പുരോഗമനവാദവും ജെൻഡർ ന്യൂട്രാലിറ്റിയും ചിത്രത്തിൽ മതിയോ ഗോവിന്ദന്‍ മാഷേ? പരിഹാസവുമായി ഷാഫി പറമ്പില്‍
എറണാകുളത്ത് ജനകീയ പ്രതിരോധ ജാഥക്ക് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിലാണ് ഗോവിന്ദന്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റി പരാമര്‍ശത്തില്‍ പ്രതികരിച്ചത്
ഷാഫി പറമ്പില്‍/എം.വി ഗോവിന്ദന്‍
തിരുവനന്തപുരം: ജെന്‍ഡര്‍ ന്യൂട്രാലിറ്റി പരാമര്‍ശത്തില്‍ ഇ.പി ജയരാജന്‍റെ പ്രസ്താവനയെ പിന്തുണച്ച സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ പരിഹസിച്ച് ഷാഫി പറമ്പില്‍ എം.എല്‍.എ. പുരോഗമനവാദവും ജെൻഡർ ന്യൂട്രാലിറ്റിയും ചിത്രത്തിൽ മതിയോ ? വാക്കിലും പ്രവർത്തിയിലും വേണ്ടേ ഗോവിന്ദൻ മാഷേ ? എന്ന് ഷാഫി ചോദിച്ചു.
ജനകീയ പ്രതിരോധ ജാഥ പാലക്കാട് എത്തിയപ്പോള്‍ ചുവന്ന മുണ്ടും വെളുത്ത ഷര്‍ട്ടും ധരിച്ചെത്തിയ ഒരു കൂട്ടം പെണ്‍കുട്ടികളുടെ കൂടെ നിന്ന് ഗോവിന്ദന്‍ ഫോട്ടോ എടുത്തിരുന്നു. ഈ ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് ഷാഫിയുടെ ചോദ്യം.
എറണാകുളത്ത് ജനകീയ പ്രതിരോധ ജാഥക്ക് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിലാണ് ഗോവിന്ദന്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റി പരാമര്‍ശത്തില്‍ പ്രതികരിച്ചത്. 'ജയരാജന്‍റേത് സാമാന്യമര്യാദക്കുള്ള ചോദ്യമാണ്. അതിലെന്ത് പാർട്ടി നയം വന്നിരിക്കുന്നു. ആൺകുട്ടികളെ പോലെ മുടി, ആൺകുട്ടികളെ പോലെ ഡ്രസ്, ആൺകുട്ടികളെ പോലെതന്നെ എല്ലാ കാര്യങ്ങളും. അങ്ങനെ വരുമ്പോൾ സ്വാഭാവികമായും എങ്ങനെയാണ് തിരിച്ചറിയുക എന്ന ചോദ്യംചോദിക്കുക മാത്രമാണ് ജയരാജൻ ചെയ്തത്. അല്ലാതെ, അങ്ങനെ നടക്കാൻ പാടില്ലെന്ന് പറഞ്ഞിട്ടില്ല. പൊലീസിന് തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിൽ വരുന്നു എന്ന് ചൂണ്ടിക്കാണിച്ചതാണ്. അല്ലാതെ ജനങ്ങൾക്കെന്ത് ഡ്രസ് കോഡ് വന്നിരിക്കുന്നു. സ്ത്രീകൾ സ്ത്രീകളാണെന്ന് ബോധ്യപ്പെടുത്തുന്ന വസ്ത്രധാരണം വേണമെന്ന ബോധ്യം ഇപ്പോൾ നിലവിലുണ്ട്. അതാണ് പ്രശ്നം. ആ ബോധം മാറേണ്ടതുണ്ട്, അത് മാറുമ്പോൾ മാത്രമേ ശരിയാകൂ' -എം.വി ഗോവിന്ദൻ പറഞ്ഞു.
ഷാഫിയുടെ കുറിപ്പ്
"ചെറുപ്പക്കാരി പെൺകുട്ടികൾ മുടി ക്രോപ്പ് ചെയ്ത് ഷർട്ടും ജീൻസുമിട്ട് മുഖ്യമന്ത്രിക്കെതിരെ സമരത്തിനിറങ്ങുന്നു"- ഇ പി ജയരാജൻ
"ആൺകുട്ടികളെ പോലെ പെൺകുട്ടികൾ നടന്നാൽ എങ്ങനെ തിരിച്ചറിയാനാകും ?"-
എം.വി ഗോവിന്ദൻ
പുരോഗമനവാദവും ജെൻഡർ ന്യൂട്രാലിറ്റിയും ചിത്രത്തിൽ മതിയോ ? വാക്കിലും പ്രവൃത്തിയിലും വേണ്ടേ ഗോവിന്ദൻ മാഷേ ?
Adjust Story Font
16