ഷാബാ ശരീഫ് കൊലപാതകം: രണ്ട് പ്രതികൾ ഇപ്പോഴും ഒളിവിൽ
പ്രതികൾക്കായി അന്വേഷണ സംഘം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു
മലപ്പുറം: നാട്ടുവൈദ്യൻ ഷാബാ ഷെരീഫ് കൊലപാതക കേസിലെ രണ്ട് പ്രതികൾ ഇപ്പോഴും ഒളിവിൽ. കേസിലെ മുഖ്യപ്രതി ഷൈബിൻ അഷ്റഫിന്റെ സഹായികളായി പ്രവർത്തിച്ച നിലമ്പൂർ സ്വദേശികളായ ഫാസിൽ, ഷമീം എന്നിവരാണ് കേസന്വേഷണം തുടങ്ങി ഒരു വർഷം കഴിഞ്ഞിട്ടും ഒളിവിൽ കഴിയുന്നത്. പ്രതികൾക്കായി അന്വേഷണ സംഘം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
മൈസൂർ സ്വദേശിയായ നാട്ടുവൈദ്യൻ ഷാബാ ഷരീഫ് എന്ന 60 വയസ്സുകാരനെ നിലമ്പൂർ മുക്കട്ടയിലെ ആഡംബര വീട്ടിൽ ഒന്നര വർഷത്തോളം തടവിൽ പാർപ്പിച്ച ശേഷം കൊലപ്പെടുത്തി. ശേഷം മൃതദേഹം കഷ്ണങ്ങളാക്കി ചാലിയാർ പുഴയിൽ എറിഞ്ഞ കേസിലും, മലയാളി വ്യവസായിയെയും കൂടെയുണ്ടായിരുന്ന ചാലക്കുടി സ്വദേശിയായ യുവതിയെയും അബൂദബിയിൽ വെച്ച് കൊലപ്പെടുത്തിയ കേസിലും പ്രതികളായ രണ്ട് പേരാണ്
കേസ് അന്വേഷണം ആരംഭിച്ച് ഒരു വർഷമായിട്ടും ഒളിവിൽകഴിയുന്നത് . നിലമ്പൂർ സ്വദേശികളായ കൈപ്പഞ്ചേരി ഫാസിലും , ഷമീമുമാണ് പോലീസിന്റെ കണ്ണ് വെട്ടിച്ച് ഒളിവിലുള്ളത്. നേരത്തെ ഇവരോടൊപ്പം ഒളിവിൽ കഴിഞ്ഞിരുന്ന മൂന്ന് പേരെ പ്രത്യേകാന്വേഷണ സംഘം ഒളിത്താവളത്തിൽ നിന്ന് പിടികൂടിയിരുന്നു . അന്ന് രക്ഷപ്പെട്ടതിന് ശേഷം ഇരുവരെ കുറിച്ചും പൊലീസിന് ഒരു വിവരവും ലഭിച്ചില്ല . തുടർന്നാണ് ഇപ്പോൾ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത് . രണ്ട് പേരും മറ്റാരുടെയോ സഹായത്തിൽ ഒളിവിൽകഴിയുകയാണെന്നാണ് പോലീസ് നിഗമനം.
എല്ലാ കൊലപാതകങ്ങളുടെയും മുഖ്യ സൂത്രധാരൻ ഷൈബിൻ അഷ്‌റഫ്, നിയമോപദേശം നൽകിയത റിട്ടയേർഡ് എസ് ഐ ശ്രീധരൻ അടക്കം എട്ട് പ്രതികളെ പോലീസ് ഇതിനോടകം പിടികൂടി. ഇവരെ കൂടാതെ പ്രധാന പ്രതികളെ ഒളിവിൽ പാർപ്പിക്കാൻ സഹായിച്ചതിനും സാമ്പത്തിക സഹായം നൽകിയതിനുമായി മുഖ്യപ്രതി ഷൈബിൻ അഷ്‌റഫിന്റെ ഭാര്യ അടക്കം അഞ്ച് പേരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിദേശത്ത് വെച്ച് നടത്തിയ രണ്ട് കൊലപാതകങ്ങൾ ഇപ്പോൾ സി.ബി.ഐ. ആണ് അന്വേഷിക്കുന്നത്.
Adjust Story Font
16