രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിയുടെ സ്ഥാനാർഥി; സരിന്റെ പ്രതികരണം തെരഞ്ഞെടുപ്പിനെ ബാധിക്കില്ല: ഷാഫി പറമ്പിൽ
സിരകളിൽ കോൺഗ്രസ് രക്തം ഓടുന്നവർ രാഹുലിന്റെ വിജയത്തിനൊപ്പം ഉണ്ടാവണമെന്നും ഷാഫി പറഞ്ഞു.
പാലക്കാട്: യുത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് സ്ഥാനാർഥിയാക്കിയത് പാർട്ടിയാണെന്ന് ഷാഫി പറമ്പിൽ എംപി. രാഹുൽ ഒരു വ്യക്തിയുടെ സ്ഥാനാർഥിയല്ല. രാഹുലിനെ സ്ഥാനാർഥിയാക്കിയതിൽ എല്ലാവർക്കും നന്ദി അറിയിക്കുന്നു. ഈ തീരുമാനം പാലക്കാട്ടെ ജനങ്ങളും നേതൃത്വവും അംഗീകരിച്ചതാണ്. സിരകളിൽ കോൺഗ്രസ് രക്തം ഓടുന്നവർ രാഹുലിന്റെ വിജയത്തിനൊപ്പം ഉണ്ടാവണമെന്നും ഷാഫി പറഞ്ഞു.
താൻ പാർട്ടിയെക്കാൾ വലുതാവാൻ ശ്രമിച്ചിട്ടില്ല. ഷാഫിയെ വടകരക്ക് അയച്ചത് പാർട്ടിയാണ്. രാഹുൽ പാർട്ടി നോമിനിയാണ്. സരിന്റെ പ്രതികരണം തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. കേന്ദ്ര-സംസ്ഥാന സർക്കാറിനോടുള്ള വിയോജിപ്പ് രേഖപ്പെടുത്താൻ ജനം കാത്തുനിൽക്കുകയാണ്. പാലക്കാട്ട് അവതരിപ്പിക്കാൻ കഴിയുന്ന മികച്ച സ്ഥാനാർഥിയാണ് രാഹുൽ. അതിൽ തങ്ങൾക്ക് സംശയമില്ല. രാഹുൽ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കും. അനുകൂല രാഷ്ട്രീയ സാഹചര്യമില്ലാത്തപ്പോഴും പാലക്കാട് യുഡിഎഫിനെ കൈവിട്ടിട്ടില്ലെന്നും ഷാഫി പറഞ്ഞു.
2011ൽ താൻ വന്നപ്പോഴും കോലാഹലങ്ങൾ ഉണ്ടായിരുന്നു. എന്നിട്ടും പാലക്കാട് ചേർത്തു പിടിച്ചു. രാഹുലിന് നൽകുന്ന വോട്ട് പാഴാകില്ലെന്ന് ഉറപ്പ് തരാം. സരിൻ പാർട്ടി വിടുമെന്ന് കരുതുന്നില്ല. 2011ൽ താൻ വന്നപ്പോൾ ഡിസിസി ഓഫീസിന്റെ ചില്ല് തകർന്നു കിടക്കുന്നതാണ് കണ്ടത്. സരിന്റെ പ്രതികരണം വെല്ലുവിളിയാകില്ല. സരിനെതിരെ നടപടിയുണ്ടോയെന്ന് പാർട്ടി പറയുമെന്നും ഷാഫി വ്യക്തമാക്കി.
Adjust Story Font
16