എംപി ഓഫീസ് ആക്രമണം: എസ്എഫ്‌ഐ വയനാട് ജില്ലാ കമ്മറ്റി യോഗം ചേർന്നു
സംസ്ഥാന കമ്മറ്റി യോഗം ചേർന്ന് ഉചിതമായ തീരുമാനം എടുക്കുമെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീ പറഞ്ഞു
വയനാട്: കൽപറ്റയിൽ രാഹുൽഗാന്ധി എംപിയുടെ ഓഫീസ് തകർത്ത സംഭവത്തിൽ എസ്എഫ്‌ഐ വയനാട് ജില്ലാ കമ്മറ്റി യോഗം ചേർന്നു. ജില്ലയിലെ എസ്എഫ്‌ഐ നേതാക്കളിൽ നിന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞ് റിപ്പോർട്ട് തയ്യാറാക്കി. സംസ്ഥാന കമ്മറ്റി യോഗം ചേർന്ന് ഉചിതമായ തീരുമാനമെടുക്കുമെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീ പറഞ്ഞു. എസ്എഫ്‌ഐ മാർച്ചിൽ സ്വതന്ത്ര സ്വഭാവമുള്ളവരും പങ്കെടുത്തെന്നും ഇതടക്കം പരിശോധിക്കുമെന്നും അനുശ്രീ അറിയിച്ചു.
അതേസമയം എസ്എഫ്‌ഐ പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചുതകർത്ത സംഭവത്തിൽ വിശദ അന്വേഷണം നടത്തി എഡിജിപി മനോജ് എബ്രഹാം വയനാട്ടിൽ നിന്ന് മടങ്ങി. എം.പിയുടെ ഓഫീസ് അക്രമിക്കപ്പെട്ടതിൽ പൊലീസിന് ജാഗ്രത കുറവുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. എസ്.എഫ്.ഐ മാർച്ചിനെ പ്രതിരോധിക്കാൻ വേണ്ട സുരക്ഷ ഒരുക്കുന്നതിൽ ഉദ്യോഗസ്ഥ വീഴ്ചയുണ്ടായെന്നും ദേശീയ നേതാവിന്റെ ഓഫീസാണെന്ന പ്രധാന്യത്തോടെ സുരക്ഷ നൽകിയില്ലെന്നും തുടങ്ങിയ കാര്യങ്ങൾ എ.ഡി.ജി.പി മനോജ് എബ്രഹാം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഇത് സംബന്ധിച്ച വിശദമായ അന്വേഷണ റിപ്പോർട്ട് ഒരാഴ്ചക്കുള്ളിൽ മുഖ്യമന്ത്രിക്ക് സമർപ്പിക്കും.
Adjust Story Font
16