നാലോ അഞ്ചോ കെ.എസ്.യു പ്രവര്‍ത്തകരെ അന്‍പതോളം പേര്‍ മര്‍ദിച്ചു, ഇടുക്കി കോളജില്‍ എന്താണ് നടന്നതെന്ന് വ്യക്തമായിട്ടില്ല: ഷാഫി പറമ്പില്‍
പൊലീസിനെ വിളിച്ച് മര്‍ദിക്കുന്നുവെന്നും എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണമെന്നും പറഞ്ഞപ്പോള്‍ ഏതെങ്കിലും വഴിക്ക് ഓടിരക്ഷപ്പെട്ടോ എന്നാണ് പൊലീസ് അവരോട് പറഞ്ഞത്
ഇടുക്കി ഗവണ്‍മെന്‍റ് എഞ്ചിനിയറിങ് കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജ് കൊല്ലപ്പെട്ട സംഭവത്തില്‍ എന്താണ് നടന്നതെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എം.എല്‍.എ. പൊലീസും സംഭവ സ്ഥലത്തുണ്ടായിരുന്നവരും ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. നാലോ അഞ്ചോ കെ.എസ്.യു പ്രവര്‍ത്തകരെ അന്‍പതോളം പേര്‍ സംഘടിതമായി മര്‍ദിക്കുകയായിരുന്നുവെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
"എന്താണവിടെ സംഭവിച്ചതെന്ന് പൊലീസ് വേര്‍ഷന്‍ അല്ലാതെ മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. നാലോ അഞ്ചോ കെ.എസ്.യു പ്രവര്‍ത്തകര്‍ ഇലക്ഷന്‍ കൌണ്ടിങ് കഴിഞ്ഞ് അവിടെ നില്‍ക്കവേ പത്തന്‍പതിലധികം വരുന്ന ആളുകള്‍ സംഘടിതമായി മര്‍ദിച്ചു. രണ്ടു പേര്‍ കൊടിമരത്തിനു താഴെ വീണുകിടന്നു. അതിലൊരാള്‍ പൊലീസിനെ വിളിച്ച് ഞങ്ങളെ മര്‍ദിക്കുന്നുവെന്നും എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണമെന്നും പറഞ്ഞപ്പോള്‍ ഏതെങ്കിലും വഴിക്ക് ഓടിരക്ഷപ്പെട്ടോ എന്നാണ് പൊലീസ് അവരോട് പറഞ്ഞത്. എന്താണവിടെ നടന്നതെന്ന് പൊലീസും സംഭവസ്ഥലത്തുള്ളവരുമാണ് പറയേണ്ടത്. അവിടെ സംഘട്ടനവും സംഘര്‍ഷവും നടന്നിരിക്കാം. ഒരു ചെറുപ്പക്കാരന്‍ കൊല്ലപ്പെടാന്‍ പാടില്ലായിരുന്നു. രാഷ്ട്രീയത്തിന്റെ പേരിലോ മതത്തിന്റെ പേരിലോ മറ്റെന്തിന്റെയെങ്കിലും പേരിലോ ആരെങ്കിലും കൊല്ലപ്പെടുന്നതിനെ പിന്തുണക്കാനോ ന്യായീകരിക്കാനോ യൂത്ത് കോണ്‍ഗ്രസ് തയ്യാറല്ല. കൊലപാതകത്തില്‍ നിന്ന് നേട്ടമുണ്ടാക്കുന്ന സംഘടനകളുടെ പട്ടികയില്‍ യൂത്ത് കോണ്‍ഗ്രസ് വരാന്‍ ആഗ്രഹിക്കുന്നില്ല. അക്കാര്യം വ്യക്തതയോടെ പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഈ സംഭവത്തെ കോണ്‍ഗ്രസിന്‍റെ ആസൂത്രിതമായ കൊലപാതകമാണെന്ന് വരുത്തിത്തീര്‍ക്കുന്നതും അതിന്‍റെ പേരില്‍ അക്രമം നടത്തുന്നതും കണ്ടിരിക്കാനാവില്ല- ഷാഫി പറമ്പില്‍ പറഞ്ഞു.
ആസൂത്രിത കൊലപാതകം സംബന്ധിച്ച് റഹിമും കോടിയേരിയുമൊന്നും കോണ്‍ഗ്രസിന് ക്ലാസെടുക്കരുതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. ആസൂത്രിത കൊലപാതകങ്ങള്‍ എന്താണെന്ന് കേരളത്തിന് കാണിച്ചുകൊടുത്തവരാണ് സി.പി.എമ്മും ഡി.വൈ.എഫ്.ഐയും. ടി പി വധം ഇതിന്റെ ഉദാഹരണമാണ്. ശരത്‌ലാലും കൃപേഷുമടക്കം ഇതിന്റെ ഇരകളാണ്. ആസൂത്രിത കൊലപാതകത്തിന്റെ ഗോഡ്ഫാദര്‍മാരാണ് ഇവരെന്നും ഷാഫി പറമ്പില്‍ വിമര്‍ശിച്ചു.
Adjust Story Font
16