Quantcast

സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം; അഞ്ചുവർഷത്തിനുള്ളില്‍ കേസുകള്‍ കുറഞ്ഞെന്ന് മുഖ്യമന്ത്രി

കുറ്റ്യാടിയിൽ ദലിത് പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ സഭ നിര്‍ത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി

MediaOne Logo

Web Desk

  • Updated:

    2021-10-28 05:47:39.0

Published:

28 Oct 2021 5:26 AM GMT

സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം; അഞ്ചുവർഷത്തിനുള്ളില്‍ കേസുകള്‍ കുറഞ്ഞെന്ന് മുഖ്യമന്ത്രി
X

സംസ്ഥാനത്ത് വനിതകൾക്കെതിരായ ലൈംഗികാതിക്രമ കേസുകൾ അഞ്ചുവർഷത്തിനുള്ളിൽ കുറഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷം കേരളത്തെ ഉത്തരേന്ത്യയുമായി താരതമ്യപ്പെടുത്തുന്നത് ആരെ സഹായിക്കാനാണെന്നും മുഖ്യമന്ത്രി സഭയില്‍ ആരാഞ്ഞു. കുറ്റ്യാടിയിൽ ദലിത് പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ സഭ നിര്‍ത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

റോജി എം. ജോണാണ് അടിയന്തിര പ്രമേയത്തിന് അനുമതി തേടിയത്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളും, പോക്സോ കേസുകളും സംസ്ഥാനത്ത് വർധിക്കുകയാണെന്നും വനിതാ കമ്മീഷൻ അടക്കമുള്ള സംവിധാനങ്ങൾ പിരിച്ചുവിടണമെന്നും റോജി എം. ജോൺ പറഞ്ഞു. എന്നാല്‍, കുറ്റ്യാടി സംഭവത്തില്‍ ഇരയുടെ മൊഴി രേഖപ്പെടുത്തിയെന്നും നാലു പ്രതികളെ അറസ്റ്റ് ചെയ്തെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കുറഞ്ഞുവെങ്കിലും സർക്കാർ അതിൽ തൃപ്തരല്ല, ഒരു സ്ത്രീയും അതിക്രമിക്കപ്പെടാത്ത സമൂഹമാണ് ആവശ്യം. അതിക്രമ കേസുകളിൽ ഇടപെടുന്നതിൽ സർക്കാർ സംവിധാനത്തിൽ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങൾ സംഭവിക്കുമ്പോള്‍ കൃത്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, കുടുംബത്തിൽ പോലും കുറ്റകൃത്യങ്ങൾ വർധിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. 'ഡാർക്ക് നെറ്റ് അഡിക്ഷൻ' വലിയ പ്രശ്നമായി കുട്ടികൾക്കിടയിൽ മാറുകയാണ്. കേരളത്തിലെ പുരുഷന്മാരുടെ ചിന്താഗതി തന്നെ സ്ത്രീവിരുദ്ധമാണെന്നും കാര്യങ്ങൾ തുറന്നുപറയാൻ സ്ത്രീകൾക്ക് പ്രത്യേക ഇടം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ത്രീകളെ ചരക്ക് എന്നാണ് അധിക്ഷേപിക്കുന്നതെന്നും സ്ത്രീ വിൽപ്പന വസ്തുവാണോ എന്നും അദ്ദേഹം ചോദിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

TAGS :

Next Story