Quantcast

നാട്ടുവൈദ്യന്‍ ഷാബാ ശരീഫിന്‍റെ കൊലപാതകം; കുറ്റപത്രം സമര്‍പ്പിച്ചു

ഒളിവിൽ കഴിയുന്ന മൂന്ന് പ്രതികൾക്കെതിരെ അഡീഷണൽ കുറ്റപത്രവും പൊലീസ് സമർപ്പിക്കും

MediaOne Logo

Web Desk

  • Published:

    6 Aug 2022 1:55 AM GMT

നാട്ടുവൈദ്യന്‍ ഷാബാ ശരീഫിന്‍റെ കൊലപാതകം; കുറ്റപത്രം സമര്‍പ്പിച്ചു
X

മലപ്പുറം: മൈസൂര്‍ സ്വദേശിയായ നാട്ടുവൈദ്യൻ ഷാബാ ശരീഫിന്‍റെ കൊലപാതകത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളുമാണ് കൊലപാതകത്തിന് തെളിവായി 3,177 പേജുള്ള കുറ്റപത്രത്തിലുള്ളത്. കേസിൽ 12 പ്രതികൾ പിടിയിലായിട്ടുണ്ട്. ഒളിവിൽ കഴിയുന്ന മൂന്ന് പ്രതികൾക്കെതിരെ അഡീഷണൽ കുറ്റപത്രവും പൊലീസ് സമർപ്പിക്കും.

2022 മെയ് എട്ടിനാണ് നാട്ട് വൈദ്യൻ ഷാബാ ശരീഫിന്‍റെ കൊലപാതകത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പന്ത്രണ്ട് പേരെ വിവിധ ഘട്ടങ്ങളിലായി പൊലീസ് അറസ്റ്റ് ചെയ്തു . മുഖ്യ പ്രതി നിലമ്പൂര്‍ മുക്കട്ട സ്വദേശി ഷൈബിന്‍ അഷ്‌റഫ്, വയനാട് കൈപ്പഞ്ചേരി ‍ ഷിഹാബുദ്ദീന്‍, നിലമ്പൂര്‍ മുക്കട്ട നിഷാദ്, വയനാട് കൈപ്പഞ്ചേരി നൗഷാദ്, വൈദ്യനെ മൈസൂരുവില്‍ നിന്ന് തട്ടി കൊണ്ടു വന്ന സംഘത്തിലെ ചന്തക്കുന്ന് സ്വദേശി അജ്മല്‍, ഷബീബ് റഹ്മാന്‍, വണ്ടൂര്‍ പഴയ വാണിയമ്പലം ചീര ഷെഫീഖ്, ചന്തക്കുന്ന് ചാരംകുളം അബ്ദുള്‍ വാഹിദ് ,ഷൈബിന്‍ അഷ്റഫിന്‍റെ ഭാര്യ ഫസ്‌ന എന്നിവരാണ് കൊലപാതകത്തിലും തെളിവ് നശിപ്പിക്കുന്നതിലും നേരിട്ട് പങ്കെടുത്തവർ. ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്ക് സഹായം നല്‍കിയ ‍ ചന്തക്കുന്ന് സ്വദേശി സുനില്‍, വണ്ടൂര്‍ കാപ്പില്‍ മിഥുന്‍, പ്രതികള്‍ക്ക് പണവും സിം കാര്‍ഡും മൊബൈല്‍ ഫോണും സംഘടിപ്പിച്ചു കൊടുത്ത വണ്ടൂര്‍ സ്വാദേശി കൃഷ്ണ പ്രസാദ് എന്നിവരും പിടിയിലായി. കൊല്ലപ്പെട്ടയാളുടെ മൃതദേഹാവശിഷ്ടം കണ്ടെത്താനാകാത്തതിനാൽ മറ്റ് തെളിവുകൾ നിർണായകമാകും.

മൃതദേഹം വെട്ടിമുറിച്ച ശുചിമുറിയിൽ നിന്നുള്ള പൈപ്പ്, ശുചിമുറി നവീകരിക്കുന്ന സമയത്ത് നീക്കം ചെയ്ത ടൈല്‍, മണ്ണ്, സിമന്‍റ് എന്നിവയില്‍ നിന്നുമായി ലഭിച്ച രക്തക്കറ,തൊണ്ടിമുതലുകൾ , ഡിജിറ്റൽ തെളിവുകൾ എന്നിവ കേസിൽ നിര്‍ണായകമാകും.എന്നാൽ തൃശൂര്‍ ഫോറന്‍സിക് ലാബില്‍ നിന്നുള്ള ഫോറന്‍സിക് പരിശോധന ഫലങ്ങൾ പൂർണമായും ലഭിച്ചിട്ടില്ല .ഇത് വരെ ലഭിച്ച ഫലങ്ങൾ പൊലീസ് കണ്ടെത്തലുകൾ തെളിയിക്കുന്നതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മുക്കട്ട സ്വദേശി ഫാസില്‍ , ഷമീം, ഷൈബിന്‍റെ സഹായിയായിരുന്ന റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ സുന്ദരന്‍ ‍ എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്. ഇവർക്കെതിരെ അഡീഷണൽ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.



TAGS :

Next Story