും രാജിക്കായി സമ്മർദം ശക്തമാക്കിയിരിക്കുകയാണ്. പാർട്ടി പ്രതിസന്ധിയിലാണെങ്കിലും രാജി വേണ്ടെന്ന നിലപാടിലാണ് സി.പി.എം നേതൃത്വം എന്നാണു വിവരം. അതിനിടെ, കേസ് നടപടികൾ പുരോഗമിക്കുന്നതിനിടെ മുകേഷ് എവിടെയാണെന്നതിനെ കുറിച്ച് പാർട്ടി നേതൃത്വത്തിനും അറിവില്ല.

സി.പി.എം നേതൃത്വം നിലവിലെ സ്ഥിതിയിൽ മുകേഷ് രാജിവയ്‌ക്കേണ്ടതില്ലെന്ന ധാരണയിലെത്തിയതായാണു വിവരം. പാർട്ടി നേതാക്കൾ മീഡിയവണിനോട് സൂചിപ്പിച്ചതും ഇതേ കാര്യം തന്നെയാണ്. കേരളത്തിന്റെ ചരിത്രത്തിൽ ഇതുവരെയായി ഏതെങ്കിലും ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ഒരു എം.എൽ.എ രാജിവച്ചിട്ടില്ല. ഏറ്റവുമൊടുവിൽ കോൺഗ്രസ് നേതാക്കളായ എം. വിൻസെന്റ്, എൽദോസ് കുന്നപ്പിള്ളി എന്നിവർക്കെതിരെ ആരോപണം ഉയർന്നപ്പോഴും ഇവർ രാജിവച്ചിരുന്നില്ല.

അതേസമയം, കൊല്ലത്ത് പാർട്ടിൽ വ്യത്യസ്തമായ വികാരമാണുള്ളത്. എൽദോസിന്റെ വിഷയവുമായി മുകേഷിന്റെ കേസ് കൂട്ടിച്ചേർക്കാനാകില്ലെന്ന അഭിപ്രായമാണ് കൊല്ലത്തെ നേതാക്കൾ പലരും പങ്കുവയ്ക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ സംസ്ഥാനത്ത് രൂപപ്പെട്ട പ്രത്യേകമായ സാഹചര്യവും ഇവർ ചൂണ്ടിക്കാട്ടുന്നുണ്ട്.

മുകേഷ് എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്ന് സി.പി.ഐ നേതാവ് ആനി രാജ ആവശ്യപ്പെട്ടു. ഇനി ഒരു നിമിഷം പോലും സ്ഥാനത്ത് തുടരരുതെന്നും ആനി രാജ മീഡിയവണിനോട് പ്രതികരിച്ചു.

പീഡന പരാതി വന്നതു മുതൽ സി.പി.ഐ മുകേഷ് മാറിനിൽക്കണമെന്ന് ആവശ്യപ്പെട്ടതാണെന്ന് ആനി രാജ പറഞ്ഞു. പൊലീസ് കേസെടുത്തതോടെ മുകേഷിനു കാര്യം ബോധ്യപ്പെട്ടുകാണുമെന്നു കരുതുന്നു. ബോധ്യമായില്ലെങ്കിലും സ്ഥാനത്തുനിന്നു മാറണം. സ്വമേധയാ മാറിയില്ലെങ്കിൽ സർക്കാർ ഇടപെട്ടു മാറ്റണമെന്നും അവർ പറഞ്ഞു.

ഡബ്ല്യു.സി.സി ആവശ്യപ്രകാരമാണ് ഹേമ കമ്മിറ്റി രൂപീകരിച്ചത്. കമ്മിറ്റി പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുകയും പല കാരണങ്ങളാൽ ഇതു പുറത്തുവരാൻ താമസിക്കുകയുമായിരുന്നു. റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ സർക്കാർ കൃത്യമായി നടപടിയെടുക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്നും ആനി രാജ വ്യക്തമാക്കി.

അതേസമയം, മുകേഷ് എവിടെയാണെന്നതിനെ കുറിച്ച് ഒരു വിവരവുമില്ല. പാർട്ടി നേതൃത്വത്തിനും ഇതേക്കുറിച്ചു വ്യക്തമായ വിവരമില്ലെന്നാണ് അറിയുന്നത്. തിരുവനന്തപുരത്തെ വസതിയിൽ ഇല്ലെന്നാണ് അറിയുന്നത്. കൊല്ലത്തെ ഓഫിസിൽ അന്വേഷിക്കുമ്പോഴും കൃത്യമായ വിവരങ്ങൾ നൽകുന്നില്ല.

Summary: After the non-bailable case was registered in the sexual harassment complaint, the pressure increases on CPM demanding the resignation of actor and Kollam MLA M Mukesh

TAGS :

Next Story