Quantcast

മഹാരാജാസ് കോളജിൽ എസ്.എഫ്.ഐ - കെ.എസ്.യു സംഘർഷം; എട്ട് കെ.എസ്.യു പ്രവർത്തകർക്ക് പരിക്ക്

MediaOne Logo

Web Desk

  • Published:

    10 Jan 2022 10:31 AM GMT

മഹാരാജാസ് കോളജിൽ  എസ്.എഫ്.ഐ - കെ.എസ്.യു സംഘർഷം; എട്ട് കെ.എസ്.യു പ്രവർത്തകർക്ക് പരിക്ക്
X

ഇടുക്കിയിലെ കൊലപാതകത്തിന് പിന്നാലെ സംസ്ഥാനത്ത് വിവിധ കാമ്പസുകളിൽ എസ് എഫ് ഐ - കെ എസ് യു സംഘർഷം. എറണാകുളം മഹാരാജാസ് കോളജിൽ എട്ടിലധികം കെ എസ് യു പ്രവർത്തകർക്ക് പരിക്കേറ്റു. ഇവരെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എസ്.എഫ്.ഐ പ്രവർത്തകന്റെ കൊലപാതകത്തിൽ കലാശിച്ച ആക്രമണം നടന്നത് കാമ്പസിന് പുറത്താണെന്ന് ഇടുക്കി എഞ്ചിനീയറിംഗ് കോളജ് പ്രിൻസിപ്പൽ ഡോ. എം.ജെ ജലജ പറഞ്ഞു. കാമ്പസിനകത്ത് സംഘർഷമൊന്നും ഉണ്ടായിരുന്നില്ലെന്നും പ്രിൻസിപ്പൽ മീഡിയവണിനോട് പറഞ്ഞു. 'കംപ്യൂട്ടർ സയൻസ് ഫൈനൽ ഇയർ വിദ്യാർഥിയാണ് കൊല്ലപ്പെട്ട ധീരജ്. കോളജ് തെരഞ്ഞെടുപ്പ് സമാധാനപരമായാണ് പുരോഗമിച്ചിരുന്നത്'. കോളജിനകത്ത് പൊലീസ് സാന്നിധ്യമുണ്ടായിരുന്നതായും പ്രിൻസിപ്പൽ പറഞ്ഞു.

അതേസമയം, എസ്.എഫ്.ഐ പ്രവർത്തകന്റെ കൊലപാതകം ആസൂത്രിതമാണെന്ന് സി.പി.എം നേതാവ് എം.എം മണി എം.എൽ.എ. പറഞ്ഞു. കോൺഗ്രസ് ആസൂത്രിതമായി നടത്തിയ കൊലപാതകമാണ് ഇടുക്കിയിൽ നടന്നതെന്ന് അദ്ദേഹം ആരോപിച്ചു. പുറത്ത് നിന്നെത്തിയവരാണ് ധീരജിനെ കുത്തിയത്. സംഘർഷമുണ്ടായില്ലെന്നും തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് അക്രമണമുണ്ടായതെന്നും എം.എം മണി പറഞ്ഞു.

കോളജിൽ സംഘർഷമുണ്ടായിരുന്നില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി സി.വി വർഗീസും ആവർത്തിച്ചു. പുറത്ത് നിന്നെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അടക്കമുള്ളവരാണ് കൊലപാതകം നടത്തിയത്. നിഖിൽ പൈലി എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് കുത്തിയതെന്നും അദ്ദേഹം പറഞ്ഞു. നെഞ്ചിൽ കുത്തേറ്റാണ് ധീരജ് മരിച്ചത്.

Summary : SFI-KSU clash at Maharaja's College; Eight KSU workers injured

TAGS :

Next Story