എം.ജി സർവകലാശാലയിലെ എസ്.എഫ്.ഐ അക്രമം: പരാതിയിലുറച്ച് എ.ഐ.എസ്.എഫ് നേതാവ്
ഇടതുപക്ഷ നയം സ്ത്രീസുരക്ഷയാണെന്നും നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും വിദ്യാർത്ഥിനി പറഞ്ഞു
എം ജി സർവകലാശാലയിലെ എസ് എഫ് ഐ ആക്രമണത്തില്‍ പരാതിക്കാരിയായ എഐഎസ്എഫ് നേതാവിന്റെ മൊഴിയെടുത്തു. ഇടതുപക്ഷ നയം സ്ത്രീസുരക്ഷയാണെന്നും നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും വിദ്യാർത്ഥിനി പറഞ്ഞു. മൊഴിയെടുക്കാൻ പാർട്ടി ഓഫിസിലേക്ക് വരുമെന്ന് അറിയിച്ച പോലീസ്, പിന്നീട് നിലപാട് മാറ്റി പരാതിക്കാരിയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
കോട്ടയത്തു നിന്നുള്ള അന്വേഷണ സംഘം പറവൂരിൽ പാർട്ടി ഓഫിസിനടുത്ത് വരെ എത്തിയെങ്കിലും പാർട്ടി ഓഫിസിലേക്ക് എത്തിയില്ല . പകരം പരാതിക്കാരിയായ aisf വനിതാ നേതാവിനോട് പറവൂർ പോലീസ് സ്റ്റേഷനിൽ എത്താൻ നിർദ്ദേശിച്ചു. എന്നാൽ പാർട്ടി ഓഫീസിൽ എത്തി മൊഴിയെടുക്കാമെന്നു നേരത്തെ പോലീസ് ധാരണ ആക്കിയിരുന്നുവെന്നും മറിച്ചുള്ള തീരുമാനം നീതി നിഷേധമാണെന്നും എ.ഐ.എസ്.എഫ് നേതാവ് പറഞ്ഞു.
ആദ്യമൊഴിയിൽ പോലീസ് രേഖപ്പെടുത്താതെ പോയ മന്ത്രിയുടെ സ്റ്റാഫംഗം അരുണിന്റെ പേര് പിന്നീട് പൊലീസ് രേഖപ്പെടുത്തിയതായി അവർ പറഞ്ഞു. പറവൂർ സ്റ്റേഷനിലെ മൊഴിയെടുപ്പ് ഒന്നര മണിക്കൂർ നീണ്ടു നിന്നു.
സംഭവത്തിൽ എസ് എഫ് ഐ പ്രവർത്തകർക്ക് എതിരായ പരാതിയിൽ മാറ്റമില്ലെന്നും കേസുമായി ഏതറ്റംവരെ പോകുമെന്നും എ.ഐ.എസ്.എഫ് വനിതാ നേതാവ് പറഞ്ഞു. പറവൂരിലെ സിപിഐ നേതാക്കൾക്കൊപ്പമാണ് പെൺകുട്ടി മൊഴി നൽകാൻ പോലീസ് സ്റ്റേഷനിൽ എത്തിയത് .
Adjust Story Font
16