കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ എസ് എഫ് ഐ പ്രവർത്തകന് നിയമവിരുദ്ധമായി മാർക്ക് കൂട്ടി നൽകി
പൂജ്യം മാർക്ക് ലഭിച്ച വിദ്യാർഥിക്കാണ് മാർക്ക് കൂട്ടി നൽകിയത്
കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ എസ് എഫ് ഐ പ്രവർത്തകന് നിയമവിരുദ്ധമായി മാർക്ക് കൂട്ടി നൽകി സർവകലാശാല സിന്‍ഡിക്കേറ്റ്. പാലക്കാട് ചിറ്റൂർ ഗവൺമെൻറ് കോളേജ് വിദ്യാർത്ഥിയായിരുന്ന കെ. ആകാശിനാണ് ഇന്റേണല്‍ മാർക്ക് കൂട്ടി നൽകിയത്. പൂജ്യം മാർക്ക് ലഭിച്ച വിദ്യാർത്ഥിക്ക് ആറു മാർക്ക് കൂട്ടി നൽകുകയായിരുന്നു.
മാർക്ക് കൂട്ടാനാവില്ലെന്ന മുന്‍ സിന്ഡിക്കേറ്റ് തീരുമാനം മറികടന്നാണ് പുതിയ സിന്ഡിക്കേറ്റിന്റെ നടപടി. പാലക്കാട് ചിറ്റൂർ ഗവൺമെൻറ് കോളേജിൽ 2016 - 19 ബാച്ചിൽ ബി എസ് സി ബോട്ടണി വിദ്യാർത്ഥിയായിരുന്ന ആകാശിന് നാലാം സെമസ്റ്ററിലെ ഫിസിക്കൽ ആൻഡ് അപ്പ്ളൈഡ് കെമിസ്ട്രി എന്ന വിഷയത്തിൽ പ്രാക്ടിക്കലിന് പൂജ്യം ഇൻറേണൽ മാർക്കാണ് ലഭിച്ചത്.
മിനിമം ഹാജരില്ലാത്തതും പ്രാക്ടിക്കലിന് ഹാജരാകാതിരുന്നതുമാണ് കാരണം. വിദ്യാർത്ഥി നല്കിയ അപേക്ഷ പരിഗണിച്ച കോളേജിലെ പ്രശ്ന പരിഹാര സെല്‍ യൂണിവേഴ്സിറ്റിയെ സമീപിച്ച് മാർക്ക് കൂട്ടി നൽകാന്‍ ആവശ്യപ്പെട്ടു. എന്നാൽ വിഷയം അന്വേഷിക്കാൻ സിൻഡിക്കറ്റ് രൂപീകരിച്ച സ്റ്റാൻഡിങ് കമ്മിറ്റി മാർക്ക് കൂട്ടി നൽകുന്നത് നിയമവിരുദ്ധമാണെന്ന് കാണിച്ച് അപേക്ഷ നിരസിക്കുകയായിരുന്നു..
എന്നാല്‍ കഴിഞ്ഞ വർഷം നവംബറില്‍ ആകാശിന് മാർക്ക് കൂട്ടി നൽകണമെന്നാവശ്യവുമായി വീണ്ടും ചിറ്റൂർ കോളജിന്റെ അപേക്ഷ വന്നു. മാർക്ക് കൂട്ടാനാവില്ലെന്ന പഴയ തീരുമാനം തിരുത്തിയ പുതിയ നോമിനേറ്റഡ് സിന്ഡിക്കേറ്റ് ആകാശിന് മാർക്ക് കൂട്ടി നല്കാന്‍ തീരുമാനിക്കുകയായിരുന്നു. എസ് എഫ് ഐ പ്രവർത്തകനായി ആകാശിന് വേണ്ടി സിന്ഡിക്കേറ്റ് മെമ്പറടക്കം ഇടപെട്ടാണ് മാർക്ക് കൂട്ടിയതെന്നാണ് ആക്ഷേപം. മാർക്ക്ദാനത്തിനെതിരെ പ്രതിഷേധത്തിനൊരുങ്ങുകയാണ് പ്രതിപക്ഷ വിദ്യാർഥി സംഘടനകള്‍.
Adjust Story Font
16