ഭിന്നശേഷി വിദ്യാർത്ഥിയെ SFI പ്രവർത്തകർ മർദിച്ച സംഭവം; രൂക്ഷ വിമർശനവുമായി AISF
'സംഘടന പ്രവർത്തനത്തിന്റെ മറവിൽ SFI നടത്തുന്നത് മനുഷ്യത്വ രഹിത പ്രവർത്തനങ്ങൾ'
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ഭിന്നശേഷി വിദ്യാർഥിയെ SFI പ്രവർത്തകർ മർദിച്ച കേസിൽ SFIക്കെതിരെ രൂക്ഷ വിമർശനവുമായി AISF. സംഘടന പ്രവർത്തനത്തിന്റെ മറവിൽ SFI നടത്തുന്നത് മനുഷ്യത്വ രഹിത പ്രവർത്തനങ്ങളാണെന്ന് AISF ആരോപിച്ചു.
ഇക്കഴിഞ്ഞ രണ്ടാം തീയതിയാണ് ഭിന്നശേഷിക്കാരനായ മുഹമ്മദ് അനസിന് മർദനമേറ്റത്. യൂണിയൻ മുറിയിലേക്ക് വിളിച്ചുകൊണ്ടുപോയി എസ്എഫ്ഐ പ്രവർത്തകർ മർദിച്ചെന്നാണ് പരാതി. സംഘടനാ പ്രവർത്തനം നടത്തിയില്ലെന്ന് ആരോപിച്ചായിരുന്നു മർദനം. SFI പ്രവർത്തകരായ നാല് പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അമൽ ചന്ദ്, മിഥുൻ, അലൻ ജമാൽ, വിധു ഉദയ എന്നിവർക്കതിരെ കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്.
രണ്ടാം വർഷ ഇസ്ലാമിക് ഹിസ്റ്ററി വിദ്യാർഥിയായ മുഹമ്മദ് അനസ് പൊലീസിനും ഭിന്നശേഷി കമ്മീഷനുമാണ് പരാതി നൽകിയത്. എസ്എഫ്ഐ യൂണിറ്റ് നേതാക്കളുടെ നേതൃത്വത്തിൽ യൂണിയൻ ഓഫീസിൽവെച്ച് ക്രൂരമായി മർദിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. തന്റെ ശാരീരിക വൈകല്യത്തെ നിരന്തരം പരിഹസിക്കുന്നു. തന്റെ കൂട്ടുകാരെയും എസ്എഫ്ഐ നേതാക്കൾ മർദിച്ചെന്നും അനസിന്റെ പരാതിയിൽ പറയുന്നു.
അനസിനെ യൂണിറ്റ് നേതാക്കൾ കൊടികെട്ടാനും മറ്റു ജോലികൾക്കും നിയോഗിക്കുമായിരുന്നു. ശാരീരിക പ്രശ്നങ്ങൾ മൂലം ഇതിന് കഴിയില്ലെന്ന് അറിയിച്ചതോടെയാണ് യൂണിയൻ ഓഫീസിൽ വിളിച്ചുവരുത്തി മർദനം തുടങ്ങിയതെന്നും അനസ് പറഞ്ഞു.
Adjust Story Font
16