എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആർഷോയുടെ ജാമ്യഹരജി ഇന്ന് കോടതി വീണ്ടും പരിഗണിക്കും
പി.ജി പരീക്ഷ എഴുതാൻ പി.എം ആർഷോയ്ക്ക് കോടതി അനുവദിച്ച ഇടക്കാല ജാമ്യം ഇന്നു തീരും
കൊച്ചി: കൊലപാതകശ്രമക്കേസില്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ നൽകിയ ജാമ്യഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പരീക്ഷ എഴുതാൻ ഹൈക്കോടതി നൽകിയ ഇടക്കാല ജാമ്യം ഇന്ന് അവസാനിക്കുകയാണ്.
വിദ്യാർത്ഥിയെ ആക്രമിച്ച കേസിൽ ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്ന് ഹൈക്കോടതി നേരത്തെ ആർഷോയുടെ ജാമ്യം റദ്ദാക്കിയിരുന്നു. എന്നാൽ, പി.ജി പരീക്ഷ എഴുതാൻ ജാമ്യം വേണമെന്ന ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. തുടർന്ന് ജൂലൈ 22നാണ് കാക്കനാട് ജയിലിൽനിനി്‌ന് ആർഷോ പുറത്തിറങ്ങിയത്. ജാമ്യത്തിലിറങ്ങിയ ശേഷം വ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്ന് അക്രമത്തിനിരയായ വിദ്യാർത്ഥി നൽകിയ പരാതിയിലാണ് നേരത്തെ ആർഷോയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയത്. തുടർന്ന് എറണാകുളം സെൻട്രൽ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയായിരുന്നു.
അതിനിടെ, ആർഷോക്ക് ചട്ടങ്ങൾ മറികടന്ന് പരീക്ഷ എഴുതാൻ ഹാൾടിക്കറ്റ് നൽകിയെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പരാതി നൽകിയിരുന്നു. പരീക്ഷ എഴുതാനുള്ള ഹാജർ ആർഷോക്കില്ലെന്നും നാൽപ്പതോളം കേസുകളിൽ പ്രതിയായ ആൾക്ക് ജാമ്യം നേടാനായി കോളജ് അധികൃതർ വ്യാജരേഖ ഉണ്ടാക്കിയാണ് പരീക്ഷ എഴുതാൻ ഹാൾടിക്കറ്റ് നൽകിയതെന്നുമാണ് പരാതിയിൽ പറയുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ ഷാജഹാനാണ് പരാതി നൽകിയത്.
കെ.എസ്.യു പ്രവർത്തകനായ നിസാമിനെ ആക്രമിച്ച് കൊലപ്പെടുത്തിയാന്‍ ശ്രമിച്ച സംഭവത്തിലാണ് കേസ് നേരിടുന്നത്. കേസിൽ 2019ൽ ജാമ്യം ലഭിച്ചിരുന്നു. എന്നാൽ, ജാമ്യം ലഭിച്ചതിനുശേഷം വീണ്ടും കുറ്റകൃത്യത്തിൽ പങ്കാളിയായി. പത്തോളം കേസുകൾ ആർഷോയ്‌ക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിരുന്നു. ഇക്കാര്യങ്ങൾ ഹരജിക്കാരൻ തന്നെ കോടതിക്ക് മുൻപാകെ ചൂണ്ടിക്കാട്ടിയിരുന്നു. പിന്നീട് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായതിനുശേഷമാണ് ആർഷോയുടെ കേസുകൾ വീണ്ടും വിവാദമാകുന്നതും അറസ്റ്റിലേക്ക് നയിക്കുന്നതും.
Summary: The Kerala High Court will consider the bail plea filed by SFI state secretary PM Arsho today in attempt to murder case
Read more at: https://english.mathrubhumi.com/news/kerala/kerala-hc-denies-bail-to-sfi-state-secretary-pm-arsho-in-attempt-to-murder-case-1.7686875
Adjust Story Font
16