ഇറച്ചിവെട്ട് യന്ത്രത്തിലെ സ്വർണക്കടത്ത്; പ്രധാന കണ്ണി ഷാബിൻ പിടിയിൽ
ഈ മാസം 23നാണ് ദുബൈയിൽ നിന്ന് കാർഗോ വിമാനത്തിലെത്തിയ രണ്ടേ കാൽ കിലോ സ്വർണം കസ്റ്റംസ് ഇൻറലിജൻസ് പിടിച്ചെടുത്തത്
കൊച്ചി: ഇറച്ചി വെട്ടുന്ന യന്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്തിയ കേസിലെ മുഖ്യ കണ്ണി ഷാബിനും ടി എ സിറാജുദ്ദീനും പിടിയിൽ. തൃക്കാക്കര നഗരസഭാ വൈസ് ചെയർമാൻ ഇബ്രാഹിം കുട്ടിയുടെ മകനും കേസിലെ പ്രധാന പ്രതിയുമായ ഷാബിന്‍ ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നു.
ഇബ്രാഹിം കുട്ടിയെ ഇന്നലെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. സ്വർണ്ണം ദുബൈയിൽ നിന്ന് കേരളത്തിലേക്ക് അയച്ച സിനിമാ നിർമ്മാതാവ് സിറാജുദ്ദീൻ കെ.പിയെ ഇന്ത്യയിൽ എത്തിക്കാനുള്ള ശ്രമവും തുടങ്ങി. കെ.പി സിറാജുദ്ദീൻ ആണ് ദുബൈയിൽ നിന്ന് സ്വർണം അയച്ചത്. ഇയാൾ സിനിമാ നിർമാതാവുമാണ്. മുന്ന് പ്രതികളും മുൻപും സ്വർണം കടത്തിയിട്ടുണ്ട്.
ഈ മാസം 23നാണ് ദുബൈയിൽ നിന്ന് കാർഗോ വിമാനത്തിലെത്തിയ രണ്ടേ കാൽ കിലോ സ്വർണം കസ്റ്റംസ് ഇൻറലിജൻസ് പിടിച്ചെടുത്തത്. തൃക്കാക്കര തുരുത്തേൽ എൻറർപ്രൈസസിൻറെ പേരിലെത്തിയ ഇറച്ചിവെട്ട് യന്ത്രം തുറന്ന് പരിശോധിക്കാൻ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ കട്ടർ ഉപയോഗിച്ച് മുറിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. രണ്ടേകാൽ കിലോയോളം വരുന്ന ചെറുതും വലുതുമായ നാല് സ്വർണക്കട്ടികൾ ഒരു കോടിക്കു മുകളിൽ വിലവരും. പാർസൽ ഏറ്റെടുക്കാൻ വാഹനവുമായി എത്തിയ തൃക്കാക്കര സ്വദേശി നകുലിനെ സംഭവത്തിൽ കസ്റ്റഡിയിൽ എടുത്തിരുന്നു.
Adjust Story Font
16