Quantcast

'കേരളം ഭരിക്കുന്ന പാർട്ടിയുടെ കൊടിനോക്കി സമരം ചെയ്യുന്നവരല്ല എസ്.എഫ്.ഐ': ഇ.അഫ്സൽ

മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി നേരത്തെ വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്നും എസ്.എഫ്.ഐ സംസ്ഥാന ജോയിന്‍റ് സെക്രട്ടറി ഇ.അഫ്സല്‍

MediaOne Logo

Web Desk

  • Published:

    24 Jun 2024 12:58 PM GMT

കേരളം ഭരിക്കുന്ന പാർട്ടിയുടെ കൊടിനോക്കി സമരം ചെയ്യുന്നവരല്ല എസ്.എഫ്.ഐ: ഇ.അഫ്സൽ
X

മലപ്പുറം: കേരളം ഭരിക്കുന്ന പാര്‍ട്ടിയുടെ കൊടിനോക്കി സമരം ചെയ്യുന്നവരല്ല എസ്.എഫ്.ഐയെന്ന്, സംസ്ഥാന ജോയിന്‍റ് സെക്രട്ടറി ഇ.അഫ്‌സല്‍. പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ മലപ്പുറം കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

''ഇടതുപക്ഷ സർക്കാരിനെ പ്രതിരോധത്തിലാക്കി എസ്.എഫ്.ഐ എന്നാണ് കളക്ടറേറ്റ് മാർച്ചിനെ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. എസ്.എഫ്.ഐ നടത്തിയ സമരങ്ങളുടെ ചരിത്രം അറിയാത്തവരാണ് ഇങ്ങനെ വാർത്ത കൊടുക്കുന്നത്. ഇ.കെ നായനാർ, വി.എസ് അച്യുതാനന്ദൻ എന്നിവർ മുഖ്യമന്ത്രിയായിരുന്നപ്പോഴും ഒന്നാം പിണറായി സർക്കാറിന്റെ കാലത്തുമെല്ലാം വിദ്യാർഥി വിഷയങ്ങൾ ഉന്നയിച്ച് എസ്.എഫ്.ഐ നിരവധി സമരങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. കേരളം ഭരിക്കുന്ന പാർട്ടിയുടെ കൊടിയുടെ നിറം നോക്കി സമരം സംഘടിപ്പിക്കുന്നവരല്ല എസ്.എഫ്.ഐ. യു.ഡി.എഫ് കാലത്തെപ്പോലെ അഴിമതി ഇല്ലാത്തത് കൊണ്ടാണ് ഇടതുപക്ഷ ഭരണകാലത്ത് സമരം കുറയുന്നത്''- അഫ്സല്‍ പറഞ്ഞു.

''മലബാർ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയം നേരത്തെ വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നാൽ, അന്നത്തെ സമരം രാഷ്ട്രീയപ്രേരിതമാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. അധിക ബാച്ച് അനുവദിക്കുമെന്നും മൂന്ന് അലോട്‌മെന്റുകൾ കഴിയുമ്പോൾ സീറ്റ് ഇല്ലാത്ത സാഹചര്യം വരില്ലെന്നും മന്ത്രി പറഞ്ഞു. മൂന്നാം അലോട്‌മെന്റ് കഴിഞ്ഞു, ഇതുവരെ അധിക ബാച്ച് അനുവദിച്ച് കണ്ടില്ല. അതുകൊണ്ടാണ് എസ്.എഫ്.ഐ സമരത്തിനിറങ്ങുന്നത്- അഫ്‌സൽ പറഞ്ഞു.

എന്നാൽ, എസ്.എഫ്.ആ പ്രതിഷേധത്തെ പരിഹസിക്കുന്ന നിലപാടായിരുന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സ്വീകരിച്ചത്. കുറേ നാളായി സമരം ചെയ്യാതെ ഇരിക്കുന്നവരല്ലേ. സമരം ചെയ്ത് ഉഷാറായി വരട്ടെയെന്നായിരുന്നു മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞത്.

TAGS :

Next Story