ക്ഷീണിച്ചുവരുന്ന ഗവർണറെ മോര് കൊടുത്ത് സ്വീകരിക്കും; കയ്യിൽ സംഭാരവുമായി എസ്എഫ്ഐ പ്രതിഷേധം
പ്രതിഷേധിക്കാനെത്തിയ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ആദർശ് അടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തു
തിരുവനന്തപുരം: ഗവർണർക്കെതിരെ തിരുവനന്തപുരത്തും എസ്.എഫ്.ഐ പ്രതിഷേധം. നിലമേലിൽ നിന്നെത്തുന്ന ഗവർണർക്ക് സംഭാരവുമായി പ്രതിഷേധിക്കാൻ നിന്ന എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗവർണർ തൈക്കാടെത്തിയതോടെ കൂടുതൽ പ്രവർത്തകർ കരിങ്കൊടിയുമായെത്തി. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ആദർശ് അടക്കമുള്ളവരെ അറസ്റ്റുചെയ്തു നീക്കി. തൈക്കാട് ഗസ്റ്റ് ഹൗസിന് മുന്നിൽ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്.
വാഹനത്തിൽ കയറാൻ കൂട്ടാക്കാതെ പ്രവർത്തകരും പൊലീസും തമ്മിൽ വാക്കുതർക്കമുണ്ടായി. 'ഇവിടെ അടിയന്തരാവസ്ഥയാണോ' എന്ന് പ്രവർത്തകർ പൊലീസിനോട് ചോദിച്ചു. ഗവർണറുടെ വാഹനം കടന്നുപോകവേ പൊലീസ് കസ്റ്റഡിയിലിരുന്ന എസ്എഫ്ഐ പ്രവർത്തകർ ജീപ്പിലിരുന്ന് കരിങ്കൊടി വീശി. പ്രവർത്തകരെ പൊലീസ് പൂർണമായി നീക്കി.
നിലമേലിൽ ഉണ്ടായ പ്രതിഷേധത്തിന് പിന്നാലെ ഗവർണർക്കെതിരായ സമരത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. സർവകലാശാലകളിൽ ആണെങ്കിലും പൊതുനിരത്തുകളിൽ ആണെങ്കിലും ജനാധിപത്യപരമായ കരിങ്കൊടി പ്രതിഷേധം ഉണ്ടാകുമെന്നും എസ്എഫ്ഐ അറിയിച്ചു.
അതേസമയം, കൊല്ലം നിലമേലിലെ നാടകീയരംഗങ്ങൾക്ക് പിന്നാലെ ഗവർണർക്ക് കേന്ദ്രം സുരക്ഷ വർധിപ്പിച്ചു. രാജ്ഭവനും ഗവർണർക്കും സിആർപിഎഫ് സുരക്ഷയൊരുക്കാനാണ് തീരുമാനം. Z പ്ലസ് കാറ്റഗറിയിലാണ് സുരക്ഷ.
നിലവിൽ കേരള പൊലീസാണ് ഗവർണർക്ക് സുരക്ഷയൊരുക്കുന്നത്. Z പ്ലസ് കാറ്റഗറിയിലേക്ക് മാറ്റിയതോടെ 55 അംഗ സുരക്ഷാ സേനയാകും ഗവർണറുടെ സുരക്ഷാ ചുമതല വഹിക്കുക. പത്തിലേറെ കമാൻഡോകളും ഇതിൽ ഉൾപ്പെടുന്നു. അഞ്ചിലേറെ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ അടങ്ങിയ വാഹനവ്യൂഹവും ഗവർണറെ അനുഗമിക്കും.
Adjust Story Font
16